
തിരുവനന്തപുരം: കാലവർഷം ശക്തിയായതോടെ കൂടുതൽ മുന്നൊരുക്കവുമായി സർക്കാർ. 5,29,539 പേരെ താമസിപ്പിക്കാവുന്ന 3,950 ക്യാമ്പുകൾ തുറക്കും. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾക്ക് പണവും അനുവദിച്ചു.
റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ജൂൺ രണ്ടുവരെ അവധിയെടുക്കരുതെന്നും അടിയന്തരസാഹചര്യത്തിൽ അല്ലാതെ അവധിയെടുത്തവർ തിരികെ എത്തണമെന്നും നിർദേശം നൽകി. ദേശീയപാതയിൽ വിള്ളൽകണ്ട സാഹചര്യത്തിൽ വീണ്ടും അപകടമുണ്ടായാൽ വാഹനങ്ങൾ വഴിതിരിച്ചുവിടാനുള്ള ബദൽമാർഗങ്ങളും ഉറപ്പാക്കും,
കളക്ടർമാരുമായി മന്ത്രി കെ. രാജൻ നടത്തിയ യോഗത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതുൾപ്പെടെയുള്ള തീരുമാനം. പകർച്ചവ്യാധി ഭീഷണിയുള്ളതിനാൽ ക്യാമ്പുകളിൽ ക്വാറൻ്റെൻ സൗകര്യം ഒരുക്കും. വളർത്തുമൃഗങ്ങളെ ക്യാമ്പിനടുത്ത് പാർപ്പിക്കാനുള്ള സൗകര്യവും ഒരുക്കും. നിലവിൽ രണ്ടു ക്യാമ്പുകൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു.
ദുരന്തനിവാരണ വകുപ്പിനുകീഴിൽ പഞ്ചായത്തുകൾക്ക് ഒരുലക്ഷം, മുനിസിപ്പാലിറ്റികൾക്ക് മൂന്നുലക്ഷം, കോർപ്പറേഷനുകൾക്ക് അഞ്ച് ലക്ഷംരൂപ വിതവും കളക്‌ടർമാർക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഒരു കോടിയും അനുവദിച്ചു. 25 ലക്ഷം രൂപ വരെ ഉടൻ ഉപയോഗിക്കാനും അനുമതി നൽകി. ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ട് സംഘം തൃശ്ശൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ജൂൺ ആദ്യം ഏഴു സംഘങ്ങൾ കൂടിയെത്തും. ഇൻഡോ ടിബറ്റൻ ബറ്റാലിയൻ ഫോഴ്സ്, സിആർപിഎഫ് തുടങ്ങിയവയുടെ സഹായവും ലഭ്യമാക്കും.
സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ കൈമാറിയാൽ നടപടിയെടുക്കും. കളക്‌ടർമാരുടെ ഫെയ്‌സ് ബുക്ക് പേജുകളിലൂടെയോ. ഫോണിലൂടെയോ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൈമാറും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽനിന്ന് കൃത്യമായ മുന്നറിയിപ്പുകൾ ലഭിക്കും.
മഴയിൽ മൂന്ന് മരണം
കനത്തമഴയിൽ കിണർ കുഴിക്കുന്നതിനിടെ മാഹിക്കടുത്ത് അഴിയൂരിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. കരിയാട് പടന്നക്കര സ്വദേശി മുക്കാളിക്കര രജീഷ് (48) ആണ് മരിച്ചത്.
കൊടുങ്ങല്ലൂർ കോട്ടപ്പുറം പുഴയിൽ കാറ്റിലും മഴയിലും വഞ്ചി മുങ്ങി മണൽവാരൽ തൊഴിലാളിയായ മേത്തല പടന്ന മരപ്പാലം പാലക്കപറമ്പിൽ സന്തോഷ് (38) മരിച്ചു. ഒപ്പമുണ്ടായിരുന്ന എറിയാട് മഞ്ഞളിപ്പള്ളി ഓട്ടറാട്ട് പ്രദീപിനെ(55) കാണാതായി.
കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത 66 നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഝാർഖണ്ഡ് സ്വദേശി ബ്യാസ് ഒറോൺ (34) മരിച്ചു.
കണ്ണൂർ പിലാത്തറയിൽ നിർമാണം നടക്കുന്ന ദേശീയപാതയിൽ ടാർ ചെയ്‌ത ഭാഗത്ത് വ്യാപകമായി വിള്ളൽ പ്രത്യക്ഷപ്പെട്ടു. പിലാത്തറ അടിപ്പാതയ്ക്കും പിരക്കാംതടം മേൽപ്പാലത്തിനും ഇടയിലുള്ള ഭാഗത്താണ് റോഡിൽ 200 മീറ്ററിലധികം നീളത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത്.
125 വീടുകൾ തകർന്നു; 31 കോടിയുടെ കൃഷിനാശം
മഴയിൽ സംസ്ഥാനത് 125 വീടുകൾ തകർന്നു. മൂന്നെണ്ണം പൂർണമായും ബാക്കി ഭാഗികവുമായാണ് തകർന്നത്. 31.37 കോടിയോളം രൂപയുടെ കൃഷിനാശമുണ്ടായതാണ് കണക്ക്. കെഎസ്ഇബിക്ക് 27കോടിയുടെ നഷ്ടം
കാറ്റിലും മഴയിലും കെഎസ്ഇബിയുടെ 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. ഏകദേശം 26.89 കോടിരൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group