
വി.സെയ്ത് മുഹമ്മദ് തങ്ങൾ ;കോൺഗ്രസ്സ് ആദർശങ്ങൾ എന്നും മുറുകെ പിടിച്ച സാത്വികനായ കർമ്മഭടൻ: - മുല്ലപ്പള്ളി രാമചന്ദ്രൻ
മലപ്പുറം ജില്ലയിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ സൗമ്യ മുഖമായിരുന്നു ഇന്ന് നിര്യാതനായ വി.സെയ്ത് മുഹമ്മദ് തങ്ങൾ.
ഞാൻ അവിഭക്ത കോഴിക്കോട് ജില്ലാ കെ.എസ്. യു. വിൻ്റെ അദ്ധ്യക്ഷനായ കാലം തൊട്ട് തങ്ങളുമായി അടുത്ത ബന്ധമുണ്ട്. അക്കാലത്ത് മലപ്പുറത്ത് വരുമ്പോഴെല്ലാം തങ്ങളെ പോലുള്ള നല്ല സുഹൃത്തുക്കൾ എൻ്റെ കൂടെയുണ്ടാകും
കോൺഗ്രസ്സ് ആദർശങ്ങൾ എന്നും മുറുകെ പിടിച്ച സാത്വികനായ കർമ്മഭടൻ. മതേതര രാഷ്ട്രീയത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച തങ്ങൾ ഭൂരിപക്ഷ ന്യൂനപക്ഷ വർഗ്ഗീയതയെ ശക്തമായി എതിർത്തു. മതേതര തത്വങ്ങളിൽ ഒരിക്കലും വെള്ളം ചേർക്കാൻ അദ്ദേഹം തയ്യാറായില്ല.
1978 ലെ കോൺഗ്രസ്സ് പിളർപ്പിനെ തുടർന്ന്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തിയ, വെല്ലുവിളികൾ മാത്രം നിറഞ്ഞ കാലത്ത്, കാസർകോട് നിന്ന് തിരുവനന്തപുരം വരെ എൻ്റെ നേതൃത്വത്തിൽ നടത്തിയ പദയാത്ര. ശൂന്യതയിൽ നിന്ന് യൂത്ത് കോൺഗ്രസ്സിനെ പടുത്തുയർത്തേണ്ട ഭാരിച്ച ഉത്തരവാദിത്വം. പദയാത്രയിൽ എന്നോടൊപ്പം അന്ന് സഞ്ചരിച്ച രാജ്മോഹൻ ഉണ്ണിത്താൻ എം.പി., പില്ക്കാലത്ത് കെ.പി.സി.സി. ട്രഷററായ കെ.കെ. കൊച്ചുമുഹമ്മദ്, സമീപകാലത്ത് വിട പറഞ്ഞ മുൻ എം.എൽ.എ. കെ. പി. കുഞ്ഞിക്കണ്ണൻ, സി.വി. വിജയൻ, സി.കെ. ലക്ഷ്മണൻ തുടങ്ങിയവർ പദയാത്രയിലെ സ്ഥിരം അംഗങ്ങൾ. മലപ്പുറം ജില്ലയിലുടനീളം യാത്രയിൽ, ഇന്ദിരാജിക്ക് ജയ് വിളിച്ചു കൊണ്ട്, ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എം.പി. മുഹമ്മദും, ജനറൽ സെക്രട്ടറി മിതഭാഷിയായ സെയ്ത് മുഹമ്മദ് തങ്ങളും മറ്റ് ഊർജ്ജസ്വലരായ സഹപ്രവർത്തകരും.
മറക്കാൻ കഴിയാത്ത വ്യക്തിത്വമാണ് സത്യസന്ധനും നീതിമാനുമായ തങ്ങളുടെത്. പരാതിയും പരിഭവവും പറയാറില്ല. രാജ്യം നേരിടുന്ന വെല്ലുവിളികൾ കൃത്യമായി വിലയിരുത്തിയ തങ്ങൾ, തൻ്റെ വിഹ്വലതകൾ പങ്കുവെക്കാൻ സമീപ കാലം വരെ മുടങ്ങാതെ എന്നെ വിളിക്കുമായിരുന്നു. പാർട്ടിയെ കുറിച്ച് , പാർട്ടി നേരിടുന്ന വെല്ലുവിളികളെ കുറിച്ച് മനസ്സ് പങ്കു വെക്കും.
1980 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി , ഇന്ദിരാജിയുടെ നോമിനിയായി ഞാൻ നിലമ്പൂരിൽ മത്സരിച്ചപ്പോൾ ഒന്നര മാസത്തിലേറെ എന്നോടൊപ്പം തങ്ങളെ പോലുള്ള ഒട്ടേറെ ആത്മാർത്ഥതയുള്ള സഹപ്രവർത്തകർ പ്രവർത്തിക്കുകയുണ്ടായി.
യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി, തുടർന്ന് വൈ. പ്രസിഡന്റ്, 1985 ൽ ജില്ലാ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ എന്നീ പദവികൾ തങ്ങൾ വഹിച്ചിട്ടുണ്ട്.
18 വർഷം ജില്ലാ കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് സ്ഥാനം അലങ്കരിച്ച തങ്ങൾ, കെ.പി.സി.സി. നിർവ്വാഹക സമിതി അംഗവുമായിരുന്നു.
മലപ്പുറം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് എക്കാലവും ആദരപൂർവ്വം ഓർക്കാൻ കഴിയുന്ന നേതാവാണ് സെയ്ത് മുഹമ്മദ് തങ്ങൾ.
പൊന്നാനി മുനിസിപ്പാലിറ്റിയിലെ ഒരു മാതൃകാ കൗൺസിലർ ആയി മികച്ച സേവനം നടത്തിയ തങ്ങൾ, സാമൂഹ്യ , സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു.
പ്രിയപ്പെട്ട സെയ്ത് മുഹമ്മദ് തങ്ങളുടെ വേർപാട് കോൺഗ്രസ്സിന് കനത്ത നഷ്ടമാണ്. ചിരകാല സ്നേഹിതൻ്റെ സ്മരണകൾക്ക് മുന്നിൽ ആദരം അർപ്പിക്കുന്നു.
- മുല്ലപ്പള്ളി രാമചന്ദ്രൻ



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group