
തിരുവനന്തപുരം: തലസ്ഥാനത്തിൻ്റെ മുഖച്ഛായ മാറ്റുന്ന സ്‌മാർട്ട് റോഡുകളുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. 12 റോഡുകളാണ് സ്‌മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നവീകരിച്ചത്. ഇതിൽ ആൽത്തറ- ചെന്തിട്ട റോഡാണ് എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നിർമിച്ചിട്ടുള്ളത്.
സൈക്കിൾ ട്രാക്കുകൾ, ഭൂഗർഭ ഡക്‌ടുകൾ വഴിയുള്ള കേബിളുകൾ, ഓടകൾ, സ്വീവറേജ് പൈപ്പുകളുടെ പുനർനിർമാണം, വഴിവിളക്കുകൾ, കൈവരികൾ, ആന്റി ഗ്ലെയർ മീഡിയനുകൾ തുടങ്ങിയവയെല്ലാം സജ്ജമാക്കിയിട്ടുണ്ട്.
റോഡുകളുടെ ഇരുവശത്തും മുകളിൽക്കൂടി പോയിരുന്ന കേബിളുകൾ റോഡ് സ്മാർട്ടാക്കുന്നതിൻ്റെ ഭാഗമായി അഴിച്ചുമാറ്റി ഭൂഗർഭ ഡക്‌ടുകൾ വഴിയാണു സ്ഥാപിച്ചത്.
അടുത്ത അഞ്ചുവർഷത്തിൽ വരാൻ സാധ്യതയുള്ള പുതിയ കെട്ടിടങ്ങൾക്ക് കണക്ഷൻ നൽകാനുള്ള സാധ്യതകൾ കൂടി പരിഗണിച്ചാണ് കേബിളുകൾ വിന്യസിച്ചിട്ടുള്ളത്.
റോഡിനോടു ചേർന്ന് നിശ്ചിത അകലങ്ങളിൽ ചതുരപ്പെട്ടിയുടെ ആകൃതിയിൽ സ്ഥാപിച്ചിട്ടുള്ള ഫീഡർ പില്ലറുകളിലൂടെയാണ് വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കണക്ഷൻ വഴിമാറ്റി നൽകുന്നത്. ഇവിടെനിന്നാണ് വീടുകളിലെ മീറ്റർ ബോക്‌സിലേക്കു കണക്ഷൻ നൽകിയിരിക്കുന്നത്.
സ്മാർട്ട് റോഡുകൾ കൂടാതെ 27 റോഡുകളും നവീകരിച്ചിരുന്നു. 180 കോടിയോളം രൂപയാണ് സ്‌മാർട്ട് റോഡുകളുടെ നിർമാണച്ചെലവ്. ടാറിങ് പൂർത്തിയായ റോഡുകൾ ഗതാഗതത്തിനായി തുറന്നുനൽകിയെങ്കിലും ഔദ്യോഗികമായി ഉദ്ഘാടനം നടത്തിയിരുന്നില്ല.
മാനവീയം വീഥിയിൽ വെള്ളിയാഴ്ച വൈകീട്ട് 4.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. 2019-ലാണ് സ്‌മാർട്ട് റോഡുകളുടെ നിർമാണം തുടങ്ങിയത്. ഏഴ് അടിയോളം താഴ്‌ചയിൽ കുഴിയെടുത്തായിരുന്നു ഡക്ടുകളുടെ നിർമാണം. ഇത് കാരണം വർഷങ്ങളോളം റോഡ് ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ഇവയാണ് ആ റോഡുകൾ
ജനറൽ ആശുപത്രി വഞ്ചിയൂർ ജങ്ഷൻ
ഓവർ ബ്രിഡ്‌ജ്-ഉപ്പിടാംമൂട് പാലം
ആൽത്തറ-ചെന്തിട്ട റോഡ്
സ്പെൻസർ ജങ്ഷൻ എകെജി സെന്റർ റോഡ്
സ്റ്റാച്യു ജനറൽ ആശുപത്രി റോഡ്
അയ്യങ്കാളി ഹാൾ-ഫ്‌ളൈ ഓവർ റോഡ്
ബേക്കറി ജങ്ഷൻ-ഫോറസ്റ്റ് ഓഫീസ് റോഡ്
കിള്ളിപ്പാലം അട്ടക്കുളങ്ങര റോഡ്
നോർക്ക ജങ്ഷൻ ഗാന്ധിഭവൻ റോഡ്
തൈക്കാട് ഹൗസ്-എം.ജി.രാധാകൃഷ്‌ണൻ റോഡ്
കലാഭവൻ മണി റോഡ്
മാനവീയം വീഥി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group