
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി
എം.ആർ. അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇതോടെ അദ്ദേഹത്തിന് സംസ്ഥാന പോലീസ് മേധാവിയാകാനുള്ള തടസ്സംമാറി. കവടിയാറിലെ ഭൂമിയിടപാട് ഉൾപ്പെടെ പി.വി. അൻവറിന്റെ ആരോപണങ്ങളിൽ തെളിവില്ലെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ.
കഴിഞ്ഞമാസം 12-നാണ് വിജിലൻസ് ഡയറക്‌ടർ സർക്കാരിന് റിപ്പോർട്ട് നൽകിയത്. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ള പട്ടിക തയ്യാറാക്കുന്നതിനിടെ തിടുക്കപ്പെട്ടാണ് സർക്കാർ വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ചത്. ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യകൂടിക്കാഴ്ച നടത്തിയത് സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയെങ്കിലും അജിത്‌കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
സ്വത്ത് സമ്പാദനക്കേസിലെ വിജിലൻസ് റിപ്പോർട്ട് കോടതിയിൽ എത്താതിരിക്കാനും ശ്രമം നടന്നു. വിജിലൻസ് കോടതി ആവശ്യപ്പെട്ടപ്പോൾ അന്വേഷണം പൂർത്തിയായിട്ടും അന്വേഷണം പൂർത്തിയായിട്ടില്ലെന്നും 45 ദിവസംകൂടി വേണമെന്ന മറുപടിയാണ് വിജിലൻസ് നൽകിയത്. കോടതിയിൽനിന്ന് എന്തെങ്കിലും പരാമർശമുണ്ടാകുന്നത് തടയിടാനായിരുന്നു ഈ നീക്കം.
എഡിജിപി പി. വിജയനെതിരേ വ്യാജമൊഴി നൽകിയതിൽ അജിത്‌കുമാറിന്റെ പേരിൽ കേസെടുക്കാമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ടും സർക്കാർ അവഗണിച്ചു. ഇതിൽ നടപടിയുണ്ടായാൽ അജിത്‌കുമാറിന്റെ സ്ഥാനക്കയറ്റത്തിന് തടസ്സമാകുമായിരുന്നു. പി. വിജയന് സ്വർണക്കടത്തിൽ പങ്കുണ്ടെന്നായിരുന്നു അജിത്കുമാറിന്റെ മൊഴി.
ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി. വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിലാണ് അജിത്‌കുമാറിനെതിരേ നടപടിക്ക് ശുപാർശ ചെയ്തത്. അജിത്‌കുമാറിനുനേരേ ആരോപണമുയർന്ന തൃശ്ശൂർപുരം കലക്കൽ ആരോപണത്തിലും ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയിട്ടില്ല.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group