
ആറ്റിങ്ങൽ : കർഷകരുടെ വാ ചുറ്റുപാടുകളിലൂടെ ഒന്ന് സഞ്ചരിച്ചാൽ
ബോധ്യമാകും. വന്യമൃഗങ്ങളും പക്ഷികളും കൂട്ടത്തോടെ നാട്ടിലേക്കിറങ്ങി വിളകൾ നശിപ്പിക്കുന്നത് പതിവുകാഴ്‌ചയാണ്. കാട്ടുപന്നികൾ മാത്രമല്ല മുള്ളൻപന്നി, മയിൽ, കുരങ്ങ് എന്നിവയെല്ലാം ഇന്ന് നാട്ടിൻപുറത്തെ പതിവുകാഴ്ചകളായി മാറിയിരിക്കുന്നു. മണ്ണിൽ നടുന്നതെല്ലാം പന്നിക്കും മയിലിനും. മരത്തിൽ വിളയുന്നതെല്ലാം കുരങ്ങിനുമെന്നതാണ് ഇപ്പോൾ നാട്ടിലെ അവസ്ഥ. വാഴ, മരച്ചീനി, ചേന, ചേമ്പ് തുടങ്ങിയവയെല്ലാം പന്നികളും മുള്ളൻപന്നികളും ചേർന്ന് നശിപ്പിക്കും. കരിക്ക്, ചക്ക, വാഴ, മരച്ചീനി എന്നിവയെല്ലാം കുരങ്ങുകൾക്ക് പ്രിയമാണ്. ധാന്യച്ചെടികളുടെയും പച്ചക്കറിച്ചെടികളുടെയും വിളവും ഇലയും തലയുമെല്ലാം മയിൽ കൊത്തിയെടുക്കും.
പൊതുജനത്തിനും പങ്കുണ്ട്
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി വിഹരിക്കാനിടയാക്കിയതിൽ പൊതുജനത്തിന് പങ്കുണ്ട്. വീടുകളിൽനിന്നും കടകളിൽനിന്നുമുള്ള മാലിന്യങ്ങൾ റോഡുവക്കുകളിലും ഒഴിഞ്ഞ പറമ്പുകളിലും കൊണ്ടിടുന്നത് പതിവാണ്. ഇതാണ് കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികളെ നാട്ടിലേക്കിറക്കിയത്. കോഴിയിറച്ചിക്കടകളിൽ നിന്നുമുള്ള മാലിന്യം വലിച്ചെറിയുന്നതാണ് ഏറ്റവും വലിയ ഭീഷണി.
കാട്ടുപന്നിയെ ചെറുക്കാൻ വേലി
വേലികെട്ടി കൃഷി നടത്താൻ ശ്രമിക്കുന്നുണ്ട് ചിലർ. എന്നാലിതിന് വൻ തുക മുതൽമുടക്കണം. പത്ത് സെൻ്റ് വയലിനോ പറമ്പിനോ ചുറ്റും വേലിവെക്കണമെങ്കിൽ 50,000 രൂപയോളം ചെലവുവരും. കർഷകരിൽ ബഹുഭൂരിപക്ഷത്തിനും ഇത് താങ്ങാനാകില്ല. സൗരവേലിക്കാണെങ്കിൽ ലക്ഷങ്ങളുടെ ചെലവുണ്ട്. അതിനെക്കുറിച്ച് ചിന്തിക്കാൻപോലും പറ്റില്ലെന്ന് കർഷകർ പറയുന്നു.
തീരദേശത്തും കാട്ടുപന്നി
ഒരുകാലത്ത് വന്യമൃഗങ്ങളുടെ ഭീഷണി മലയോര ഗ്രാമങ്ങളിൽ മാത്രമായിരുന്നു. എന്നാലിന്ന് കഥ മാറി. തീരദേശ പഞ്ചായത്തായ ഇടവയിൽപ്പോലും കാട്ടുപന്നിയുടെ താവളങ്ങളുണ്ട്. പകലും രാത്രിയും ഒരുപോലെ ഇവ ഇവിടെ സ്വൈരവിഹാരം നടത്തുന്നു. തൊട്ടടുത്തുള്ള ഇലകമൺ പഞ്ചായത്തിന്റെ അവസ്ഥ ദയനീയമാണ്. എല്ലായിടത്തും പന്നിശല്യമുണ്ട്.
മലയോര പഞ്ചായത്തുകളായ കല്ലറ പാങ്ങോട് പഞ്ചായത്തുകളിൽ വന്യമൃഗശല്യം രൂക്ഷമാണ്. റബ്ബർ പോലും നടാൻപറ്റാത്ത അവസ്ഥയാണ് ഇവിടെ കിളിമാനൂർ, പുളിമാത്ത്, പഴയകുന്നുമ്മേൽ, നഗരൂർ, മടവൂർ, പള്ളിക്കൽ പഞ്ചായത്തുകളിലെല്ലാം കാട്ടുപന്നിശല്യമുണ്ട്. മടവൂർ പഞ്ചായത്തിലെ ഏലാകളിൽ നെൽക്കൃഷി മതിയാക്കിയിരിക്കുകയാണ്. ആറ്റിങ്ങൽ നഗരസഭാ പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണ്. ആറ്റുതീരത്താണ് ശല്യം കൂടുതലുള്ളത്. റോഡുകളിലൂടെ രാത്രിയിൽ വരിവരിയായി പന്നികൾ പോകുന്നത് ഇവിടെ പതിവുകാഴ്ചയാണ്.
നാവായിക്കുളം, കരവാരം, ഒറ്റൂർ, മണമ്പൂർ, പോത്തൻകോട്, മംഗലപുരം, അണ്ടൂർക്കോണം, മുദാക്കൽ, ചിറയിൻകീഴ്, അഴൂർ, കടയ്ക്കാവൂർ, വക്കം പഞ്ചായത്തുകളിലെല്ലാം കാട്ടുപന്നിശല്യമുണ്ട്.
വീടുപൊളിക്കുന്ന വാനരന്മാർ
പറമ്പ് മാത്രമല്ല വീടുകളും കൈയേറുന്നതാണ് വാനരസംഘത്തിൻ്റെ രീതി. ഓടിട്ട വീടുകളുടെ മേൽക്കൂരയിലെ ഓടുകൾ ഇളക്കിയെടുത്തെറിയും. അകത്തിറങ്ങി അടുക്കളയിൽ പാകം ചെയ്‌ത് വെച്ചിട്ടുള്ളവയും അല്ലാത്തവയുമായ ഭക്ഷ്യവസ്‌തുക്കൾ തിന്നുകയും നശിപ്പിക്കുകയും ചെയ്യും. കിണറിന്റെ കഴുക്കോലിൽ കയറിയിരുന്ന് വെള്ളത്തിലേക്ക് മലമൂത്രവിസർജനം നടത്തും. പൈപ്പുകളിൽ പിടിച്ചുകയറി ടാങ്കുകളുടെ മൂടിപൊളിച്ച് അകത്തിറങ്ങി കുളിക്കും. വസ്ത്രങ്ങൾ വലിച്ചുകീറും. കഴുകിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ എടുത്തുകൊണ്ടുപോകും. മുദാക്കൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ വർഷങ്ങളായി വാനരശല്യത്തിൽ പൊറുതിമുട്ടുകയാണ്. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ആറ്റൂർ, കാനാറ, ചാരുപാറ, മൊട്ടക്കുഴി, വല്ലൂർ, കിളിമാനൂർ പഞ്ചായത്തിലെ തോപ്പിൽ, ഇരുളുപച്ച, വട്ടക്കൈത, പുളിമ്പള്ളിക്കോണം എന്നിവിടങ്ങളിലെല്ലാം വാനരശല്യമുണ്ട്.
ജീവനും ഭീഷണി
: കാട്ടുപന്നികൾ ആളുകളുടെ ജീവനും ഭീഷണിയാകുന്നുണ്ട്. പള്ളിക്കൽ പഞ്ചായത്തിൽ കഴിഞ്ഞവർഷം കാട്ടുപന്നി ബൈക്കിലിടിച്ചും ഓട്ടോറിക്ഷയിൽ ഇടിച്ചുമുണ്ടായ അപകടങ്ങളിൽ രണ്ട് ജീവൻ പൊലിഞ്ഞു. പരിക്കേറ്റ സംഭവങ്ങൾ നിരവധിയാണ്. കഴിഞ്ഞ ഫെബ്രുവരി 23-ന് മലയാമഠത്ത് വീട്ടുമുറ്റത്തിരുന്ന് ചക്ക വെട്ടിക്കൊണ്ടിരുന്ന തെങ്ങുവിളവീട്ടിൽ രാധമ്മയ്ക്ക് (74) പന്നിയിടിച്ച് പരിക്കേറ്റു. ഡിസംബറിൽ ചെങ്കിക്കുന്നിനു സമീപം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കൾക്ക് കാട്ടുപന്നി ഇടിച്ച് പരിക്കേറ്റു. കഴിഞ്ഞ ജൂലായിൽ പാപ്പാല സ്വദേശിനിയായ വിലാസിനിക്ക് (85) പരിക്കേറ്റു. തൊഴിലുറപ്പ് ജോലിക്കിടെയാണ് നഗരൂർ നെടുമ്പറമ്പ് എം.ആർ. ഭവനിൽ റീനയ്ക്ക് (45) പരിക്കേറ്റത്. പള്ളിക്കൽ, മടവൂർ പഞ്ചായത്തുകളിൽ വാഹനയാത്രയ്ക്കിടെയും വീട്ടുമുറ്റത്തും റബ്ബർ ടാപ്പിങ്ങിനും നടന്നുപോകുന്നതിനിടെയുമൊക്കെ ആക്രമണമുണ്ടായ സംഭവങ്ങൾ നിരവധിയാണ്. പകൽനേരത്തും ഇവയുടെ ഭീഷണിയുണ്ട്. നാവായിക്കുളം ഡീസന്റുമുക്കിൽ പാ
ഞ്ഞെടുത്ത കാട്ടുപന്നിക്കൂട്ടത്തിൽനിന്ന് കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കരവായിക്കോണത്ത് ടാപ്പിങ് തൊഴിലാളിയെയും ഇടിക്കാനായി ഓടിച്ചിരുന്നു.
വകുപ്പുകളുടെ ഏകോപനവും സഹായവും
വന്യമൃഗങ്ങളെ തുരത്തുന്നതിന് സർക്കാർ സഹായം ആവശ്യമാണ്. കൃഷിവകുപ്പും വനംവകുപ്പും തദ്ദേശസ്വയംഭരണവകുപ്പും പ്രശ്നം ഗൗരവത്തോടെ കണ്ട് പരിഹരിക്കാൻ ഇടപെടണം. ഓരോരുത്തരും മറ്റൊരാളിന്റെ തലയിൽചാരി രക്ഷപ്പെടുന്നതാണ് ഇപ്പോഴത്തെ രീതി. ഇത് മാറണം. കൂട്ടുത്തരവാദിത്വമുണ്ടാകണം. കാട്ടുപന്നികൾ പുരയിടത്തിലെവിടെങ്കിലും വീണ് പത്താൽപ്പോലും കർഷകടാൻപേരിൽ നിയമനടപടികളുണ്ടാകുന്ന സ്ഥിതിയുണ്ട്. അത്തരം പ്രശ്നനങ്ങൾ ഒഴിവാക്കപ്പെടണം. കൃഷി ചെയ്യുന്നവർക്ക് അത് സംരക്ഷിക്കാനും വിളവെടുക്കാനുമുള്ള പരിശ്രമങ്ങൾക്ക് നിയമത്തിൻ്റെ പരിരക്ഷ ഉറപ്പാക്കണം. ഇല്ലെങ്കിൽ അവശേഷിക്കുന്ന കൃഷിയിടങ്ങൾകൂടി ഇല്ലാതാകും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group