
പ്രിയ സത്യൻ്റെ ഓർമ്മയ്ക്ക് മുമ്പിൽ സ്നേഹപൂർവം - മുല്ലപ്പള്ളി രാമചന്ദ്രൻ
സി.കെ. സത്യനാഥൻ മാസ്റ്റരുടെ നിര്യാണത്തോടെ കരുത്തനായ കോൺഗ്രസ് നേതാവിനെയാണ് വടകരക്ക് നഷ്ടമായത്.
വിദ്യാർത്ഥിയായ കാലം തൊട്ട് എൻ്റെ വിശ്വസ്തനായ സഹപ്രവർത്തകനും കോൺഗ്രസ്സിൻ്റെ ആശയാദർശങ്ങളുമായി മുന്നോട്ടു പോയ ധീരനായ പോരാളിയുമായിരുന്നു.
മടപ്പള്ളി കോളെജിൽ കെ.എസ്സ്. യു. പ്രസ്ഥാനം കെട്ടിപ്പടുത്ത ആദ്യകാല പ്രവർത്തകന്മാരിൽ മറക്കാൻ കഴിയാത്ത വ്യക്തിത്വം. കലാ കായിക രംഗത്തും നിറഞ്ഞു നിന്ന സത്യൻ വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു.
പൊതു മരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥനാകുന്നത് വരെ ഒരു മികച്ച അദ്ധ്യാപകൻ എന്ന പ്രശസ്തിയും അദ്ദേഹത്തിനുണ്ടായിരുന്നു.
മടപ്പള്ളി ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ അദ്ദേഹത്തിൻ്റെ തറവാടുമായും സഹോദരന്മാരുമായും ഉറ്റ ബന്ധം.
ഒഞ്ചിയം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം ആത്മാർത്ഥമായ പ്രവർത്തനം കാഴ്ചവെച്ചു. രാഷ്ട്രീയത്തിൽ എന്നും ഉറച്ച നിലപാടുണ്ടായിരുന്നു. ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് വളരെ കൃത്യതയോടെ അദ്ദേഹം നടത്തിയ വിലയിരുത്തലുകൾ എത്ര മാത്രം ശരിയായിരുന്നു.
ഒഞ്ചിയത്തെ പഴയ കാല കോൺഗ്രസ് നേതാക്കളായ നാണു കുറുപ്പിനോടും കെ.ടി. കെ. കുമാരനോടും ഒപ്പം ഞാൻ സ്ഥലത്തുണ്ടെന്നറിഞ്ഞാൽ വൈകുന്നേരങ്ങളിൽ എൻ്റെ വീട്ടിൽ വരാറുണ്ടായിരുന്നു സത്യൻ. രാത്രി ഏറെ വൈകി വീട്ടിലേക്ക് നടന്നു പോകുന്ന ആ പഴയ കാല ഓർമ്മ മറക്കാൻ ആവില്ല.
അരോഗ ദൃഢഗാത്രനായ സത്യൻ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഇയ്യിടെ വീട്ടിൽ തന്നെയായിരുന്നു. ഇടക്കിടെ ഞാൻ കാണാൻ പോകും. അവസാനം പോയപ്പോൾ തീർത്തും അവശനായി കിടക്കുകയായിരുന്നു. എത്രനേരം സംസാരിച്ചാലും മതിവരാത്ത സത്യന് അത് കഴിയാതെ പോയതിലുള്ള ദുഃഖം അദ്ദേഹത്തിൻ്റെ കണ്ണുകളിൽ ദൃശ്യമായിരുന്നു.
ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നറിഞ്ഞ് ഓടിയെത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്നു. ഭാര്യയെയും മകനെയും ആശ്വസിപ്പിച്ചു മടങ്ങി.
സത്യൻ മാസ്റ്റർ വിട വാങ്ങി എന്ന് വിശ്വസിക്കാനവുന്നില്ല.
എൻ്റെ പ്രിയ സ്നേഹിതൻ്റെ ഓർമ്മയ്ക്ക് മുമ്പിൽ സ്നേഹപൂർവം.
- മുല്ലപ്പള്ളി രാമചന്ദ്രൻ


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group