
കൊച്ചി: സ്ത്രീകളെ മറയാക്കി ലഹരിക്കടത്ത് സംഘങ്ങൾ കൂടുന്നു. എന്നാൽ,
പരിശോധനയ്ക്ക് ആവശ്യത്തിന് വനിതാ പോലീസില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. 2024-ൽ 40-ലധികം യുവതികളാണ് ലഹരിക്കടത്തിന് പിടിയിലായത്. ഭൂരിഭാഗവും 21-നും 30-നും ഇടയിൽ പ്രായമുള്ളവരാണ്. അതിൽത്തന്നെ കൊച്ചിയിലാണ് കൂടുതലും. വാഹന പരിശോധനാ സംഘങ്ങളിലും മറ്റും വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ കുറവ് ലഹരിസംഘങ്ങൾക്ക് ഗുണമാകുന്നു. കുടുംബമെന്ന പരിഗണനയിൽ പരിശോധനകളിൽനിന്ന് ചിലപ്പോൾ രക്ഷപ്പെടും. ലഹരിസംഘം കെണിയിൽപ്പെടുത്തി പിന്നീട് ലഹരി വിൽപ്പന സംഘത്തിൻ്റെ ഭാഗമായവരാണ് സ്ത്രീകളിൽ പലരും.
സ്ത്രീകൾ ഉൾപ്പെട്ട ലഹരിക്കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന നഗരങ്ങളിലുൾപ്പെടെ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കുറവാണ്. കൊച്ചി സിറ്റിയിൽ എസ്ഐ മുതൽ സിപിഒ വരെയുള്ളവരിൽ 2,689 പുരുഷന്മാരുണ്ട്. വനിതാ പോലീസ് ഉദ്യോഗസ്ഥരാകട്ടെ 276 പേർ മാത്രവും, തിരുവനന്തപുരത്ത് സ്ഥിതി അല്പം ഭേദമാണ്. ആകെ 47,000-ത്തിനടുത്ത് ഉദ്യോഗസ്ഥരുള്ളതിൽ 700-ഓളം പേർ വനിതകളാണ്. റൂറൽ സ്റ്റേഷനുകളിൽ ഇതിലും കുറവാണ്. 40 പേരുടെ അംഗബലമുള്ള സ്റ്റേഷനുകളിൽ നാല് വനിതാ പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് ചിലയിടങ്ങളിലുള്ളത്.
പല വഴികളിലൂടെ ലഹരിസംഘങ്ങൾക്കെതിരേ സർക്കാർ നടപടി കടുപ്പിച്ചതോടെ പലവഴിക്കുള്ള തന്ത്രങ്ങളാണ് പയറ്റുന്നത്. ഇതോടെയാണ് സ്ത്രീകളെ ഇരകളാക്കി ലഹരിക്കച്ചവടം കൂടിയത്. വിമാനത്താവളം, ട്രെയിൻ, ബസ്, സ്വകാര്യ വാഹനങ്ങൾ എന്നിവ വഴി സംസ്ഥാനത്തേക്ക് ലഹരിയൊഴുകുന്നുണ്ട്. പിടിക്കപ്പെടില്ലെന്ന വിശ്വാസവും വസ്ത്രത്തിനുള്ളിലും മുടിയുടെ ഇടയിലും ഒളിപ്പിച്ചു കടത്താൻ കഴിയുന്നതുമാണ് സംഘങ്ങൾ സ്ത്രീകളെ ഒപ്പം കൂട്ടാൻ കാരണം.
എംഡിഎംഎ പോലുള്ള രാസലഹരി കടത്തിന് നൈജീരിയൻ യുവതികളെ ഉപയോഗിക്കുന്നുണ്ട്. നേപ്പാൾ, മേഘാലയ, നാഗാലാൻഡ്, അസം, മേഘാലയ സ്വദേശികളായ യുവതികളെയും കേരളത്തിലേക്കുള്ള ലഹരിക്കടത്തിന് ഉപയോഗിക്കുന്നു. രാസലഹരി ഉൾപ്പെടെ സ്ത്രീകൾ ഒളിപ്പിച്ചു കടത്തുന്നത് പിടികൂടാൻ പലപ്പോഴും കഴിയാതെ വരുന്നു. സ്ത്രീകളെ പരിശോധിക്കാൻ വനിതാ ഉദ്യോഗസ്ഥർ വേണമെന്നിരിക്കേ, അവരുടെ അസാന്നിധ്യം ലഹരിക്കടത്തുകാർക്ക് ഗുണമാകുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group