
കല്പറ്റ മുണ്ടക്കെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ്പ് നിർമാണത്തിന് സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 19-ന് വീണ്ടും ചർച്ചനടക്കും.
കളക്ടർ ഡി.ആർ. മേഘശ്രീയുടെ നേതൃത്വത്തിലാണ് ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ചനടത്തുക. ബൈപ്പാസ് റോഡിൽ എൽസ്റ്റൺ എസ്റ്റേറ്റ് പുൽപ്പാറ ഡിവിഷനുമുൻപിൽ തൊഴിലാളികൾ പന്തൽകെട്ടി സമരംതുടങ്ങിയ സാഹചര്യത്തിൽ റീജണൽ ജോയിൻ്റ് ലേബർ കമ്മിഷണർ കെ.വി. വിപിൻലാലിന്റെ നേത്യത്വത്തിൽ ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ചനടത്തിയിരുന്നു.
തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാക്കണമെന്നും അതിനുള്ള പണം എസ്റ്റേറ്റ് ഏറ്റെടുക്കാനായി സർക്കാർ കെട്ടിവെച്ച തുകയിൽ മാറ്റിവെക്കണമെന്നും ട്രേഡ് യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു. ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകുകയുംചെയ്‌തു.
തൊഴിലാളികൾ സമരംതുടരുന്ന സാഹചര്യത്തിൽ അന്തിമ ഉറപ്പ് ലഭിക്കുന്നതിനും തീരുമാനങ്ങൾ നടപ്പാക്കുന്നതിനും വേണ്ടിയാണ് 19-ന് കളക്ടറുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ചവെച്ചതെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.
ചൊവ്വാഴ്ചനടത്തിയ ചർച്ചയിൽ തൊഴിലാളികളുടെ പ്രശ്‌നങ്ങളും അവർക്ക് തുക എത്രയുംവേഗം ലഭ്യമാക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ചർച്ചചെയ്തെന്നും 19-ലെ ചർച്ചയോടുകൂടി എല്ലാപ്രശ്‌നങ്ങൾക്കും പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വയനാട് എസ്റ്റേറ്റ് ലേബർ യൂണിയൻ (സിഐടിയു) ജില്ലാ ജനറൽസെക്രട്ടറി പി. ഗഗാറിൻ പറഞ്ഞു.
കളക്‌ടറുടെ സാന്നിധ്യത്തിൽ ചർച്ചനടത്തി അന്തിമതീരുമാനം ലഭിക്കുന്നവരെ സമരംതുടരുമെന്നും ചർച്ചയ്ക്കുശേഷമേ സമരം അവസാനിപ്പിക്കുന്നകാര്യം തീരുമാനിക്കുകയുള്ളൂവെന്നും ഐഎൻടിയുസി ജില്ലാപ്രസിഡന്റ് പി.പി. ആലി പറഞ്ഞു.
എച്ച്എംഎസ് ജില്ലാ ജനറൽസെക്രട്ടറി എൻ.ഒ. ദേവസി, സെക്രട്ടറി ഡി. രാജൻ, പ്ലാന്റേഷൻ ലേബർ കോൺഗ്രസ് ജനറൽസെക്രട്ടറി എൻ. വേണുഗോപാൽ, വയനാട് എസ്റ്റേറ്റ്" ലേബർ യൂണിയൻ (സിഐടിയു) ജില്ലാസെക്രട്ടറി കെ.ടി. ബാലകൃഷ്ണൻ, മലബാർ എസ്റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ (ഐഎൻടിയുസി) ജില്ലാ ജനറൽസെക്രട്ടറി ബി. സുരേഷ്ബാബു, കെ.കെ. രാജേന്ദ്രൻ, യു. കരുണൻ, സി.എച്ച്. മമ്മി, ജില്ലാ ലേബർ ഓഫീസർ ജി. ജയേഷ്, വൈത്തിരി തഹസിൽദാർ എം.എസ്. ശിവദാസൻ, കല്പറ്റ വില്ലേജ് ഓഫീസർ എ.എം. ബാലൻ, പ്ലാന്റേഷൻ ഇൻസ്പെക്‌ടർ കെ.കെ. വിനയൻ തുടങ്ങിയവരും പർച്ചയിൽ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group