
ബന്തടുക്ക പഴയകാലത്ത് ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന മൺപാത്രങ്ങൾ മണ്ണിനടിയിൽ കണ്ടെത്തി, കുറ്റിക്കോൽ പഞ്ചായത്തിലെ ബന്തടുക്ക മാണിമൂലയിൽ വെള്ളിയാഴ്‌ച രാവിലെയാണ് ഇവ കണ്ടത്. ജലജീവൻ മിഷൻ പദ്ധതിയിൽ വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിന് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡരികിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ചപ്പോഴാണ് പാത്രങ്ങൾ കണ്ടത്. മാണിമൂല-ശ്രീമല റോഡരികിൽ മൊബൈൽ ടവർ സ്ഥിതിചെയ്യുന്നയിടത്തുനിന്ന് സമീപത്തെ വീടുകളിലേക്ക് ഇറങ്ങുന്ന മൺറോഡിൻ്റെ അരികിലാണ് കുഴിച്ചിട്ടനിലയിൽ ഉണ്ടായിരുന്നത്.
വ്യത്യസ്‌ത രൂപവും വലുപ്പവും ഉള്ളവയാണിവ. 15 പാത്രങ്ങൾ കേടുപറ്റാത്തവയാണ്. പൊട്ടിയ പാത്രങ്ങളും ഉണ്ട്. ഇരുമ്പ് കത്തിയും ലഭിച്ചിട്ടുണ്ട്. കൂട്ടയുടെ വലുപ്പമുള്ള മലാഹ പാത്രത്തിൽ കഷണങ്ങളായ നിലയിൽ അസ്ഥികളും ഉണ്ട്. ഒരു മീറ്ററോളം ആഴത്തിൽ കുഴിച്ചപ്പോഴാണ് ഇവ കണ്ടത്. മണ്ണ് അയവുള്ളതിനാൽ കൂടുതൽ കുഴിച്ചിട്ടില്ല.
കുഴിയുടെ അടിഭാഗത്ത് രണ്ട് വശങ്ങളിലേക്ക് വലിയ ദ്വാരങ്ങൾ ഉള്ളതായും ഇവ വലിയ മൺപലകപോലുള്ള വസ്‌തുവാൽ അടച്ചിരിക്കുകയാണെന്നാണ് കരുതുന്നതെന്ന് പ്രദേശവാസി പതിക്കാൽ മൊട്ടയിലെ കെ. വിജയൻ പറഞ്ഞു. ലഭിച്ച വസ്തുക്കൾ ഇതേസ്ഥലത്ത് സൂക്ഷിച്ചിരിക്കുകയാണെന്നും തുടർനടപടികൾക്കായി ബേഡകം പോലീസ്, കുറ്റിക്കോൽ പഞ്ചായത്തോഫീസ് എന്നിവിടങ്ങളിൽ അറിയിച്ചിട്ടുണ്ടെന്നും കുറ്റിക്കോൽ പഞ്ചായത്തംഗം കെ.ആർ. വേണു പറഞ്ഞു.
പുരാതന കൽപ്പത്തായം അടുത്ത് :പാത്രങ്ങൾ കണ്ടെത്തിയതിന് പടിഞ്ഞാറുഭാഗത്ത് അല്പം മുകളിലായി 50 മീറ്ററോളം അകലെ ചരിത്രാതീതകാലത്തേത് എന്നുകരുതുന്ന മനുഷ്യനിർമിത കൽപ്പത്തായം ഉണ്ട്. വലിയ ചെങ്കൽപ്പാറ തുരന്ന് ഭൂമിയുടെ അടിയിലാണ് ഇത് നിർമിച്ചത്. വൃത്താകൃതിയിലുള്ള പ്രവേശനദ്വാരത്തിന് അര മീറ്ററോളം വ്യാസമുണ്ട്. അകത്ത് നടുക്ക് നിവർന്നുനിൽക്കാൻ സാധിക്കുന്നവിധം വിശാലമായ സ്ഥലസൗകര്യം ഉണ്ട്. ചെങ്കൽപ്പാറയുടെ പാർശ്വഭാഗത്ത് കൽപ്പത്തായത്തിന് വടക്കുദിശയിലേക്ക് തുറന്ന വാതിലും ഉണ്ട്. ചെറിയ ജനലിന്റെ വിസ്‌താരം മാത്രമുള്ള വാതിലിൻ്റെ കട്ടിളയുടെ മുൻഭാഗം ചിത്രപ്പണികളോടെ മനോഹരമാക്കിയിട്ടുണ്ട്.
താമസക്കാരെത്തിയിട്ട് ഏറെക്കാലമായില്ല
സംസ്ഥാന അതിർത്തിപ്രദേശമാണിത്. അരക്കിലോമീറ്ററോളം കിഴക്ക് മാറിയാൽ കർണാടക സംരക്ഷിത വനപ്രദേമാണ്. പാത്രങ്ങൾ ലഭിച്ച സ്ഥലം മുൻപ് കാട് മൂടിയ പ്രദേശമായിരുന്നു. കൊടുംകാട് വെട്ടിമാറ്റിയാണ് 65 വർഷം മുൻപ് ഇവിടെ താമസം തുടങ്ങിയതെന്നും അതിനാൽ സമീപഭൂതകാലത്തൊന്നും ആളുകൾ താമസിച്ചിരുന്നതായി കരുതുന്നില്ലെന്നും പ്രദേശത്തുകാർ പറയുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ആദിമമനുഷ്യർ ഉപയോഗിച്ചിരുന്നതാകാം ഇപ്പോൾ ലഭിച്ച വസ്‌തുക്കൾ എന്നും ഇവിടത്തുകാർ കരുതുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group