
ആലപ്പുഴ കർമപഥങ്ങളിൽ ആലപ്പുഴയിലും മായാത്ത മുദ്രചാർത്തിയാണ് എം.എ. ബേബി സിപിഎം ജനറൽ സെക്രട്ടറി പദവിയിലേക്കുയർന്നത്. ജില്ലാ സെക്രട്ടറിയായി ആലപ്പുഴയിൽ പ്രവർത്തിച്ച ദിനങ്ങൾ പാർട്ടി പ്രവർത്തകർ മാത്രമല്ല നാട്ടിലുള്ളവരും മധുരതരമായി ഓർക്കുന്നു.
വിഭാഗീയതയുടെ ചുഴലിയിൽ കുരുങ്ങിപ്പോയ ആലപ്പുഴ സിപിഎം ജില്ലാഘടകത്തെ മാറ്റിയെടുക്കുന്നതിൽ നിർണായകപങ്കാണ് അദ്ദേഹം നിർവഹിച്ചത്. ഒപ്പം, പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് നിർമാണവും കണ്ണർകാട്ടെ പി. കൃഷ്ണപിള്ള സ്മമാരകം ഏറ്റെടുക്കലും ചേർന്നപ്പോൾ അദ്ദേഹം ആലപ്പുഴയ്ക്ക് അവിസ്മരണീയനായി മാറുകയായിരുന്നു.
2002-ൽ ഹരിപ്പാട്ട് നടന്ന ജില്ലാ സമ്മേളനം വിഭാഗീയതയിൽ കുരുങ്ങി. സമ്മേളനത്തിൽ വി.എസ്. പക്ഷക്കാരൻകൂടിയായിരുന്ന ജില്ലാ സെക്രട്ടറി വി. കേശവൻ അവതരിപ്പിച്ച പാനലിനെതിരേ എതിർവിഭാഗം മത്സരിച്ചു. മത്സരത്തിൽ വി.എസ്. പക്ഷക്കാർ തുടച്ചുനീക്കപ്പെട്ടു. പ്രമുഖരായവരുൾപ്പെടെ 27 വി.എസ്. പക്ഷക്കാരിൽ ഒരാൾപോലും കമ്മിറ്റിയിലുണ്ടായില്ല. ജി. സുധാകരനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട് വിഭാഗീയത ബോധ്യപ്പെട്ട കേന്ദ്രക്കമ്മിറ്റി ആലപ്പുഴ ജില്ലാ കമ്മിറ്റി പിരിച്ചുവിടുകയും എം.എ. ബേബിയെ ആക്‌ടിങ് സെക്രട്ടറിയായി നിയമിക്കുകയുമായിരുന്നു. തുടർന്ന് 2004 വരെയുള്ള രണ്ടുവർഷക്കാലമാണ് അദ്ദേഹം സെക്രട്ടറിയായിരുന്നത്. ഇതിനിടയിൽ ഇരുപക്ഷത്തെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിനു കഴിഞ്ഞു.
ഇതിനിടയിലാണ് ജീർണാവസ്ഥയിലായിരുന്ന സിപിഎം ജില്ലാ ഓഫീസ് പൊളിച്ചുമാറ്റി പുതിയതു നിർമിച്ചത്. പുന്നപ്ര-വയലാർ രക്തസാക്ഷികളുടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകരിൽ പ്രമുഖനായ പി. കൃഷ്‌ണപിള്ളയുടെയും സ്മരണ നിലനിർത്തുംവിധമാണ് ഇത് ഒരുക്കിയത്. ഇതിനായി പാർട്ടി ഘടകങ്ങൾക്ക് പ്രത്യേകം വിഹിതം നിശ്ചയിച്ചു. ആട്, കോഴി, പശു എന്നിവയെയെല്ലാം സംഭാവനയായി വാങ്ങി. ഹുണ്ടിക പിരിവും നടത്തി. തികച്ചും ജനകീയമായി ഫണ്ട് സ്വരൂപിച്ചു.
കേരളത്തിൽ തികച്ചും വ്യത്യസ്‌തമായ ഒരു രൂപരേഖയിൽ ഒരുക്കുന്ന ആദ്യ പാർട്ടി ഓഫീസുകൂടിയായി അതു മാറുകയും ചെയ്‌തു. 2003 ഓഗസ്റ്റ് 19-ന് അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി ഹർകിഷൻസിങ് സുർജിത് തറക്കല്ലിട്ട പാർട്ടി ഓഫീസ് നിർമാണം 2004 ഓഗസ്റ്റ് 19-ന് അന്നത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഉദ്‌ഘാടനം ചെയ്യുകയും ചെയ്‌തു. രണ്ടു ചടങ്ങിലും അധ്യക്ഷൻ വി.എസ്. അച്യുതാനന്ദനായിരുന്നു.
പി. കൃഷ്ണപിള്ള അവസാനകാലം കഴിച്ചുകൂട്ടിയ കണ്ണർകാട് വീട് ചെല്ലിക്കണ്ടത്തിൽ കുടുംബത്തിൻ്റെ കൈവശമായിരുന്നു. കുടുംബക്കാർക്കായി സമീപത്തുതന്നെ സ്ഥലംവാങ്ങി പുതിയ വീട് വെച്ചുകൊടുത്ത് മാറ്റിപാർപ്പിച്ചു. അങ്ങനെ കൃഷണപിള്ളയുടെ വീട് പ്രത്യേകമായി സംരക്ഷിച്ചു. ഇത് കേരളത്തിലെങ്ങുമുള്ള കമ്യൂണിസ്റ്റുകളുടെ പ്രധാന സന്ദർശനകേന്ദ്രമായി മാറി.
സിപിഐയും സിപിഎമ്മും ഒരുമിച്ച് പുന്നപ്ര-വയലാർ രക്തസാക്ഷിത്വവാരാചരണവും പി. കൃഷ്‌ണപിള്ള ദിനാചരണവും നടത്തിത്തുടങ്ങിയതും ബേബിയുടെ കാലത്തായിരുന്നെന്ന് നേതാക്കൾ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group