
പ്രിയ ഗുരുവിന്നു പ്രണാമം
: മുല്ലപ്പള്ളി രാമചന്ദ്രൻ
കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പ്രൊ: എം. ജി. എസ്സ്. നാരായണൻ്റെ ആദ്യകാല വിദ്യാർത്ഥി എന്ന നിലയിൽ , വളരെ അടുത്തറിയാനും സ്നേഹാദരപൂർവ്വം ആ സുദൃഢ ബന്ധം നിലനിർത്താനും കഴിഞ്ഞതിൽ അതിരറ്റ അഭിമാനമുണ്ട്.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന ആ കാലം തൊട്ട് , പല കാര്യങ്ങളിലും യോജിച്ചും വിയോജിച്ചുമാണ് ഞങ്ങൾ നീങ്ങിയത്. കോൺഗ്രസ്സ് പാർട്ടിയുടെ ചില നയ സമീപനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച ഡോ: എം. ജി. എസ്സ്. തൻ്റെ അഭിപ്രായങ്ങൾ സ്വതന്ത്രവും നിർഭയവുമായി എപ്പോഴും പറഞ്ഞിട്ടുണ്ട്.
വ്യത്യസ്ത ചിന്താ ധാരയുമായി മുന്നോട്ടു പോകുമ്പോഴും പല കാര്യങ്ങളിലും സമാന സമീപനങ്ങളാണ് ഞങ്ങൾ സ്വീകരിച്ചത്.
ഒരു പ്രശസ്ത ചരിത്രകാരനും ഗവേഷകനും എന്ന പോലെ, സാഹിത്യത്തിലും കലയിലും ആഴമേറിയ അവഗാഹമായിരുന്നു ഡോ: എം. ജി, എസ്സ്. ന് ഉണ്ടായിരുന്നത്.
കോഴിക്കോട് ആ കാലത്തു് തന്നെ കേരളത്തിൻ്റെ സാഹിത്യ തലസ്ഥാനമായിരുന്നു. കോഴിക്കോടൻ സായാഹ്നങ്ങളെ സമ്പന്നമാക്കിയ പ്രശസ്തരായ എഴുത്തുകാരും ധൈഷണിക പ്രതിഭകളും എം. ജി. എസ്സ്. ൻ്റെ സൗഹൃദ കൂട്ടായ്മയിലെ നിത്യ സാന്നിദ്ധ്യങ്ങളായിരുന്നു
വിപുലമായ ശിഷ്യ സമ്പത്തുണ്ടെങ്കിലും എൻ്റെ പ്രയാണത്തെ നോക്കി എന്നും സുസ്മേര വദനനായി എം.ജി.എസ്. നൽകിയ ഉപദേശ നിർദ്ദേശങ്ങൾ ഞാൻ ഒരിക്കലും മറക്കാറില്ല.
ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചും ഹിസ്റ്ററി കോൺഗ്രസ്സുമായി ബന്ധപ്പെട്ട് സജീവമായി ദൽഹിയിൽ നിറഞ്ഞു നിന്ന കാലത്ത്, ഇടക്ക് എന്നെ കാണാൻ വരുന്ന എം. ജി. എസ്സ്. നെ എങ്ങിനെ മറക്കും
രണ്ടുതവണ മന്ത്രിയായപ്പോഴും പലഘട്ടങ്ങളിൽ എം.പി. ആയപ്പോഴും മലാപ്പറമ്പിലെ അദ്ദേഹത്തിൻ്റെ വസതിയിലെത്തി അനുഗ്രഹം വാങ്ങുക പതിവായിരുന്നു. എം.ജി.എസ്സ്. ൻ്റെ സഹധർമ്മിണിയും ഞങ്ങളുടെ സംഭാഷണങ്ങളിൽ പങ്കു ചേരും. ആദരാഞ്ജലി അർപ്പിക്കാൻ ഇന്ന് വീട്ടിലെത്തിയപ്പോൾ , മക്കളുടെ സാന്നിദ്ധ്യത്തിൽ ഞാനും എം.ജി. എസ്സുമായുള്ള സ്നേഹത്തെ കുറിച്ച് അവർ പറഞ്ഞു.
തൻ്റെ സുചിന്തിതമായ അഭിപ്രായങ്ങൾ വെട്ടി തുറന്നു പറയുമ്പോഴുണ്ടാകാറുള്ള വിവാദങ്ങൾ എം.ജി.എസ്സ്. നെ വിഷണ്ണനാക്കിയില്ല. നിർഭയമായി കാര്യങ്ങൾ തുറന്നു പറയുമ്പോഴുണ്ടാകുന്ന ശത്രുതയെ എൻ്റെ ഗുരുനാഥൻ ഗൗനിച്ചില്ല. എനിക്ക് ആ സ്വഭാവം ഏറെ ഇഷ്ടമായിരുന്നു.

ഇയ്യിടെ കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഡോ. ആർസു , എം.ജി. എസ്സ്. നെ ഇയ്യിടെയായി കാണാറില്ലേ എന്ന് ചോദിക്കുകയുണ്ടായി. കുറച്ചായി കണ്ടിട്ട്, ഉടനടി പോകുമെന്ന് പറഞ്ഞു. കൂടി കാഴ്ചകളിൽ സമയം പോയത് അറിയാതെ സകലകാര്യങ്ങളെ ക്കുറിച്ചും സംസാരിക്കാറുള്ള പ്രിയ എം. ജി. എസ്സ്. , ആ അവസാന കുടി കാഴ്ച നടന്നില്ല. ചേതനയറ്റ അങ്ങയുടെ ഭൗതിക ശരീരം മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞുള്ളൂ.
അറിവിന്റെ ഒരു വലിയ സാഗരമായിരുന്നു അങ്ങ്. ഒരു കൈ കുമ്പിളിൽ മാത്രം ആ മഹാസാഗരത്തിൽ നിന്ന് വെള്ളം എടുക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ , പ്രിയ ഗുരോ.
- മുല്ലപ്പള്ളി രാമചന്ദ്രൻ




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group