
പ്രിയ സ്നേഹിതൻ ഭാസ്ക്കരൻ മാസ്റ്റർ ,
അങ്ങയുടെ വേർപാട് താങ്ങാൻ കഴിയാത്ത
ദു:ഖമാണ് സൃഷ്ടിച്ചത്.
ദീപ്തമായ ഓർമ്മകളോടെ
:മുല്ലപ്പള്ളി രാമചന്ദ്രൻ
അറുപതുകളുടെ ഉത്തരാർദ്ധം മുതൽ എൻ്റെ ആത്മ സുഹൃത്തായ വി.കെ. ഭാസ്ക്കരൻ മാസ്റ്റരുടെ വേർപാട് മനസ്സിലുണ്ടാക്കിയ ദുഃഖം പറഞ്ഞറിയിക്കാൻ വയ്യ.
വി.കെ. ഭാസ്കരൻ മാസ്റ്റർ, പി.കെ. രവീന്ദ്രൻ മാസ്റ്റർ. ഇവർ രണ്ടുപേരും എൻ്റെ സൗഹൃദ വലയത്തിലെ ശക്തമായ കണ്ണികൾ. കഴിഞ്ഞ വെള്ളിയാഴ്ച രവീന്ദ്രൻ മാസ്റ്റരുടെ വിളി വന്നു. നാളെ കാലത്ത് ഭാസ്ക്കരൻ മാസ്റ്റരും ഞാനും ചോമ്പാലിലെ വീട്ടിലെത്തും. ഞാൻ നിരുത്സാഹപ്പെടുത്തിയത് ഭാസ്കരൻ മാസ്റ്റർ തീർത്തും അവശനും ഏറെക്കുറെ ശയ്യാവലംബിയും ആയത് കൊണ്ടാണ്.

കോൺഗ്രസ്സ് വേദികളിൽ നിറഞ്ഞു നിന്ന് ഭാസ്കരൻ മാസ്റ്റർ നടത്തിയ ഗൗരവമേറിയ രാഷ്ട്രീയ പ്രസംഗങ്ങൾ മറക്കാൻ കഴിയില്ല. 1969 ലെയും 1978 ലെയും കോൺഗ്രസ്സ് ധ്രുവീകരണ കാലത്ത് ഞങ്ങൾ ഇന്ദിരാ ഗാന്ധിയുടെ കൂടെ ഉറച്ചു നിന്നു. എൻ. രാമകൃഷ്ണൻ കോൺഗ്രസ്സിനെ നയിച്ച സമ രതീക്ഷ്ണമായ കാലത്ത് കണ്ണൂർ ജില്ലയിൽ പലയിടങ്ങളിലും ഭാസ്ക്കരൻ മാസ്റ്റരും സന്തത സഹചാരിയായ രവീന്ദ്രൻ മാസ്റ്ററും എത്രയെത്ര പ്രോജ്വലമായ പ്രസംഗങ്ങളാണ് നടത്തിയത്.
വിദ്യാർത്ഥിയായ കാലത്ത് തന്നെ നിരവധി കൊച്ചു കവിതകൾ ഭാസ്ക്കരൻ മാസ്റ്റർ എഴുതി. പല കവിതകളും ഒട്ടേറെ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
ശ്രീ നാരായണ ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച കാവ്യം , പ്രകാശാനന്ദ സ്വാമികൾ ഡോ. ഫസൽ ഗഫൂറിന്ന് നല്കി കൊണ്ടാണ് പ്രകാശനം നടത്തിയത്. വലിയ സ്വീകാര്യതയാണ് പുസ്തകത്തിന് ലഭിച്ചത്.
മുഹമ്മദ് മഹാനായ പ്രവാചകൻ എന്ന ജീവചരിത്ര കാവ്യം പ്രഗത്ഭമതികളുടെ അംഗീകാരം പിടിച്ചു പറ്റി. പ്രിയ സ്നേഹിതൻ അബ്ദു സമദ് സമദാനി എം.പി.യാണ് പുസ്തകം പുറത്തിറക്കിയത്.
ഭാസ്ക്കരൻ മാസ്റ്റർ എഴുതിയ 'യേശുദേവൻ' എന്ന ഗ്രന്ഥം തലശ്ശേരി ബിഷപ്പ് ഹൗസിൽ വെച്ചു ബിഷപ്പ് ജോർജ്ജ് ഞെരളക്കാട് പ്രകാശനം ചെയ്തു.
അക്ഷരങ്ങളെ സ്നേഹിച്ച ഭാസക്കരൻ മാസ്റ്റർ തൻ്റെ രചനകളുമായി എന്നെ കാണാനെത്തുമായിരുന്നു. കൂടെ രവീന്ദ്രൻ മാസ്റ്ററും വരും. തൻ്റെ കവിതാ സമാഹാരങ്ങളുമായി.
ഇയ്യിടെയാണ് വാത്മീകി രാമായണം കാവ്യരൂപത്തിലെഴുതിയത് അനുഗൃഹീത കഥാകൃത്ത് ടി. പത്മനാഭൻ പ്രകാശനം ചെയ്തത്. പ്രൊ: കൽപ്പറ്റ നാരായണനെ പോലുള്ള ഒട്ടേറെ പ്രശസ്തർ പങ്കെടുത്ത പ്രൗഢമായ ചടങ്ങ്.
ഭാസ്ക്കരൻ മാസ്റ്റർ കലശലായ ശ്വാസ തടസ്സത്തെ തുടർന്ന് വീട്ടിൽ തന്നെയാണെന്ന് അറിഞ്ഞ് ഞാനും ഭാര്യയും മകളും കാണാൻ എത്തി. ഞങ്ങൾ വന്നെന്നറിഞ്ഞ് അദ്ദേഹത്തിനുണ്ടായ അഹ്ലാദം അളവറ്റതായിരുന്നു.

എഴുന്നേല്ക്കണമെന്ന് അദ്ദേഹം വാശി പിടിച്ചു. താങ്ങിപ്പിടിച്ച് സോഫയിൽ ഇരുത്തിയ ശേഷം, വിഷമിച്ചു കൊണ്ട് നിർത്താതെ സംസാരം. എല്ലാം കഴിഞ്ഞ കാലത്തെ കുറിച്ച്, പ്രകാശനം ചെയ്യാൻ പോകുന്ന ആദ്ധ്യാത്മ രാമായണം കാവ്യ രചനയുടെ പ്രകാശനത്തെ കുറിച്ച്.

ഒരുപാട് എഴുതാനും ഇനിയും ഒരുപാട് പ്രസംഗങ്ങൾ നടത്താനും കൊതിച്ച , പ്രിയ സ്നേഹിതൻ ഭാസ്ക്കരൻ മാസ്റ്റർ , അങ്ങയുടെ വേർപാട് താങ്ങാൻ കഴിയാത്ത ദു:ഖമാണ് സൃഷ്ടിച്ചത്.
ദീപ്തമായ ഓർമ്മകളോടെ.
- മുല്ലപ്പള്ളി രാമചന്ദ്രൻ


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group