
കാടിനോടും കാലാവസ്ഥയോടും കാലിടറാതെ പടപൊരുതി വിജയിച്ചവരാണ് ഇടുക്കിക്കാർ. എന്നാൽ, നിയമക്കുരുക്കുകളിൽപ്പെട്ട് വലയുകയാണ് പുതിയ കാലത്ത് മലയോര ജനത. വാഗ്‌ദാനങ്ങൾമാത്രം നൽകാതെ വാക്കുപാലിക്കുന്ന ഭരണാധികാരികളെയാണ് ഈ ജനതയ്ക്ക് ഇന്ന് ആവശ്യം.
തൊടുപുഴ: പ്രതിസന്ധികളോട് പടവെട്ടി വിജയിച്ചവരാണ് ഇടുക്കിക്കാർ. കാലാവസ്ഥയോടും കാട്ടുമൃഗങ്ങളോടും പോരടിച്ച് മണ്ണിൽ പൊന്നുവിളയിച്ചവർ. എന്നാൽ, ഇന്നും ഒട്ടേറെ പ്രതിസന്ധികൾക്ക് നടുവിലാണവർ. കുടിയേറ്റക്കാലത്തേക്കാൾ രൂക്ഷമാണ് ഇന്ന് വന്യമൃഗശല്യം. കാട്ടാനകളും കാട്ടുപന്നികളുമാണ് ഇന്ന് കർഷകൻ്റെ കൃഷിയിടം നിയന്ത്രിക്കുന്നത്.
പ്രളയത്തെയും കോവിഡിനെയും അതിജീവിക്കാനായി സർക്കാർ 12,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ആയിരംകോടി രൂപപോലും ഇതുവരെയും അനുവദിക്കപ്പെട്ടിട്ടില്ല. പട്ടയം, നിർമാണ നിരോധനം, ഭൂപതിവ് നിയമഭേദഗതിയുടെ പുതിയ പട്ടങ്ങൾ നടപ്പാക്കൽ, വനംവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കാർഷിക മേഖലയുടെ തളർച്ച എന്നിവയെല്ലാം പരിഹാരങ്ങളില്ലാതെ തുടരുകയാണ്.
സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്‌ച ജില്ലയിലെത്തുമ്പോൾ പൗരപ്രമുഖരോ നേതാക്കൻമാരോ, വിദഗ്‌ധരോ അല്ലാത്ത സാധാരണക്കാർക്ക് അദ്ദേഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ളത് ഇത്തരം നിരവധി പ്രതിസന്ധികളാണ്.
പട്ടയവിതരണം പുനരാരംഭിക്കണം
കോടതി നിർദേശപ്രകാരം ജില്ലയിൽ പട്ടയ വിതരണം നിർത്തിവെച്ചിരിക്കുകയാണ്. പട്ടയം വിതരണം ചെയ്യുന്നതിന് എത്രയുംവേഗം നടപടികൾ സ്വീകരിക്കണമെന്നാണ് അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ ആവശ്യം. 2024 ജനുവരി 10-നാണ് 1964-ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയവിതരണം തടഞ്ഞുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവിറങ്ങിയത്. എന്നാൽ, ഈ കേസിൽ കോടതിയെ യാഥാർഥ്യം ബോധ്യപ്പെടുത്താൻ സർക്കാർ അഭിഭാഷകർക്ക് കഴിയാത്തതാണ് പട്ടയവിലക്കിലേക്ക് നയിച്ചതെന്ന് നിയമവിദഗ്ധർ പറയുന്നു.
2024 ഒക്ടോബർ 24-നാണ് സി.എച്ച്ആറിലെ പട്ടയം തടഞ്ഞുകൊണ്ട് സുപ്രീംകോടതിയുടെ ഉത്തരവിറങ്ങിയത്. ഇതോടെ ജില്ലയിലെ പട്ടയ വിതരണം പൂർണമായും നിലച്ചു. ഷോപ്പ് സൈറ്റുകൾ, രാജാക്കാട് മേഖലയിലെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങൾ, കല്ലാർകുട്ടിയിലെ പത്തുചെയിൻ മേഖല, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ വില്ലേജുകളിലെ മൂന്നുചെയിൻ മേഖലകൾ എന്നിവിടങ്ങളിൽ പട്ടയം നൽകാൻ നടപടിയുണ്ടായിട്ടില്ല.
ഉപ്പുതറയിലെ പട്ടയപ്രശ്‌നങ്ങൾ പരിഹരിക്കണം
ഹൈറേഞ്ചിൽ ആദ്യം കുടിയേറ്റം നടന്ന ഉപ്പുതറയിലെ ടൗൺ ഉൾപ്പെടുന്ന ഏഴ് സർവേനമ്പരിലെ കർഷകരും വ്യാപാരികളും വല്ലാത്ത പ്രതിസന്ധിയിലാണ്. രാജമാണിക്യം കമ്മിഷൻ റിപ്പോർട്ടിൻ്റെപേരിൽ ആറ് സർവേ നമ്പരിൽ താമസിക്കുന്ന 600-ഓളം പട്ടയ ഉടമകൾ 2015 മുതൽ കരംഅടയ്ക്കാൻ കഴിയാതെ വിഷമിക്കുകയാണ്. ബാങ്കുകളിൽനിന്ന് വായ്‌പയെടുക്കാനോ, എടുത്ത വായ്‌പ പുതുക്കാനോ കഴിയുന്നില്ല. ഇതുകാരണം മക്കളുടെ വിവാഹം, ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാം മുടങ്ങുന്ന സ്ഥിതിയാണ്.
50-ലധികം വർഷത്തിനുമുമ്പ് പട്ടയം ലഭിച്ച് എല്ലാ ക്രയവിക്രയങ്ങളും നടത്താൻ നിയമപരമായ എല്ലാ അവകാശങ്ങളും ഉണ്ടായിരുന്ന ഭൂമിയിലാണ് തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. തോട്ടം ഭൂമി തരംമാറ്റിയതാണെന്ന രാജമാണിക്യം കമ്മിഷന്റെ പരാമർശമാണ് നാട്ടുകാർക്ക് വിനയായത്. പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരും പലതവണ ഉറപ്പുനൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇതിന് ശാശ്വത പരിഹാരം വേണം.
പുതിയ ഭൂമിപതിവ് ചട്ടങ്ങൾ നടപ്പാക്കണം
ജില്ലയിൽ ഭൂരിഭാഗം പട്ടയങ്ങളും 1964-ലെ ഭൂപതിവ് ചട്ടപ്രകാരവും 1993-ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കൽ ചട്ടപ്രകാരവും പതിച്ചു നൽകിയിട്ടുള്ളതാണ്. ഭൂപതിവ് നിയമം ലംഘിച്ചുള്ള നിർമാണങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് 2019 ഓഗസ്റ്റ് 22-ന് സർക്കാർ ഉത്തരവിറങ്ങിയതോടെ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമായി.
2023 സെപ്റ്റംബർ 14-ന് ഭൂപതിവ് നിയമഭേദഗതി നിയമസഭ പാസാക്കി. എന്നാൽ, പുതിയ ചട്ടങ്ങൾ രൂപവത്‌കരിച്ച് നടപ്പാക്കാൻ ഇനിയും നടപടി ഉണ്ടായിട്ടില്ല. ഇത് വേഗത്തിലാക്കണമെന്നാണ് ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ ആവശ്യപ്പെടുന്നത്.
ദുരന്തനിവാരണവും നിർമാണനിയന്ത്രണവും
ജൂണിലാണ് ജില്ലയിലെ 13 വില്ലേജുകളിൽ ദുരന്തനിവാരണ നിയമപ്രകാരം നിർമാണ നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ കളക്‌ടറുടെ അന്തിമ ഉത്തരവിറങ്ങിയത്. ഈ പഞ്ചായത്തുകളിൽ റെഡ്, ഓറഞ്ച് സോണുകളിലാണ് നിർമാണ നിയന്ത്രണമുള്ളത്. റെഡ് സോണിൽ 1614.5 ചതുരശ്രയടിയിൽ താഴെയുള്ള വീടുകൾ മാത്രമേ നിർമിക്കാൻ അനുമതിയുള്ള, ഓറഞ്ച് സോണിൽ മൂന്നുനിലകൾ മാത്രം നിർമിക്കാം.
ഏലം പട്ടയഭൂമിയിൽ തൊഴിലാളികൾക്ക് താമസിക്കാനുള്ള ലയം, ഏലം സ്റ്റോർ എന്നിവ നിർമിക്കാൻ മുമ്പ് അനുമതി നൽകിയിരുന്നു. എന്നാൽ 2019 നവംബറിൽ ഏലം പട്ടയ ഭൂമിയിൽ നിർമാണങ്ങൾ വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഇങ്ങനെ നിർമാണങ്ങൾക്ക് അനുമതി നൽകിയാൽ പിന്നീട് ഹാംഹൗസ് എന്ന പേരിൽ റിസോർട്ട് ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നായിരുന്നു സർക്കാർവാദം. എന്നാൽ, ഇത്തരം മുൻവിധികളുടെ മാത്രം അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമാണ വിലക്കുകൾ പിൻവലിക്കണമെന്നാണ് ഏലം കർഷകരുൾപ്പെടെ ആവശ്യപ്പെടുന്നത്.
വനവത്കരണ ഭീഷണി ഒഴിവാക്കണം
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിൽ 1837.10 ഏക്കർ റവന്യൂഭൂമിയാണ് സംരക്ഷിതവനമായി കരട് വിജ്ഞാപനം ചെയ്‌തത്. ആകെ വിസ്തൃതിയുടെ പകുതിയോളം വനമുള്ള ജില്ലയിൽ വനവിസ്തൃതി വർധിപ്പിക്കുന്നത് കർഷകരെ കുടിയിറക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്ന വാദം ശക്തിപ്പെടുകയാണ്. വനംവകുപ്പിന്റെ അനാവശ്യ കടന്നുകയറ്റത്തിൻ്റെ അവസാനത്തെ ഉദാഹരണമാണ് നാരങ്ങാനത്തെ കുരിശ്, വനംവകുപ്പ് പൊളിച്ച സംഭവം.
215720 ഏക്കർ സിഎച്ച്ആർ ഭൂമി വനമാണെന്നും ഇവിടത്തെ പട്ടയവും പാട്ടവും റദ്ദാക്കി ഭൂമിയേറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടന ഒരുപതിറ്റാണ്ട് മുമ്പ് സുപ്രിംകോടതിയിൽ നൽകിയ ഹർജിയിൽ ഇപ്പോൾ അന്തിമവാദം നടക്കുകയാണ്. കേസിൽ സർക്കാരിന് പ്രതികൂലമായ വിധി ഉണ്ടായാൽ ജില്ലയിലെ ലക്ഷക്കണക്കിന് കർഷകർ കുടിയിറങ്ങേണ്ടിവരും.
സിഎച്ച്ആറിൽ ഭൂമിയുടെ നിയന്ത്രണം റവന്യൂ വകുപ്പിനും മരങ്ങളുടെ സംരക്ഷണം വനംവകുപ്പിനുമായിരുന്നു. എന്നാൽ, റവന്യൂ, വനം വകുപ്പുകളും സർക്കാരും വിവിധ കോടതികളിൽ നൽകിയിട്ടുള്ള സത്യവാങ്‌മൂലങ്ങളിലും വനം വകുപ്പിന്റെ വാർഷിക ഭരണറിപ്പോർട്ടിലും സിഎച്ച്ആർ റിസർവ് വനമാണെന്നാണ് പറയുന്നത്. കൂടാതെ, സിഎച്ച്ആറിൽ 15,720 ഏക്കർ റിസർവ് വനമാണെന്നും പരാമർശമുണ്ട്. ഇത്തരത്തിലുള്ള അവ്യക്തതകൾ നീക്കി സിഎച്ചആർ പ്രദേശത്തെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും ആവശ്യമുണ്ട്.
കാർഷികമേഖലയുടെ വികസനം
: കാർഷിക സമൃദ്ധികൊണ്ട് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെത്തന്നെ താങ്ങിനിർത്തിയിരുന്ന ജില്ലയായിരുന്നു ഇടുക്കി. എന്നാൽ ജില്ലയിലെ എല്ലാ കാർഷികവിളകളും ഇന്ന് തളർച്ചയിലാണ്. കാലാവസ്ഥാ വ്യതിയാനവും വിലയിടിവുമാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ വർഷത്തെ വരൾച്ചയും ജില്ലയുടെ കാർഷിക ഉത്പാദനത്തെ ബാധിച്ചു.
ഇടുക്കിയെ വരൾച്ചാബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഏലം, കുരുമുളക് തുടങ്ങിയ കൃഷികൾക്ക് ഉൾപ്പെടെ ജലസേചനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം.
കൃഷി നശിക്കുന്ന സംഭവങ്ങളിൽ പുനർകൃഷിക്കാവശ്യമായ പലിശരഹിത വായ്‌പ ലഭ്യമാക്കണം. കൃഷിക്കാരുടെ വായ്‌പകൾക്ക് പലിശയിളവ് പ്രഖ്യാപിക്കണം. മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ കർഷകർക്ക് സബ്സിഡിയോടെ ലോൺ അനുവദിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
ചെറുകിട തേയില കർഷകരുടെ കൊളുന്ത് ന്യായവിലയ്ക്ക് ശേഖരിക്കാൻ സ്വകാര്യ ഫാക്ടറികൾ തയ്യാറാകുന്നില്ല. സഹകരണരംഗത്ത് ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ മുഴുവൻ തേയിലയും സംസ്കരിക്കാനാകുന്നില്ല. സഹകരണ രംഗത്തെ ഫാക്‌ടറികളുടെ നവീകരണത്തിന് കൂടുതൽ സഹായങ്ങൾ നൽകണം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group