
മലപ്പുറം: 'അമ്മമാരുടെയും നവജാതശിശുക്കളുടെയും സുരക്ഷ' എന്ന കാമ്പെയ്നുമായി ലോകാരോഗ്യദിനം ആചരിക്കുന്നതിൻ്റെ തലേന്നുതന്നെ, വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ചതിൻ്റെ ഞെട്ടലിലാണ് ആരോഗ്യവകുപ്പ്. നിരന്തരം ബോധവത്കരണം നടത്തിയിട്ടും ആശമാരെ ഉപയോഗിച്ച് നിരീക്ഷണം കർശനമാക്കിയിട്ടും വീടുകളിലെ പ്രസവം തുടരുകയാണ്. ഇതു തടയാൻ നിയമപരമായി വ്യവസ്ഥയില്ലാത്തതാണ് ആരോഗ്യവകുപ്പിനെ കുഴക്കുന്നത്.
കേരളത്തിൽ 2023 മാർച്ച് മുതൽ 2024 മാർച്ച് വരെ മാത്രം 523 വീട്ടുപ്രസവങ്ങൾ നടന്നതായാണ് കണക്ക്. ഇതിൽ 253 എണ്ണം മലപ്പുറം ജില്ലയിലാണ്. ഇതിൽ കുഞ്ഞുങ്ങൾ മരിച്ച സംഭവങ്ങളുമുണ്ട്.
പലതും പുറത്തറിയാറില്ല. ഇതരജില്ലകളിൽനിന്നും ലക്ഷദ്വീപിൽനിന്നുമെല്ലാം വീട്ടുപ്രസവത്തിനായി സ്ത്രീകളെ മലപ്പുറത്തെത്തിക്കുന്ന സംഘങ്ങളുണ്ട്. ഇതിനായി രഹസ്യ വാട്‌സാപ്പ് ഗ്രൂപ്പുകളുമുണ്ട്. ഇവരുടെ സംഗമങ്ങൾ ഇടക്കിടെ നടത്തുന്നു. അക്യൂപങ്‌ചർ, ഹിജാമ, പ്രകൃതി തുടങ്ങിയ സമാന്തര ചികിത്സാസംഘങ്ങളാണ് വീട്ടുപ്രസവങ്ങളെ പരസ്യമായിത്തന്നെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ആരോഗ്യവകുപ്പിന് അറിയാം. എന്നാൽ ഇവർക്കെതിരേ നിയമ നടപടിയെടുക്കാൻ നിലവിൽ കഴിയില്ല. എവിടെ പ്രസവിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം അമ്മമാർക്കുണ്ടെന്നതാണ് കാരണം. എന്നാൽ പല സംഭവങ്ങളിലും ഭർത്താക്കൻമാരുടെ അന്ധവിശ്വാസത്തിൻ്റെ ബലിയാടാവുകയാണ് പാവം അമ്മമാർ
ആശമാരെയും അടുപ്പിക്കുന്നില്ല
കഴിഞ്ഞദിവസം മലപ്പുറത്തെ ചട്ടിപ്പറമ്പിൽ മരിച്ച യുവതിയുടെ അടുത്ത് സംശയംകൊണ്ട് ആശപ്രവർത്തകർ പലതവണ പോയിരുന്നു. പക്ഷേ, വീട്ടിനുള്ളിലേക്ക് കടക്കാൻപോലും അനുവദിച്ചില്ല. ഒരുതവണ ജനലിലൂടെ സംസാരിക്കാൻ കഴിഞ്ഞു. അന്ന് യുവതി പറഞ്ഞത് എനിക്ക് തടിയുള്ളതിനാൽ സ്വാഭാവികമായുള്ള വയറാണെന്നാണ്. ആരോഗ്യപ്രവർത്തകരുമായോ പരിസരത്തുള്ളവരുമായോ ഇവർ ഒരു ബന്ധവും പുലർത്തിയിരുന്നില്ലെന്ന് ആരോഗ്യവകുപ്പധികൃതർ പറയുന്നു.
നാലുകിലോയോളം തൂക്കമുള്ള കുഞ്ഞിനെയാണ് യുവതി പ്രസവിച്ചതെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിൽ ഉണ്ടാവാനിടയുള്ള സങ്കീർണത അക്യൂപങ്‌ചർ വഴി കൈകാര്യം ചെയ്‌തതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് കരുതുന്നത്. ആശമാരോട് നുണപറഞ്ഞാണ് പലരും വീടുകളിൽ പ്രസവിക്കുന്നത്. പ്രസവത്തിനു ശേഷം രക്തസ്രാവംമൂലം ഗുരുതരാവസ്ഥയിലായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവങ്ങളുമുണ്ട്.
വേണ്ടത് സ്പെയിൻ-ഫിലിപ്പൈൻ മാതൃക
അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യം സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാകണമെങ്കിൽ അമ്മമാർക്കുള്ള അതേ അവകാശം കുഞ്ഞുങ്ങളുടെ മേൽ സ്റ്റേറ്റിനും ഉണ്ടാവുകയാണ് വേണ്ടത്. അതിന് ആധുനികമാതൃകകൾ ലോകത്തുണ്ട്.
ഫിലിപ്പൈൻസ് 2008 -ലാണ് വീട്ടുപ്രസവങ്ങൾ നിരോധിക്കുന്ന നയം പ്രഖ്യാപിച്ചത്. അങ്ങനെചെയ്താൽ രക്ഷിതാക്കൾ വലിയ സംഖ്യ പിഴയടയ്ക്കണം.
സഹായികൾക്കും പിഴയുണ്ട്. സ്പെയിനിൽ വീട്ടുപ്രസവത്തിൽ കുഞ്ഞു മരിച്ച സംഭവത്തിൽ 2018-ൽ സുപ്രീംകോടതി മാതാപിതാക്കൾക്ക് 15 വർഷം തടവുവിധിച്ചു. ബ്രസീലിലും അർജൻ്റീനയിലും വീട്ടുപ്രസവങ്ങൾക്ക് സഹായം ചെയ്യുന്നവരുടെ പേരിൽ നിയമനടപടി സ്വീകരിക്കുന്നുണ്ട്. മാത്രമല്ല,
ഇത്തരം പ്രസവത്തിന് ശേഷമുള്ള സഹായങ്ങളും തടയുന്നു. കേരളത്തിൽ വീട്ടുപ്രസവത്തെ പ്രോത്സാഹിപ്പിക്കുന്നവരെ തിരിച്ചറിഞ്ഞാലും നടപടിയെടുക്കാൻ കഴിയാത്തതാണു പ്രശ്‌നം. മലപ്പുറത്ത് അക്യൂപങ്ചർ ചികിത്സാസംഘം വീട്ടിൽ പ്രസവിച്ച അമ്മമാരെയും കുഞ്ഞുങ്ങളെയും അനുമോദിക്കുന്ന ഒരു സ്റ്റേജ് പരിപാടി തന്നെ പരസ്യമായി നടത്തിയിരുന്നു.
പതിറ്റാണ്ടുകളുടെ പ്രയത്നംകൊണ്ട് നേടിയെടുത്ത ആരോഗ്യനേട്ടങ്ങളെ അന്ധവിശ്വാസങ്ങളുടെ മുൻപിൽ ഉടച്ചുകളയേണ്ട ഗതികേടിലാണ് കേരളത്തിന്റെ ആരോഗ്യരംഗം. (തുടരും ) നിസ്സഹായരായി ആരോഗ്യവകുപ്പ്
കേരളത്തിൽ ഒരുവർഷം 523 വീട്ടുപ്രസവങ്ങൾ
വീട്ടിൽ പ്രസവിച്ചാലെന്താ ..?
ഈ ചോദ്യം വിദ്യാഭ്യാസമുള്ളവർപോലും ചോദിക്കുന്നുണ്ട്. തങ്ങളുടെ വീട്ടിലെ പ്രായമായവരുടെ പ്രസവ മാഹാത്മ്യം ചൂണ്ടിക്കാണിച്ചാണ് അവർ അതിനെ ന്യായീകരിക്കുക. വീട്ടിലെ പ്രസവങ്ങളിലുണ്ടാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പധികൃതർ പറയുന്നു:
* പല സങ്കീർണമായ സാഹചര്യങ്ങളിലും ശാസ്ത്രീയ ഉപകരണങ്ങൾ വേണ്ടിവരും. അതൊന്നും വീടുകളിൽ ലഭിക്കില്ല.
» കുഞ്ഞിനെ പുറത്തെടുക്കുമ്പോഴത്തെ അശ്രദ്ധകാരണം പിൽക്കാലത്ത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവാം.
>> വേണ്ടത്ര ശുചിത്വമില്ലെങ്കിൽ അമ്മയ്ക്കും കുഞ്ഞിനും അണുബാധയുണ്ടാവാം.
. പ്രത്യക്ഷത്തിലുള്ള വൈകല്യങ്ങൾക്കപ്പുറമുള്ള വൈകല്യങ്ങളുണ്ടോ എന്നറിയാൻ പ്രസവിച്ച ഉടൻ ആശുപത്രികളിൽ കുഞ്ഞുങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കും. ഈ സൗകര്യം വീട്ടുപ്രസവത്തിലെ കുഞ്ഞിന് ലഭിക്കില്ല.
. ഭാവിയിൽ വരാനിടയുള്ള അസുഖങ്ങളുടെ ലക്ഷണങ്ങളറിഞ്ഞുള്ള ചികിത്സ ഇത്തരം കുഞ്ഞുങ്ങൾക്ക് ലഭിക്കില്ല.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group