
ഫോർട്ട്കൊച്ചി : നാട്ടിൽ വലിയ വികസനമുണ്ടാകുന്നുണ്ടെങ്കിലും നാട്ടുകാരുടെ മനോഭാവം മാറാത്തത് പ്രശ്‌നമാകുകയാണെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. ഫോർട്ട്കൊച്ചി സെൻട്രൽ കൽവത്തി സ്കൂളിനുവേണ്ടി നിർമിച്ച പുതിയ കെട്ടിടം, കോഞ്ചേരി പാലം, കൽവത്തി സ്‌മാർട്ട് റോഡ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരും കോർപ്പറേഷനും ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്. കോടികളുടെ വികസനമുണ്ടാകുന്നുണ്ട്. എന്നാൽ മാലിന്യം റോഡിലേക്ക് വലിച്ചെറിയുന്ന രീതിയിൽ മാറ്റമുണ്ടാകുന്നില്ല. ഓരോ വ്യക്തിയും സഹകരിച്ചാൽ മാത്രമേ നാട് വൃത്തിയാകൂ. മാലിന്യം വലിച്ചെറിയുന്നവർ സമൂഹദ്രോഹികളാണ്. ശുചിത്വമില്ലെങ്കിൽ എത്ര കോടികൾ വികസനത്തിനായി ചെലവിട്ടിട്ടും കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കേരളം വലിയൊരു നഗരമായി മാറുകയാണ്. പഞ്ചായത്തുകളിൽ പോലും വലിയ വികസനമുണ്ടാകുന്നു. ബ്രഹ്മപുരത്തെ മാലിന്യമല മാറി, ഇപ്പോൾ അവിടെ പൂക്കൾ വിരിയുകയാണെന്നും മന്ത്രി പറഞ്ഞു. ഇതിനനുസരിച്ച് നാട് വൃത്തിയായി സൂക്ഷിക്കാനും കഴിയണം. ചടങ്ങിൽ മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സ്‌മാർട്ട് സിറ്റി പദ്ധതി കോർപ്പറേഷന്റെ കൂടി പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. അത് കേന്ദ്ര സർക്കാരിന്റെ ദാനമല്ല. സംസ്ഥാന സർക്കാരും കോർപ്പറേഷനും ഇതിനായി ഫണ്ട് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈബി ഈഡൻ എംപി, കെ.ജെ. മാക്സി എംഎൽഎ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ടി.കെ. അഷറഫ്, വി.എ. ശ്രീജിത്ത്, സി.ഡി. വത്സലകുമാരി, സീന, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, സിഎസ്എംഎൽ സിഇഒ ഷാജി വി. നായർ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group