ആഫ്രിക്കൻ ഒച്ചുശല്യം രൂക്ഷം

ആഫ്രിക്കൻ ഒച്ചുശല്യം രൂക്ഷം
ആഫ്രിക്കൻ ഒച്ചുശല്യം രൂക്ഷം
Share  
2025 Jun 25, 06:19 AM
mannanv 1

ചാരുംമൂട് ചുനക്കര പഞ്ചായത്തിലെ കരിമുളയ്ക്കൽ എട്ട്, ഒൻപത് വാർഡുകളിലും താമരക്കുളം പഞ്ചായത്തിലെ കണ്ണനാകുഴി മൂന്നാം വാർഡിലും നൂറനാട് പഞ്ചായത്തിലെ പുലിമേൽ തെക്ക് വാർഡിലും ആഫ്രിക്കൻ ഒച്ചുകളുടെ(ജയന്റ്റ് ആഫ്രിക്കൻ സ്നേൽ) ശല്യം രൂക്ഷം. നൂറനാട് ചുനക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബണ്ട് റോഡിലും ഒച്ചുകളെ കൂട്ടമായി കാണാം. ജൈവാവശിഷ്ട‌ങ്ങൾ കൂട്ടിയിടാതിരിക്കുകയും കാടുകയറിക്കിടക്കുന്ന പറമ്പുകൾ വൃത്തിയാക്കുകയുമാണ് ഇവ വ്യാപിക്കാതിരിക്കാനുള്ള മാർഗം, കരിമുളയ്ക്കലിൽ കെപി റോഡിനു തെക്കുഭാഗത്താണ് ഒച്ചുകളുടെ ശല്യമുള്ളത്. പെരുവേലിച്ചാൽ പുഞ്ചയിൽനിന്നാണ് പുലിമേൽ ഭാഗത്ത് ഒച്ച് എത്തിയതെന്നു കരുതുന്നു.


രാത്രിയിൽ കൂട്ടമായി പുറത്തിറങ്ങുന്ന ഒച്ചുകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. പച്ചക്കറികളും ഇടവിളക്കൃഷികളും വാഴകളുമാണ് കൂടുതലും നശിപ്പിക്കുന്നത്. ഇതോടൊപ്പം വീടുകൾക്കുള്ളിലേക്കും കിണറുകളിലേക്കും മതിലുകളിലും ഇവയുടെ ശല്യം കൂടി. കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി ഒച്ചുകളുടെ ശല്യം തുടരുന്നുവെങ്കിലും പരിഹാരമുണ്ടായിട്ടില്ല.


പകൽ കരിയിലകളുടെ അടിയിലും മറ്റും കഴിയുന്നതിനാൽ ഒച്ചുകളെ കണ്ടെത്താൻ പ്രയാസമാണ്. മഴപെയ്‌തശേഷം ഭൂമിയിൽ ഉണ്ടാകുന്ന ഈർപ്പത്തിൽ ഒച്ചുകൾ മുട്ടയിട്ട് പെരുകുന്നു. ഒരു ഒച്ച് 500 മുതൽ 1,000 വരെ മുട്ടകളാണ് ഒരുസമയം ഇടുന്നത്. വളരെയധികം വ്യാപനശേഷിയുള്ള ഇവയ്ക്ക് പ്രതികൂല കാലാവസ്ഥയിൽപോലും മൂന്നു വർഷംവരെ സുരക്ഷിതരായി തോടുകൾക്കുള്ളിൽ കഴിയാൻ സാധിക്കുന്നു. ഒച്ചുകളിൽ മെനിഞ്ചൈറ്റിസ് എ രോഗത്തിനു കാരണമാകുന്ന പരാദവിര ഉള്ളതിനാൽ നശിപ്പിക്കാനായി ശേഖരിക്കുമ്പോൾ സൂക്ഷിക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു.


ഒച്ചുകളെ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ


നനവുള്ളതും ജൈവാംശം കൂടുതലുള്ളതും തണലുള്ളതുമായ സ്ഥലത്താണ് ഇവ കൂട്ടത്തോടെ ഉണ്ടാകുന്നത്. കുറ്റിച്ചെടികളും കാടുകളും വെട്ടിനശിപ്പിച്ച് സൂര്യപ്രകാശം കടന്നുവരത്തക്ക ക്രമീകരണം നടത്തുക.


ഒച്ചുകളെ നശിപ്പിക്കുതിനായി ശേഖരിക്കുമ്പോൾ ഗ്ലൗസ് അല്ലെങ്കിൽ മറ്റു സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കണം.


സന്ധ്യാസമയങ്ങളിലാണ് ഒച്ചുകൾ പുറത്തു വരുന്നത്. ഇവയെ ശേഖരിച്ച് 10 മുതൽ 25 ശതമാനം വരെ ഉപ്പുവെള്ളത്തിൽ (100- 250 ഗ്രാം/ഒരു ലിറ്റർ വെള്ളത്തിൽ) ഇട്ടോ, അഞ്ചു ശതമാനം വീര്യമുള്ള (50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) തുരിശ് ലായനിയിലോ ഇട്ടോ നശിപ്പിക്കാം.


500 ഗ്രാം ഗോതമ്പ്, 200 ഗ്രാം ശർക്കര, 25 ഗ്രാം തുരിശ്, കുറച്ച് ഈസ്റ്റ് എന്നിവ വെള്ളം ചേർത്ത് കുഴമ്പു പരുവത്തിലാക്കി ഒരു ദിവസം വെച്ചശേഷം ചെടിച്ചട്ടിയിലോ, ഒരടി കുഴിയിലോ ഒഴിച്ച് ഇവയെ കുടുക്കിയാൽ നശിച്ചുപോകും.


പുകയിലപ്പൊടി, ബ്ലീച്ചിംഗ് പൗഡർ, ബോറാക്‌സ് പൗഡർ, തുരിശുപൊടി തുടങ്ങിയവ വിതറിയും ഒച്ചുകളെ അകറ്റാം.


പപ്പായ ഇല, തണ്ട്, കാബേജ് ഇല, മുരിങ്ങ ഇല, മറ്റു പച്ചക്കറി അവശിഷ്ട‌ങ്ങൾ എന്നിവയിലേതെങ്കിലും നനഞ്ഞ ചണച്ചാക്കിലാക്കി ഒരുദിവസം വെച്ച് പുളിപ്പിച്ച് അതിലേക്ക് ആകർഷിക്കുന്ന ഒച്ചുകളെ അതിരാവിലെ ശേഖരിച്ച് ഉപ്പുവെള്ളമോ തുരിശുലായനിയോ ഉപയോഗിച്ച് നശിപ്പിക്കാം.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2