
ഇരിങ്ങാലക്കുട സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് വില വർധിപ്പിച്ചതിലും സമ്മാനങ്ങൾ വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് ലോട്ടറി തൊഴിലാളികൾ ബഹിഷ്കരണത്തിനൊരുങ്ങുന്നു. ഓൾ കേരള ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐഎൻടിയുസി)യുടെ നേത്യത്വത്തിലാണ് ലോട്ടറി തൊഴിലാളികൾ ബഹിഷ്‌കരണം ഉൾപ്പെടെയുള്ള സമരത്തിനൊരുങ്ങുന്നത്.
വിൽപ്പന കമ്മിഷനും ഏജൻസി കമ്മിഷനും വെട്ടിക്കുറച്ചിട്ടുണ്ട്. പുതിയ നടപടികൾ വിൽപ്പനക്കാർക്ക് തിരിച്ചടിയായെന്ന് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. സമ്മാനങ്ങളുടെ അടങ്കൽ തുകയിൽ നാല് ശതമാനം കുറവുവരുത്തിയതിനാൽ വിൽപ്പനയ്ക്കെടുക്കുന്നതിന്റെ പകുതിപോലും വിറ്റുപോകുന്നില്ലെന്ന് വിൽപ്പനക്കാർ പരാതിപ്പെടുന്നു. കടകളിലും ഇതുതന്നെയാണ് അവസ്ഥ. മേയ് രണ്ടുമുതലാണ് ടിക്കറ്റുകളുടെ വില വർധിപ്പിക്കുകയും സമ്മാനങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തത്.
ബഹിഷ്കരണ സമരത്തിനു മുന്നോടിയായി എല്ലാ ജില്ലകളിലും ലോട്ടറി ഓഫീസിനു മുന്നിലേക്ക് തൊഴിലാളികളുടെ മാർച്ചും ധർണയും നടത്താൻ ആലോചനയോഗം തീരുമാനിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനംചെയ്‌തു. ലോട്ടറി ഏജന്റ്റ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പി.എൻ. സതീഷ് അധ്യക്ഷനായി.
സംസ്ഥാന ഭാരവാഹികളായ ബെന്നി ജേക്കബ്, എം.ഒ. തോമസ്, കെ.പി. സോമസുന്ദരൻ, എം.ആർ. പ്രതാപൻ, ജിയോ ജോർജ്, ലതിന്ദ്രൻ, ജില്ലാ ഭാരവാഹികളായ എം.ഡി. ഷൈജു, ഭരത്‌കുമാർ, എൻ.ഡി. പോൾസൺ, പി.എസ്. അജിത്‌കുമാർ എന്നിവർ പ്രസംഗിച്ചു.
സമ്മാനഘടനയിലും കമ്മിഷനിലും മാറ്റങ്ങളെന്ന് ലോട്ടറി വകുപ്പ്
സർക്കാരിന് ഭാഗ്യക്കുറിയിൽനിന്ന് ലഭിക്കുന്ന നാമമാത്രമായ ലാഭത്തിൽനിന്ന് ഒരു പങ്ക് നീക്കിവെച്ച് സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സാധിക്കാത്തതിനാലാണ് വിൽപ്പന വില 40 രൂപയിൽനിന്ന് 50 രൂപയാക്കി വർധിപ്പിച്ചതെന്ന് ലോട്ടറി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. സമ്മാനഘടനയിലും സമ്മാനത്തുകയിലുള്ള കമ്മിഷനിലും മാറ്റങ്ങൾ കൊണ്ടുവന്നു.
എല്ലാ പ്രതിവാര ഭാഗ്യക്കുറികളുടെയും ഒന്നാംസമ്മാനം ഒരുകോടി രൂപയാക്കി. ഏജന്റുമാരുടെ കമ്മിഷൻ 10 ശതമാനത്തിൽനിന്ന് 12 ശതമാനമാക്കിയെന്നും ലോട്ടറി വൃത്തങ്ങൾ അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group