
തിരുവനന്തപുരം: ആറുമാസമായി അധ്യാപിക പിടിച്ചുവെച്ച നിയമപരീക്ഷയുടെ
ഉത്തരക്കടലാസുകൾ കേരള സർവകലാശാല ഉദ്യോഗസ്ഥർ തമിഴ്‌നാട്ടിൽച്ചെന്ന് പിടിച്ചെടുത്തു. എൽഎൽബി മൂന്നാം സെമസ്റ്റർ, ഇൻ്റഗ്രേറ്റഡ് എൽഎൽബി അഞ്ചാം സെമസ്റ്റർ പരീക്ഷകളുടെ 160 ഉത്തരക്കടലാസുകളാണ് വ്യാഴാഴ്‌ച തിരുനെൽവേലിയിലെത്തി പോലീസ് സഹായത്തോടെ തിരിച്ചുവാങ്ങിയത്. ഉത്തരക്കടലാസുകൾ തടഞ്ഞുവെച്ചതിന് തിരുനെൽവേലി സർക്കാർ കോളേജിലെ അധ്യാപികയ്ക്കെതിരേ പോലീസിൽ പരാതിയും നൽകി. മൂല്യനിർണയം നടത്തിയെന്നുപറഞ്ഞ് അധ്യാപിക സർവകലാശാലയെ തെറ്റിദ്ധരിപ്പിച്ചെന്നും അധികൃതർ പറഞ്ഞു.
കേരള സർവകലാശാല പില കോഴ്‌സുകളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി പുറത്തുള്ള അധ്യാപകരെ ഏല്പിക്കാറുണ്ട്. സർവകലാശാല തയ്യാറാക്കുന്ന പാനലിലുള്ള ഇവർക്കു പ്രതിഫലവും നൽകും. ഈ പാനലിലുള്ള തിരുനെൽവേലി അധ്യാപികയെ കഴിഞ്ഞ ഒക്ടോബറിൽ എൽഎൽബി പരീക്ഷകളുടെ ഉത്തരക്കടലാസുകൾ ഏല്പിച്ചു. ഉത്തരക്കടലാസിനായി സമീപിച്ചപ്പോൾ മുൻപ് മൂല്യനിർണയം നടത്തിയതിന്റെ 30,000 രൂപ കുടിശ്ശികയുണ്ടെന്നും അതു തീർക്കാതെ ഉത്തരക്കടലാസ് നൽകില്ലെന്നും അവർ നിലപാടെടുത്തു. കുടിശ്ശിക വൈകാതെ നൽകാമെന്ന് സർവകലാശാല ഉറപ്പുനൽകിയെങ്കിലും അവർ സമ്മതിച്ചില്ല.
ഒരു വിഷയത്തിൽമാത്രം മൂല്യനിർണയം മുടങ്ങിയതിനാൽ ഫലം പ്രഖ്യാപിക്കാനാവാതെ സർവകലാശാല കുഴങ്ങി. അധ്യാപകർക്ക് പ്രതിഫലം നൽകുന്നതിൽ എജി ഓഡിറ്റിൽ ചോദ്യമുയർന്നതിനാൽ നിയമക്കുരുക്കിലായിരുന്നു സർവകലാശാല. ഇതോടെ, ഒട്ടേറെ അധ്യാപകർക്ക് കുടിശ്ശിക വന്നു. തുടർന്ന്, സ്റ്റാൻഡിങ് കോൺസലിൻ്റെ നിയമോപദേശം തേടി കുടിശ്ശികപ്രശ്നം പരിഹരിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇതിനുപുറമേ, വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലും പ്രത്യേക യോഗം വിളിച്ച് നിയമനടപടികളിലൂടെ പ്രശ്‌നപരിഹാരത്തിനു നിർദേശിച്ചു.
തുടർന്ന്, കഴിഞ്ഞദിവസം സർവകലാശാലാപ്രതിനിധികൾ തിരുനെൽവേലിയിൽ ചെന്നെങ്കിലും സ്ഥലത്തില്ലെന്നു പറഞ്ഞ് അധ്യാപിക ഒഴിഞ്ഞുമാറി. ഉടൻ സർവകലാശാല ഡിജിപിക്കു പരാതി നൽകി. സെക്യൂരിറ്റി ഓഫീസർ അജിത് ചാൾസിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്‌ച തിരുനെൽവേലിയിലെത്തി. തമിഴ്‌നാട് പോലീസിൻ്റെ സാന്നിധ്യത്തിൽ ഉത്തരക്കടലാസുകൾ അധ്യാപികയിൽനിന്നു പിടിച്ചെടുത്തു. മൂല്യനിർണയം നടത്തിയെന്ന് അധ്യാപിക പറഞ്ഞത് കളവായിരുന്നുവെന്നും കണ്ടെത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group