
മൈസൂരു: കണ്ണൂർ പുതിയതെരു സ്വദേശിയായ തോട്ടം ഉടമയെ വിരാജ്പേട്ട ബി ഷെട്ടിഗേരിയിൽ കൊലപ്പെടുത്തിയത് കഴുത്തിൽ കയറോ ബെൽട്ടോ പോലുള്ള വസ്തു മുറുക്കിയാണെന്ന് ഗോണിക്കുപ്പ പോലീസ്. കണ്ണൂരിലെ കൊയിലി ആശുപത്രി സ്ഥാപകൻ പരേതനായ കൊയിലി ഭാസ്ക്കരന്റെ മകൻ പ്രദീപ് കൊയിലി (49) ആണ് കാപ്പിത്തോട്ടത്തിനുള്ളിലെ മുറിയിൽ കൊല്ലപ്പെട്ടത്. ബുധനാഴ്‌ച വൈകീട്ടാണ് മൃതദേഹം കണ്ടത്.
പ്രദീപിന് കുടകിലെ ശ്രീമംഗല ഷെട്ടിഗിരിയിൽ 32 ഏക്കർ കാപ്പിത്തോട്ടമുണ്ട്. ഇത് വിൽക്കാനുള്ള ശ്രമത്തിലായിരുന്നു. വർഷങ്ങളായി വിരാജ്‌പേട്ട കേന്ദ്രീകരിച്ച് കൃഷിയുമായി കഴിയുകയാണ് പ്രദീപ്. സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണോ കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് സംശയമുണ്ട്.
കൂത്തുപറമ്പ് സ്വദേശിയായ ഒരാളാണ് തോട്ടത്തിൽ പ്രദീപിൻ്റെ സഹായിയായി ജോലിചെയ്യുന്നത്. ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ടോടെ ഇയാൾ പ്രദീപിന്റെ താമസസ്ഥലത്തെ കോളിങ് ബെൽ അമർത്തി. എന്നാൽ, പ്രതികരണമൊന്നും ഉണ്ടായില്ല. വീടിന്റെ്റെ വാതിൽ പുറത്തുനിന്ന് പൂട്ടി താക്കോലുമായാണ് കൊലയാളികൾ രക്ഷപ്പെട്ടത്. വീടിൻ്റെ മറ്റൊരു താക്കോൽ സഹായിയുടെ കൈവശമായിരുന്നു. വൈകീട്ട് ഈ താക്കോലുമായി തിരിച്ചെത്തി വീട് തുറന്നപ്പോഴാണ് കിടക്കവിരിയിൽ കെട്ടിവെച്ചനിലയിൽ പ്രദീപിന്റെ മൃതദേഹം കണ്ടത്.
മുറിയിലെ സിസിടിവിയിൽ രാവിലെ പത്തിന് മൂന്ന് ചെറുപ്പക്കാർ ഇവിടെയെത്തിയതിൻ്റെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. സിസിടിവി ക്യാമറ കേടുവരുത്തിയിട്ടുണ്ട്. പ്രദീപിൻ്റെ കഴുത്തിലുണ്ടായിരുന്ന മൂന്നുപവനിലേറെ തൂക്കംവരുന്ന സ്വർണമാല, മൊബൈൽ എന്നിവ കാണാതായിട്ടുണ്ട്. ഒരു ബാഗും നഷ്ട്‌ടപ്പെട്ടു.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വ്യാഴാഴ്‌ച രാത്രി കണ്ണൂരിലെത്തിച്ചു. വെള്ളിയാഴ്ച രാവിലെ ഒൻപതുമുതൽ പത്തുവരെ കൊയിലി ആശുപത്രി പരിസരത്തും തുടർന്ന് തെരു മണ്ഡപത്തിനടുത്തുള്ള വീട്ടിലും പൊതുദർശനത്തിനുവെക്കും. 11.30-ന് പയ്യാമ്പലത്ത് സംസ്കാരം. അവിവാഹിതനാണ് പ്രദീപ്. അമ്മ: ശാന്ത. സഹോദരങ്ങൾ: ഗീത (എംഡി, കൊയിലി ആശുപത്രി). പരേതനായ ഡോ. പ്രമോദ് (മുൻ എംഡി കൊയിലി ആശുപത്രി).

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group