
ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കും. ഈയാഴ്ച തന്നെ ഹര്‍ജി നല്‍കാനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയം വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ട്. ബില്ലുകളുമായി ബന്ധപ്പെട്ട വിധി പ്രഖ്യാപിച്ച ബെഞ്ചിനുമുന്നില്‍ തന്നെ ഹര്‍ജി നല്‍കാനാണ് ആലോചന. ഗവര്‍ണര്‍മാര്‍ തടഞ്ഞുവെക്കാതെ രാഷ്ട്രപതിമാര്‍ക്ക് അയയ്ക്കുന്ന ബില്ലുകളില്‍ കാലതാമസം നേരിടുന്നതും പതിവായ ഘട്ടത്തിലാണ് സുപ്രധാനമായ വിധി വന്നത്.
നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നുള്ള വിധി സുപ്രീം കോടതി ശനിയാഴ്ചയാണ് പുറപ്പെടുവിച്ചത്. തീരുമാനം വൈകിയാല്‍ അതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇതാദ്യമായാണ് നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്ക് സുപ്രീം കോടതി സമയപരിധി നിശ്ചയിക്കുന്നത്. ഗവര്‍ണര്‍മാര്‍ അയയ്ക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ഭരണഘടനയുടെ 201-ാം അനുച്ഛേദത്തില്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അനുച്ഛേദത്തില്‍ സമയ പരിധി നിശ്ചയിച്ചിരുന്നില്ല. ബില്ലുകളില്‍ രാഷ്ട്രപതിയുടെ തീരുമാനം വൈകരുത് എന്ന് സര്‍ക്കാരിയ, പൂഞ്ചി കമ്മിഷനുകളുടെ ശുപാര്‍ശകളിലും, കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയിട്ടുള്ള മാനദണ്ഡത്തിലും വിശദീകരിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ യുക്തമായ സമയത്തിനുള്ളില്‍ ഒരു ഭരണഘടന അതോറിറ്റി തീരുമാനം എടുത്തില്ലെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാം എന്നും ജസ്റ്റിസ്മാരായ ജെ ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നിയമസഭാ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം എടുക്കാതെ പിടിച്ചു വെയ്ക്കുകയും, പിന്നീട് രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്ത തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടി ഭരണഘടനാവിരുദ്ധം ആണെന്ന് നിരീക്ഷിച്ചുകൊണ്ടുള്ള വിധിയിലാണ് സുപ്രീം കോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്.
ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് ഗവര്‍ണര്‍മാര്‍ക്കുള്ള സമയപരിധി സംബന്ധിച്ചും വിധിയില്‍ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ പ്രകാരം ബില്ല് തിരിച്ച് അയയ്ക്കുകയോ രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്യുന്നെങ്കില്‍ ഒരു മാസത്തിനകം വേണം. മന്ത്രിസഭയുടെ ഉപദേശമില്ലാതെ ബില്ല് തിരിച്ചയയ്ക്കുകയാണെങ്കില്‍ അത് മൂന്ന് മാസത്തിനുള്ളില്‍ വേണം. തിരിച്ച് അയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസ്സാക്കി അയച്ചാല്‍ അതില്‍ ഗവര്‍ണര്‍ ഒരു മാസത്തിനുള്ളില്‍ അംഗീകാരം നല്‍കണം. തിരിച്ചയയ്ക്കുന്ന ബില്ലുകള്‍ നിയമസഭ വീണ്ടും പാസ്സാക്കി അയച്ചാല്‍ ഗവര്‍ണര്‍ അതിന് അംഗീകാരം നല്‍കേണ്ടി വരും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group