
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പിഎസ്‌സി ചെയര്‍മാനും പിഎസ്‌സി അംഗങ്ങൾക്കും പെന്‍ഷന്‍ ആനുകൂല്യത്തിന്, സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ്‌സി അംഗമെന്ന നിലയിലെ സേവനകാലവും പരിഗണിക്കാന്‍ ഉത്തരവിറക്കി പൊതുഭരണവകുപ്പ്. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി നിര്‍ദേശമാണ് പുതിയ ഉത്തരവിന് പിന്നിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് പൊതുഭരണ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
നേരത്തെ, പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും പെന്‍ഷന്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് വീണ്ടും ഇവരുടെ പെന്‍ഷന്‍ തുകയില്‍ വന്‍വര്‍ധനവ് വരുത്തുന്ന പുതിയ ഉത്തരവ്. സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടായിരുന്നവര്‍ പിഎസ്‌സി ചെയര്‍മാനോ അംഗങ്ങളോ ആവുകയാണെങ്കില്‍ അവരുടെ സര്‍ക്കാര്‍ സര്‍വീസ് കാലയളവിനൊപ്പം പിഎസ്‌സി അംഗമെന്ന കാലയളവും കൂടി പരിഗണിച്ചുകൊണ്ട് പെന്‍ഷന്‍ പരിഷ്‌കരിച്ച് നല്‍കണം എന്നാണ് പുതിയ ഉത്തരവ്.
കഴിഞ്ഞ ഏഴാംതീയതി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടായിരുന്നവര്‍ വിരമിച്ച ശേഷം പിഎസ്‌സി അംഗങ്ങളോ ചെയര്‍മാനോ ആവുകയാണെങ്കില്‍ അവര്‍ക്ക് ഏത് പെന്‍ഷനാണ് വേണ്ടത് എന്നത് അവര്‍ തിരഞ്ഞെടുക്കേണ്ട സംവിധാനമായിരുന്നു നിലവിലുണ്ടായിരുന്നത്. ഈ ചട്ടപ്രകാരം, ആ സമയം ഉയര്‍ന്ന പെന്‍ഷന്‍ ലഭിച്ചിരുന്ന സര്‍വീസാണ് ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുത്തിരുന്നത്. മിക്കവരും സര്‍ക്കാര്‍ സര്‍വീസ് തന്നെയാണ് പെന്‍ഷനായി തിരഞ്ഞെടുത്തിരുന്നത്.
എന്നാല്‍, പിഎസ്‌സി പെന്‍ഷനില്‍ വന്‍വര്‍ധനവുണ്ടായതോടെ പഴയ തിരഞ്ഞെടുപ്പ് മാറ്റാനുള്ള അവസരം, അതായത്, സര്‍ക്കാര്‍ സര്‍വീസ് പെന്‍ഷന്‍ തിരഞ്ഞെടുത്ത തീരുമാനം മാറ്റി പിഎസ്‌സി പെന്‍ഷന്‍ തിരഞ്ഞെടുക്കാന്‍ വീണ്ടും ഒരവസരം നല്‍കണം എന്ന് കാണിച്ച് മൂന്നുപേര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിച്ചാണ് സര്‍ക്കാരിന്റെ നടപടിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
പിഎസ്‌സി ഉദ്യോഗസ്ഥരായി വിരമിച്ച്, സര്‍ക്കാര്‍ സര്‍വീസിന്റെ പെന്‍ഷന്‍ തിരഞ്ഞെടുത്ത പി. ജമീല, ഡോ. ഗ്രീഷ്മ മാത്യു, ഡോ. കെ. ഉഷ എന്നിവരാണ് തങ്ങളുടെ തീരുമാനം മാറ്റാന്‍ വീണ്ടും അവസരം നല്‍കണമെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും അന്ന് ഇവരുടെ ആവശ്യം സർക്കാർ തള്ളി. പിന്നാലെയാണ് മൂവരും ഹൈക്കോടതിയെ സമീപിച്ചത്. 2025 ജനുവരി ആറാം തീയതി ഹൈക്കോടതി ഇവര്‍ക്ക് അനുകൂലമായി വിധി പറഞ്ഞു.
നേരത്തെ ചില അംഗങ്ങള്‍ക്ക് പിഎസ്‌സി അംഗം എന്നതിനോടൊപ്പം സര്‍ക്കാര്‍ സര്‍വീസിലെ സേവനകാലം കൂടി പരിഗണിച്ച് പെന്‍ഷന്‍ പരിഷ്‌കരിച്ച് നല്‍കിയിട്ടുണ്ട് എന്ന കാര്യവും പരാതിക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് പരിഗണനയ്‌ക്കെടുത്ത് ഉചിതമായ തീരുമാനം എടുക്കാനാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം മന്ത്രിസഭയില്‍ എത്തിയത്.
ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നതിനാല്‍ അപ്പീല്‍ പോയിട്ട് കാര്യമില്ല എന്ന ധനവകുപ്പിന്റെ അഭിപ്രായത്തെ തുടർന്ന് സര്‍ക്കാര്‍ പുതിയ തീരുമാനത്തിലേക്ക് നീങ്ങി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കഴിഞ്ഞ മെയ് ഒമ്പതിന് ഈ ഉത്തരവ് നടപ്പാക്കിക്കൊണ്ടുള്ള പൊതുഭരണവകുപ്പിന്റെ അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഹര്‍ജിക്കാരായ മൂന്നു പേര്‍ക്കൊപ്പം ഇതേ ആവശ്യവുമായി വരുന്ന എല്ലാവര്‍ക്കും അവര്‍ ആവശ്യപ്പെടുന്ന പെന്‍ഷന്‍ നല്‍കാനുള്ള പുനഃക്രമീകരണം നടത്തിക്കൊണ്ടുള്ള ഉത്തരവാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്.
പിഎസ്‌സിയുടെ ഘടന പരിശോധിച്ചാല്‍, അംഗങ്ങളില്‍ 50% സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചവര്‍ ആയിരിക്കണം. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഒരാള്‍ അഞ്ചോ ആറോ വര്‍ഷം പിഎസ്‌സി അംഗമായും ജോലി ചെയ്‌തേക്കാം. ഈ സാഹചര്യത്തില്‍, സര്‍ക്കാര്‍ സര്‍വീസും പിഎസ്‌സി കാലയളവും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ പെന്‍ഷന്‍ പുനഃക്രമീകരണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. സര്‍ക്കാരിന് ഇത് വലിയ ബാധ്യത വരുത്തിവെക്കുമെന്ന ആക്ഷേപം ഉയരുന്നുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group