
കാസർകോട് : നഗരവികസനത്തിനുള്ള പദ്ധതിക്കായി സർവേ ജില്ലയിൽ
തുടങ്ങി. നാഷണൽ ജിയോ സ്പെഷ്യൽ നോളജ് ബേസ്ഡ് ലാൻഡ് സർവേ ഓഫ് അർബൻ ഹാബിറ്റേഷൻ (നക്ഷ) പദ്ധതിയിലൂടെ സമഗ്രമായ വികസനം നടത്താനാകും. പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വികസന രൂപരേഖകൾ തയ്യാറാക്കുന്നത്. ഇതിനായി വൻ ഡ്രോണുകളുപയോഗിച്ചാണ് നഗരത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ച് ത്രിമാന ചിത്രങ്ങൾ പകർത്തിയെടുക്കുന്നത്. കൃത്യമായ നഗരാസൂത്രണം, അടിസ്ഥാന സൗകര്യ വികസനം, നഗരഭരണം എന്നിവ കാര്യക്ഷമമാക്കുന്നതിന് 'നക്ഷ' പദ്ധതി സഹായിക്കും. ഇതിനായി നഗരത്തിലെ എല്ലാ ഭൂമിയും ഡ്രോൺ സർവേയിലൂടെയാണ് തിട്ടപ്പെടുത്തുന്നത്.
കാസർകോട് നഗരത്തിൽ 8547 ഏക്കറിലാണ് സർവേ നടത്തുന്നത്. അടിയന്തര സാഹചര്യങ്ങളിൽ അപകട സാധ്യതകൾ വിലയിരുത്താനും ആസൂത്രണത്തിനും വിഭവ വിനിയോഗത്തിനും ഉപയോഗപ്പെടുത്താവുന്നതാണ് ജിയോ നാഷണൽ ലാൻഡ് രേഖകൾ. ദുരന്തനിവാരണം നടപ്പാക്കുന്നതിന് വേഗവുമുണ്ടാകും. നഗരപരിധിയിലെ സ്വകാര്യ ഭൂമി, പൊതുസ്വത്ത്, ഒഴിഞ്ഞ സ്ഥലങ്ങൾ, റെയിൽവേ ഭൂമി, നഗരസഭയുടെ ഉടമസ്ഥതയിലെ സ്ഥലം, റോഡ്, തോട്, ഇടവഴികൾ, പൈപ്പ് ലൈൻ, വൈദ്യുതലൈൻ, ടെലിഫോൺ ലൈൻ, തുടങ്ങി സർക്കാർ, സ്വകാര്യ വസ്തുവകകൾ ഈ സർവേയിലൂടെ തിട്ടപ്പെടുത്തും.. കൃത്യമായ ഭൂരേഖകൾ തയ്യാറാക്കാൻ റവന്യൂ വകുപ്പും നഗരസഭയും പദ്ധതിയിൽ സഹകരിക്കുന്നു.
ചെറുവിമാനം പോലെ ഡ്രോൺ
'നക്ഷ' പദ്ധതിക്കുള്ള സർവേക്കുപയോഗിക്കുന്ന ഡ്രോൺ ആകാശത്തുയർന്നു കഴിഞ്ഞാൽ ചെറുവിമാനം പറക്കുന്നത് പോലുള്ള കാഴ്ചയാണ്. ലാപ്പ്ടോപ്പുമായി ബന്ധപ്പെടുത്തിയാണ് ഡ്രോൺ പ്രവർത്തനം. ലാപ്ടോപ്പിൽ ക്രമീകരിച്ചത് പ്രകാരമുള്ള ദിശയിലേക്കാണ് ഡ്രോൺ പറക്കുക. ഒരുതവണ ഉയർത്തി വിട്ടാൽ നേരത്തെ തയ്യാറാക്കിയ ഭാഗത്തേക്ക് പറന്ന് ദൃശ്യങ്ങൾ പകർത്തും. സാധാരണ ഡ്രോണുകളെക്കാളും ഉയരത്തിലും വേഗത്തിലുമാണ് ഇത് പറക്കുന്നത്. വിമാനത്തിന്റെ മാതൃകയാണ് ഡ്രോണിനുമുള്ളത്. ഉയർത്തി വിട്ട സ്ഥലത്തേക്ക് തന്നെ നിശ്ചിത സമയത്തിനുള്ളിൽ ഡ്രോൺ തിരിച്ചിറക്കാനും സാധിക്കുന്നുണ്ട്.
ഭൂമിയുടെ മാപ്പിൽ വ്യക്തത ഉറപ്പാക്കി നഗരപ്രദേശങ്ങളുടെ തെളിമയുള്ള ചിത്രങ്ങൾ പകർത്താൻ രൂപകല്പന ചെയ്ത നാദിർ ക്യാമറകളും ത്രിമാന ചിത്രങ്ങൾ പകർത്തുന്ന ഒബ്ലിക്ക് ആംഗിൾ കാമറകളുമാണ് ഇതിലുള്ളത്. കുന്നിൻപ്രദേശങ്ങൾ, തിരക്കേറിയ ഇടങ്ങൾ, മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങൾ ഉൾപ്പെടെ സർവേ ചെയ്യേണ്ടുന്നതിനാൽ ലിഡാർ സെൻസറുകളാണ് പ്രയോജനപ്പെടുത്തുന്നത്. ഡിജിറ്റലായി തത്സമയം കംപ്യൂട്ടറിലേക്ക് രേഖകൾ കൈമാറുന്നുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group