
തിരുവനന്തപുരം: രാജ്‌ഭവനിൽ നടക്കുന്ന സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികളിൽനിന്ന് ഭാരാതാംബാ ചിത്രം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകും. നിയമവകുപ്പിൻ്റെ കൂടി ഉപദേശം ലഭിച്ച സാഹചര്യത്തിലാണ് സർക്കാരിൻ്റെ എതിർപ്പ് ഗവർണറെ അറിയിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ രാജ്യം അംഗീകരിച്ച ചിഹ്നങ്ങളാണ് ഉപയോഗിക്കേണ്ടതെന്നും അല്ലാത്തവ ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. ഇക്കാര്യം ഗവർണറെ അറിയിക്കാൻ മന്ത്രിസഭ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു.
അനിവാര്യമല്ലാത്ത ഔദ്യോഗിക പരിപാടികൾ രാജ്ഭവനിൽനിന്നൊഴിവാക്കാനാകുമോ എന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.
മന്ത്രിസഭ തീരുമാനമെടുത്ത് ഔദ്യോഗിക ചടങ്ങുകളിലെ നടപടിക്രമങ്ങൾ സംബന്ധിച്ച് ഉത്തരവിറക്കണമെന്ന് പില മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അത് മന്ത്രിസഭ പരിഗണിച്ചിട്ടില്ല. എന്നാൽ മുഖ്യമന്ത്രി നൽകുന്ന കത്തിൻ്റെ അടിസ്ഥാനത്തിൽ രാജ്‌ഭവൻ നിലപാടിൽ മാറ്റംവരുത്തുമെന്ന് ഉറപ്പില്ല.
കൃഷിവകുപ്പിന്റെയും സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സിൻ്റെയും രാജ്ഭവനിൽ നടന്ന ചടങ്ങുകളിൽ ഭാരതാംബാ ചിത്രം വെച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. കൃഷിവകുപ്പിന്റെ ചടങ്ങ് മാറ്റിയതിനുപിന്നാലെ ഇക്കാര്യത്തിൽ ഗവർണറെ മന്ത്രിസഭ ഉപദേശിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് സെക്രട്ടറി ബി. അശോക് സർക്കാരിന് പ്രത്യേക കുറിപ്പ് നൽകിയിരുന്നു. അതും നിയമവകുപ്പ് പരിശോധിച്ചെങ്കിലും അത്തരത്തിൽ ഉപദേശം നൽകേണ്ടതില്ലെന്നാണ് നിയമവകുപ്പ് ചൂണ്ടിക്കാട്ടിയത്.
രാജ്ഭവനിൽ നടന്ന ചടങ്ങുകൾ മന്ത്രിമാർ ബഹിഷ്‌കരിച്ചതിൽ രാജ്‌ഭവന് ആദ്യം പ്രതിഷേധമുണ്ടായിരുന്നെങ്കിലും പിന്നീട് അയഞ്ഞിരുന്നു. മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കാൻ ആലോചിച്ചിരുന്ന ഗവർണർ അതിൽനിന്ന് പിന്നീട് പിന്തിരിയുകയായിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group