ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
Share  
2025 Jun 28, 10:01 AM
mannan

കുടുംബം രേഖാമൂലം പരാതിനൽകി


പാലക്കാട്: ശ്രീകൃഷ്‌ണപുരത്ത് സ്വകാര്യ സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനി ആശിർനന്ദ ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പോലീസ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, കുട്ടിപഠിച്ച ശ്രീകൃഷ്‌ണപുരം സെയ്ന്റ് ഡൊമിനിക്സ് സ്കൂളധികൃതർ എന്നിവരിൽനിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.


തച്ചനാട്ടുകര ചോളോട്ടുള്ള ആശിർനന്ദയുടെ വീടും പഠിച്ചിരുന്ന സ്കൂ‌ളും കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്‌കുമാർ, പാലക്കാട് ജില്ലയുടെ ചുമതലയുള്ള കമ്മിഷൻ അംഗം കെ.കെ. ഷാജു എന്നിവർ സന്ദർശിച്ചു. കുട്ടിയുടെ സഹപാഠികൾക്കും സ്കൂ‌ൾ ബസിൽ ഒപ്പം യാത്രചെയ്തിരുന്ന കുട്ടികൾക്കും അധ്യാപകർക്കും തിങ്കളാഴ്‌ചമുതൽ കൗൺസലിങ് നൽകാൻ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് ചെയർമാൻ നിർദേശം നൽകി. കുട്ടികൾക്ക് സന്തോഷംനൽകുന്ന രീതിയിൽ അവരുടെ അവകാശങ്ങൾ നിലനിർത്തുന്ന അന്തരീക്ഷം സ്കൂ‌ൾ മാനേജ്‌മെൻ്റ് ഉറപ്പുവരുത്തണം. വിട്ടുവീഴ്ചയില്ലാതെ കൃത്യമായ നടപടിയെടുക്കണമെന്ന് പോലീസ് അധികൃതരോട് കമ്മിഷൻ നിർദേശിച്ചു. കമ്മിഷൻ്റെ തുടർനിരീക്ഷണവുമുണ്ടാകും.


വെള്ളിയാഴ്ച രാവിലെ 10-നാണ് ആശിർനന്ദയുടെ ചോളോട്ടുള്ള വീട്ടിൽ ബാലാവകാശ കമ്മിഷൻ എത്തിയത്. കുട്ടിയുടെ അച്ഛൻ പ്രശാന്ത്, അമ്മ സജിത, സജിതയുടെ സഹോദരൻ കണ്ണൻ, ബന്ധു രാധാകൃഷ്‌ണൻ എന്നിവരുമായി സംസാരിച്ചു. എൽകെജി മുതൽ ശ്രീകൃഷ്‌ണപുരം സെയ്ന്റ് ഡൊമിനിക്സ‌് സ്കൂളിലാണ് ആശിർനന്ദ പഠിച്ചിരുന്നത്. ഏഴാംതരത്തിനുശേഷം സ്‌കൂൾമാറ്റാൻ ആലോചിച്ചിരുന്നതാണെങ്കിലും കൂട്ടുകാരികളെ വിട്ടുപിരിയുന്നതിലുള്ള മകളുടെ വിഷമംകാരണം അവിടെത്തന്നെ തുടരുകയായിരുന്നെന്ന് രക്ഷിതാക്കൾ പറഞ്ഞു. കുട്ടിയുടെ അച്ഛൻ ബാലാവകാശ കമ്മിഷന് രേഖാമൂലം പരാതി നൽകി.


രക്ഷിതാവിൽനിന്ന് സ്‌കൂളധികൃതർ എഴുതിവാങ്ങിയ കത്തും കൂട്ടുകാരിയുടെ പുസ്ത‌കത്തിൽ കുട്ടിയെഴുതിയ ആത്മഹത്യാക്കുറിപ്പും പരിശോധിക്കണമെന്ന് ബന്ധുക്കൾ പറഞ്ഞു. ഇത് പോലീസിൻ്റെ കൈവശമാണെന്നും ഹാജരാക്കാനുള്ള നിർദേശം നൽകിയതായും കമ്മിഷൻ അറിയിച്ചു.


തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം, ബ്ലോക്ക് പഞ്ചായത്തംഗം തങ്കം മഞ്ചാടിക്കൽ, വാർഡംഗം പി.ടി. സഫിയ, പൊതുപ്രവർത്തകൻ ഹംസ എന്നിവർ കമ്മിഷനെ സന്ദർശിച്ചു. സ്കൂ‌ളിലെത്തിയ കമ്മിഷൻ ശ്രീകൃഷ്‌ണപുരം എസ്എച്ച്ഒ എസ്. അനീഷുമായി ചർച്ചനടത്തി. പഞ്ചായത്തംഗം കെ. കോയയും പരാതിനൽകി.


പോലീസ് വീട്ടുകാരുടെ മൊഴിയെടുത്തു


മണ്ണാർക്കാട് : ആശിർനന്ദയുടെ വീട്ടുകാരിൽനിന്ന് പോലീസ് മൊഴിയെടുത്തു. നാട്ടുകൽ സിഐ എ. ഹബീബുള്ളയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ടാണ് ചോളോടുള്ള വീട്ടിലെത്തി രക്ഷിതാക്കളിൽനിന്നും അടുത്ത ബന്ധുക്കളിൽനിന്നും മൊഴിയെടുത്തത്.


സ്കൂ‌ളിൽനിന്ന് വിദ്യാർഥിനിക്ക് മാനസികസമ്മർദമുണ്ടായിട്ടുണ്ടെന്നും സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള പരാതിയും വീട്ടുകാർ പോലീസിന് കൈമാറി. കഴിഞ്ഞദിവസം ആശിർനന്ദയുടെ അടുത്ത കൂട്ടുകാരികളിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. തിങ്കളാഴ്‌ച ക്ലാസിലെ എല്ലാ കുട്ടികളിൽനിന്നും വിവരങ്ങളെടുക്കുമെന്ന് സിഐ പറഞ്ഞു. അധ്യാപകരുടെയും മൊഴിയെടുക്കും. സംഭവത്തിൽ ബാലാവകാശകമ്മിഷന് റിപ്പോർട്ട് നൽകുമെന്നും പോലീസ് അറിയിച്ചു.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan