
അഞ്ച് പ്രാഥമിക പ്രതികരണസേനയും രൂപവത്കരിച്ചു
കണ്ണൂർ : വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാ വകുപ്പുകൾക്കും കൈമാറാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി വനംവകുപ്പിൻ്റെ അടിയന്തര സേവനവിഭാഗവും ജില്ലാ എമർജൻസി ഓപ്പറേഷൻ സെൻ്ററും യോജിച്ച് പ്രവർത്തിക്കും. കളക്ടർ അരുൺ കെ.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണസമിതി അവലോകന യോഗത്തിൻ്റേതാണ് തീരുമാനം.
പ്രാഥമിക പ്രവർത്തനങ്ങൾക്കായി ജില്ലയിൽ 28 ജനജാഗ്രതാസമിതികൾ പുനഃസംഘടിപ്പിച്ചതായും കൊട്ടിയൂർ, കേളകം, അയ്യങ്കുന്ന്, പയ്യാവൂർ, ആറളം എന്നിവിടങ്ങളിൽ പ്രാഥമിക പ്രതികരണസേന രൂപവത്കരിച്ചതായും വിഷയം അവതരിപ്പിച്ച ഡിഎഫ്ഒ എസ്.വൈശാഖ് അറിയിച്ചു.
പ്രാഥമിക പ്രതികരണസേനയിലെ അംഗങ്ങൾക്ക് വനംവകുപ്പ് പരിശീലനം നൽകും. ജനജാഗ്രതാസമിതികൾ മൂന്നുമാസം കൂടുമ്പോൾ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം. കണ്ണൂർ നഗരത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ യോഗത്തിൽ നിർദേശമുയർന്നു. പാമ്പുകളെ പിടിക്കാനായി 84 സന്നദ്ധപ്രവർത്തകർക്ക് വനംവകുപ്പ് പരിശീലനം നൽകിയതായി ഡിഎഫ്ഒ അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ പാമ്പുകടിയേൽക്കാതിരിക്കാനായി ബൂട്ടും കൈയുറകളും ഉപയോഗിക്കുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ ഉറപ്പുവരുത്തണം.
കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ നടപടി വേണം
കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾ അടിയന്തര നടപടിയെടുക്കണമെന്ന് യോഗത്തിൽ കളക്ടർ നിർദേശിച്ചു. ഇതിനായി ലൈസൻസുള്ള തോക്ക് കൈവശമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി വനം വകുപ്പിൽ അറിയിക്കണം. വനത്തോട് ചേർന്നുള്ള മേഖലകളിൽ കൃഷിരീതികൾക്ക് മാറ്റം വരുത്താനായി കർഷകർക്ക് കൃഷി വിജ്ഞാൻകേന്ദ്രയുടെ സഹായത്തോടെ ജൂലായ് ആദ്യവാരം ക്ലാസുകൾ നടത്താൻ കൃഷിവകുപ്പിന് നിർദേശം നൽകി,
കളക്ടർ അരുൺ കെ.വിജയൻ, ഡിഎഫ്ഒ എസ്.വൈശാഖ്, അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയക്ട്ടർ വിഷ്ണു എസ്.നായർ, ആറളം വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ.സി.സച്ചിൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group