
ശ്രീകൃഷ്ണപുരം: പൊതുപ്രവർത്തനം ഒരു തൊഴിലെന്ന രീതിയിൽ ഇപ്പോൾ
വ്യാപിക്കുന്നുവെന്നും നേതൃസ്ഥാനത്തെത്തുമ്പോൾ പലരും പ്രസ്ഥാനത്തെ മറക്കുന്നുവെന്നും മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. 'ഞാൻ' എന്ന ഭാവം രാഷ്ട്രീയത്തിൽ അവമതിപ്പ് ഉണ്ടാക്കുന്നുണ്ട്. ഒരു രാജ്യത്തിന്റെ നിലനിൽപ്പ് ഭരണഘടനയാണ്. ജനാധിപത്യമെന്നത് ജനങ്ങളുടെ ആഗ്രഹങ്ങളുടെയും അഭിലാഷങ്ങളുടെയും പ്രധാന ഭാഗമാണ്. എന്നാൽ പരിഹാസ്യമാകുന്ന രീതിയിലാണ് ഇന്ന് അതെത്തിനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ശ്രീകൃഷ്ണപുരം സാഹിത്യോത്സവത്തിൽ ദേശീയത, സാഹിത്യം, രാഷ്ട്രീയം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ. രാജ്യത്ത് ഫാസിസം രാഷ്ട്രീയ അടിത്തറയേക്കാൾ സാംസ്‌കാരിക അടിത്തറ ശക്തിപ്പെടുത്തുന്നുവെന്നും മഹാഭൂരിപക്ഷവും ഇതിനൊപ്പമല്ലെന്നും മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എൻ.എ. ഖാദർ അഭിപ്രായപ്പെട്ടു. ഹിന്ദുവും ഹിന്ദുത്വവും ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്‌ണപുരം മോഹൻദാസ് മോഡറേറ്ററായി.
സാഹിത്യോത്സവത്തിൻ്റെ രണ്ടാം ദിവസം രണ്ട് വേദികളിലായി ഇന്നിൻ്റെ മലയാള നോവൽ, പെരുമകളുടെ പാലക്കാട്, വായനയുടെ രാഷ്ട്രീയം, മരുമകളെ നിലയ്ക്കു നിർത്തണോ, കാൽപ്പന്തുകളുടെ പെരുമ, പറയിപെറ്റ പന്തിരുകുലം, യുവതയുടെ രാഷ്ട്രീയം: ആശങ്കകളും പ്രതീക്ഷകളും, കഥയുടെ കഥ, ഇശലുകളുടെ ലോകം, പൂരം: പുതിയ കാലം, ഭാവം, അംബേദ്‌കറുടെ ഇന്ത്യ ഇന്ന്, പേറ്റൂർ ശങ്കരൻനായർ ആത്മാഭിമാനത്തിൻ്റെ ആൾരൂപം എന്നീ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.
സമാപനം ഇന്ന്
ഞായറാഴ്ച വൈകീട്ട് ആറിനു നടക്കുന്ന സമാപന സമ്മേളനം ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പിൽ എംപി മുഖ്യപ്രഭാഷണം നടത്തും. സംഘാടകസമിതി ചെയർമാൻ പി. ഹരിഗോവിന്ദൻ അധ്യക്ഷനാകും.
ഭരണഘടന നേരിടുന്ന വെല്ലുവിളികൾ, ഗാന്ധി ഒരു പുനർവായന, കേരളത്തിലെ പൊതു വിദ്യാഭ്യാസം, വള്ളുവനാടിൻ്റെ ഭാഷ സാഹിത്യത്തിൽ, മലയാള സിനിമ, തിരകൾക്കപ്പുറം, നെഹ്റുവിൻ്റെ ഇന്ത്യ, എം.ടി. ഒരു യുഗപ്രതിഭ, ആധുനിക സാങ്കേതിക വിദ്യയും സമൂഹവും തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group