
ഖരമാലിന്യങ്ങൾ നീക്കം ചെയ്യും
മഞ്ചേരി: പതിറ്റാണ്ടുകളായി മഞ്ചേരിയിലെ നഗരമാലിന്യങ്ങൾ കുട്ടിയിട്ടിരുന്ന വേട്ടേക്കോട് ട്രഞ്ചിങ് ഗ്രൗണ്ട് മുഖം മിനുക്കും. മാലിന്യങ്ങൾ നീക്കം ചെയ്ത് പൂർവസ്ഥിതിയിലാക്കാൻ യന്ത്രങ്ങളെത്തി. പ്രവൃത്തികൾ തിങ്കളാഴ്‌ച തുടങ്ങും. അട്ടിയട്ടിയായി നിക്ഷേപിച്ച മാലിന്യക്കൂമ്പാരങ്ങൾ തരംതിരിക്കുകയാണ് ആദ്യദൗത്യം.
യന്ത്രം ഉപയോഗിച്ചാണ് ഇവ തരംതിരിക്കുക. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യങ്ങൾ ബയോമൈനിങ്ങും ബയോ റെമഡിയേഷനും നടത്തും. രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും യന്ത്രങ്ങൾ ഉപയോഗിച്ച് പ്രവൃത്തി നടത്തും. നിലവിലുള്ള ട്രഞ്ചിങ് ഗ്രൗണ്ടിൻ്റെ ഭൂമി പഴയ രൂപത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം.
തരംതിരിച്ച മാലിന്യങ്ങളിലെ ഖരമാലിന്യങ്ങൾ സിമൻറ് കമ്പനിയിലേക്ക് കയറ്റിയയക്കാനാണ് പദ്ധതി. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമായി സഹകരിച്ചാണ്(കെഎസ്‌ഡബ്യുഎംപി) പ്രവൃത്തി നടത്തുന്നത്. നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എംഎസ് കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.
ക്യാമറ സ്ഥാപിക്കും
പ്രവൃത്തി നടക്കുമ്പോൾ അപകടങ്ങളൊഴിവാക്കാൻ മുൻകരുതലുകളെടുക്കുമെന്ന് നഗരസഭാധ്യക്ഷ വി.എം. സുബൈദ അറിയിച്ചു. പ്രദേശത്ത് നിരീക്ഷണക്യാമറകൾ സ്ഥാപിക്കും. വേനൽക്കാലമായതിനാൽ തീപ്പിടിത്തം ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകളും നടത്തും. സ്ഥലത്ത് ചുറ്റും ഗ്രീൻ നെറ്റ് സ്ഥാപിക്കും. പൊടിപടലം തടയുന്നതിനായി ടാങ്കിൽ വെള്ളം എത്തിച്ച് പമ്പ് ചെയ്യും. പ്രവൃത്തി സുതാര്യമാക്കുന്നതിന് പ്രദേശവാസികളെ ഉൾപ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് തയ്യാറാക്കും. പ്രവൃത്തിയുടെ വിവരങ്ങളും മറ്റും ഇതിലൂടെ ജനങ്ങളെ അറിയിക്കും.
തിങ്കളാഴ്ച്‌ച രാവിലെ 9.30-ന് അഡ്വ. യു.എ. ലത്തീഫ് എംഎൽഎ പ്രവൃത്തി ഉദ്ഘാടനം ചെയ്യും. കളക്‌ടർ വി.ആർ. വിനോദ് മുഖ്യാതിഥിയാകും.
നഗരസഭാധ്യക്ഷയോടൊപ്പം ബയോമൈനിങ് പദ്ധതിനിർവഹണത്തിനുള്ള ജില്ലാ മോണിറ്ററിങ് ചെയർമാനും എൽഎസ്ജിഡി എക്‌സിക്യൂട്ടീവ് എൻജിനീയറുമായ സി.ആർ. മുരളീകൃഷ്‌ണൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും വൈസ് ചെയർമാൻ വി.പി. ഹിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, എൻ.കെ. ഖൈറുന്നീസ, കൗൺസിലർമാരായ ബേബി കുമാരി, ഹുസൈൻ മേച്ചേരി, സെക്രട്ടറി പി. സതീഷ് കുമാർ, ജില്ല മെഡിക്കൽ ഓഫീസ് പ്രതിനിധി എം. ഷാഹുൽ ഹമീദ്, മഞ്ചേരി അഗ്നിരക്ഷാനിലയം മേധാവി പി.വി. സുനിൽകുമാർ തുടങ്ങിയവരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group