
കല്പറ്റ: ഇന്ദുചൂഡൻ ഫൗണ്ടേഷനും ഞാറ്റുവേല കൂട്ടായ്‌മയും ചേർന്ന് കല്പറ്റ എസ്എംജെ ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിക്കുന്ന 'തൂവൽമേള' പക്ഷിച്ചിത്രപ്രദർശനം തുടങ്ങി. ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിലറിയപ്പെട്ട പക്ഷിനിരീക്ഷകൻ കെ.കെ. നീലകണ്‌ഠൻ്റെ സ്‌മരണാർഥമാണ് തൂവൽമേള സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്‌ച രാവിലെ 11-ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ ഉദ്ഘാടനംചെയ്‌തു. വയനാട്ടിലെ പക്ഷിപ്രേമികൾക്ക് ഇതൊരു ദൃശ്യവിരുന്നാകുമെന്ന് എം.വി. ശ്രേയാംസ്‌കുമാർ പറഞ്ഞു. പക്ഷികളെ നിരീക്ഷിക്കുന്നത് തനിക്കും ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ദുചൂഡൻ എഴുതിയ 'കേരളത്തിലെ പക്ഷികൾ' എന്ന പുസ്‌തകം പക്ഷികളെക്കുറിച്ചുള്ള വെറുമൊരു വിവരണഗ്രന്ഥമല്ല. മലയാളഭാഷയുടെ ഭംഗി അതിൽ പ്രകാശിച്ചുനിൽക്കുന്നുവെന്ന് വി.കെ. ശ്രീരാമൻ അഭിപ്രായപ്പെട്ടു.
പക്ഷിത്താരകളിൽ ജീവിതം സമർപ്പിച്ച ഇന്ദുചൂഡൻ എന്ന അദ്ഭുതമനുഷ്യൻ്റെ ജീവിതത്തെയും പ്രവർത്തനങ്ങളെയും മഹത്തായ സംഭാവനകളെയും അടുത്തറിയാൻ തനിക്ക് സാധിച്ചുവെന്നും പ്രകൃതിസ്‌സ്നേഹികളുടെ നിത്യപ്രചോദനമാണ് അദ്ദേഹമെന്നും ഇന്ദുചൂഡൻ്റെ ജീവചരിത്രം 'പക്ഷികളും ഒരു മനുഷ്യനും' എന്ന പുസ്‌തകമെഴുതിയ സുരേഷ് ഇളമൺ പറഞ്ഞു. കെ.പി. ഡിജുമോൻ, രാമചന്ദ്രൻ, സണ്ണി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
ഇന്ദുചൂഡൻ ഫൗണ്ടേഷൻ്റെ ഒൻപതാമത് പക്ഷിച്ചിത്രപ്രദർശനമാണിത്. 'പാടിപ്പറക്കുന്ന മലയാളം' എന്നപേരിൽ പക്ഷിച്ചിത്രപ്രദർശനം, കുട്ടികൾക്കുവേണ്ടി പക്ഷിച്ചിത്രരചനാമത്സരം, സിനിമാപ്രദർശനം, പ്രഭാഷണങ്ങൾ, ഗസൽസന്ധ്യ തുടങ്ങിയവ നടക്കും. 27 വരെ എല്ലാദിവസവും രാവിലെ 11 മുതൽ വൈകീട്ട് ആറുവരെയാണ് പ്രദർശനം.
'നമ്മുടെ ബാല്യം പക്ഷിനിരീക്ഷകന്റേത്
നമ്മുടെ എല്ലാവരുടെയും ബാല്യം പക്ഷിനിരീക്ഷകരുടേതുപോലെയാണെന്ന് കല്പറ്റ നാരായണൻ. ഇന്ദുചൂഡൻ ഫൗണ്ടേഷൻ്റെ പക്ഷിച്ചിത്രപ്രദർശനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പക്ഷികളെവിടെ മുട്ടയിടുന്നു. എങ്ങനെ കൂടൊരുക്കുന്നു. പറക്കുന്നു, എവിടേക്ക് പോകുന്നു എന്നിങ്ങനെ അറിയാനുള്ള കൗതുകം വളരുംതോറും കുറയുന്നു. ചിലരിൽ അത് തീക്ഷ്‌ണമായി നിൽക്കുകയും ചെയ്യുന്നു. ജീവൻ പോകുന്‌പോൾപോലും അടുത്തകാലത്ത് 'കിളിപോയി' എന്നാണ് പറയുന്നത്.
എഴുതാനും കഥപറയാനും എഴുത്തച്ഛൻ കിളിയെ കൂട്ടുപിടിക്കുന്നുണ്ട്. പക്ഷിനിരീക്ഷകൻ കേവലം നിരീക്ഷകനല്ല, സംരക്ഷകൻകൂടിയാണ്. അനായാസം ലക്ഷ്യത്തിലെത്തുന്ന പറവകളാണ് നമ്മുടെ കൗതുകങ്ങളിലൊന്ന്. 'വാ കുരുവി വരു കുരുവി വാഴക്കൈമേൽ ഇരി കുരുവി' എന്ന സ്വാഭാവികവും ലളിതവുമായ കവിത കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ഭ്രമിപ്പിക്കുന്നതും അതാണ് -അദ്ദേഹം പറഞ്ഞു.
കിളികളിൽ ഒരു 'ക്ളിക്ക്'
കല്പറ്റ : ചിറകടിച്ചുയർന്ന് പാറിപ്പറക്കുന്ന പക്ഷികളുടെ ചിത്രം ഒപ്പിയടുക്കാൻ എന്നും കൗതുകമായിരുന്നു രേണു അനീഷിന്. കിളികളെക്കാണുമ്പോൾ ക്യാമറയിൽ ഒരു 'ക്ളിക്ക്'.
പക്ഷികളുടെ സൗന്ദര്യം പകർത്തിയെടുത്ത് ഫ്രെയിമിൽ സന്തോഷത്തോടെ ഒരുനോട്ടം, "പത്തിലാണ് പഠിക്കുന്നത്, പക്ഷിനിരീക്ഷണമാണ് ഇഷ്‌ടം" പറയുമ്പോൾ രേണു പുഞ്ചിരിച്ചു. ഇന്ദുചൂഡൻ ഫൗണ്ടേഷനിൽ 180 അംഗങ്ങളാണുള്ളത്. രേണു പകർത്തിയ വയൽക്കണ്ണന്റെ ചിത്രമാണ് പ്രദർശനത്തിനുള്ളത്. രേണുവിന് ഭാവിയിൽ വെറ്ററിനറി ഡോക്‌ടറാകണമെന്നാണ് ആഗ്രഹം. "പക്ഷിഫോട്ടോഗ്രഫി എന്ന പാഷൻ ഉപേക്ഷിക്കില്ല. കിളികളുടെ ശബ്ദം, തൂവൽ, നിറം തുടങ്ങിയവയെല്ലാം രസമാണ്, കണ്ടാൽ മടുക്കില്ല" രേണു പറഞ്ഞു. കോഴിക്കോട് കോട്ടൂളി സ്വദേശിയായ രേണു. കോഴിക്കോട് ഭാരതീയ വിദ്യാഭവനിൽ പത്താംക്ളാസ് വിദ്യാർഥിനിയാണ്. എം.സി. അനീഷിന്റെയും വിനീതാ അനീഷിൻ്റെയും മകളാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group