
കാട്ടിക്കുളം ആർഎസ്.എസ് അജൻഡയിൽ സാമ്പത്തിക ഉപരോധം തീർത്ത് കേന്ദ്രസർക്കാർ കേരളത്തെ അവഗണിക്കുകയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സിപിഎം ജില്ലാകമ്മിറ്റി നടത്തുന്ന വയനാട് മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാസെക്രട്ടറിയും ജാഥാക്യാപ്റ്റനുമായ കെ. റഫീഖിന് പതാക കൈമാറിയാണ് വയനാട് മാർച്ച് ഉദ്ഘാടനം ചെയ്‌തത്.
കേന്ദ്രം കടുത്ത അവഗണന തുടരുമ്പോൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നതിനുപകരം രാഷ്ട്രീയമുതലെടുപ്പിനായി നാടിനെ വഞ്ചിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. മുണ്ടക്കെ ദുരന്തബാധിരോടുപോലും കരുണയില്ലാതെ പകപോക്കുന്ന കേന്ദ്രസർക്കാരിന്റെ ക്രൂരതയെ മറികടന്ന് എൽഡിഎഫ് സർക്കാർ നാടിനെ കരുതലോടെ നയിക്കുകയാണ്.
പ്രളയകാലത്ത് കേരളത്തിലേക്ക് ലോകരാജ്യങ്ങളിൽനിന്നുള്ള കോടികളുടെ സഹായം മുടക്കിയ കേന്ദ്രം മുണ്ടക്കൈ ദുരന്തത്തിലും സഹായമില്ലാതാക്കുന്നത് ആവർത്തിക്കുകയാണ്.
ഗുജറാത്തുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് സഹായങ്ങളെല്ലാം ഉറപ്പാക്കുമ്പോഴാണ് കേരളത്തോട് വിവേചനം പുലർത്തുന്നത്. ദുരന്തബാധിതർക്ക് ടൗൺഷിപ്പടക്കം സമഗ്രപുനരധിവാസം യാഥാർഥ്യമാക്കി ലോകമാതൃക സൃഷ്‌ടിച്ചാണ് എൽഡിഎഫ് സർക്കാർ മറുപടി പറയുന്നത്. കേരളത്തെ എങ്ങനെയെല്ലാം തകർക്കാമെന്ന പദ്ധതികൾക്കുമുകളിൽ ബദലുകൾ ഉയർത്തിയാണ് നവകേരളം യാഥാർഥ്യത്തിലേക്ക് കുതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടി ഏരിയാകമ്മിറ്റിയംഗം പി.വി. ബാലകൃഷ്‌ണൻ അധ്യക്ഷതവഹിച്ചു. സംസ്ഥാനകമ്മിറ്റിയംഗം സി.കെ. ശശീന്ദ്രൻ, കാട്ടിക്കുളം ലോക്കൽ കമ്മിറ്റിയംഗം സി.കെ. ശങ്കരൻ, ജാഥാ വൈസ് ക്യാപ്റ്റൻ ബീനാ വിജയൻ, മാനേജർ പി.കെ. സുരേഷ്, ജില്ലാസെക്രട്ടേറിയറ്റംഗങ്ങളായ പി. ഗഗാറിൻ, പി.വി. സഹദേവൻ, എ.എൻ. പ്രഭാകരൻ, വി.വി. ബേബി, രുക്‌മിണി സുബ്രഹ്മണ്യൻ, എം. മധു, മാനന്തവാടി ഏരിയാസെക്രട്ടിറി പി.ടി. ബിജു, ജില്ലാകമ്മിറ്റിയംഗങ്ങളായ ടി.കെ. പുഷ്‌പൻ, കെ. സുഗതൻ, വി. ഹാരിസ്, ജോബിസൺ ജെയിംസ്, സി. യൂസഫ്. പി.കെ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 27-ന് മാർച്ച് സമാപിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group