
തിരുവനന്തപുരം: ഐഎസ്‌ആർഒ സ്ഥാപനമായ വലിയമല ലിക്രിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിനു സമീപത്തെ 25 കുടുംബങ്ങളുടെ താമസസ്ഥലം ഉൾപ്പെടെയുള്ള ഭൂമി ഏറ്റെടുക്കുന്നതിൽ നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് മന്ത്രി ജി.ആർ. അനിൽ നിർദേശം നൽകി. മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ഐഎസ്ആർഒ വളപ്പിനു സമീപത്തെ താമസക്കാരായ 25 കുടുംബങ്ങൾക്കു യാത്രയ്ക്ക് ഏറെ പ്രയാസങ്ങൾ നേരിട്ടിരുന്നു. വളപ്പ് കടന്നുമാത്രമേ പ്രദേശവാസികൾക്കു വീടുകളിലേക്ക് എത്താനാകൂ. പ്രതിസന്ധി പരിഹരിക്കാൻ ഈ സ്ഥലംകൂടി ഐഎസ്ആർഒ ഏറ്റെടുക്കണമെന്ന ആവശ്യമാണ് പ്രദേശവാസികൾ ഉന്നയിച്ചിരുന്നത്. സ്ഥലം ഏറ്റെടുക്കൽ സംബന്ധിച്ച പരാതികൾ സൗഹൃദപരമായി ചർച്ചയിലൂടെ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു. വീടുകളിലേക്കുള്ള വഴി പൂർണമായും തടസ്സപ്പെടുന്നതും അതിർത്തി തിരിക്കുമ്പോൾ ഗതാഗതസൗകര്യം ഉറപ്പാക്കുന്നതും ഉൾപ്പെടെയുള്ള പരാതികൾ യോഗത്തിൽ ചർച്ചചെയ്തു.
ഇടമല ഭാഗത്ത് 25 വീടുകൾ ഉൾപ്പെടുന്ന മൂന്നേക്കർ സ്ഥലം വിട്ടുനൽകാൻ ഉടമസ്ഥർ തയ്യാറായിട്ടുണ്ട്. മൂന്നുമാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കാൻ കേന്ദ്രാനുമതി ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് എൽപിഎസ്‌സി ഡയറക്‌ടറോടു നിർദേശിച്ചു.
നേരിട്ടുള്ള ക്രയവിക്രയത്തിന് കേന്ദ്രവകുപ്പിൻ്റെ അനുമതി ലഭ്യമായാൽ കാലതാമസം ഒഴിവാക്കി വേഗത്തിൽ സംസ്ഥാന സർക്കാർ നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
സ്ഥലം ഏറ്റെടുക്കൽ നടപ്പാക്കുന്നതുവരെ താത്‌കാലിക വയർ ഫെൻസിങ് സ്ഥാപിച്ച് വാഹനങ്ങൾ കടന്നുപോകാൻ സൗകര്യമൊരുക്കും. റോഡിന്റെ ഇരുവശങ്ങളും ഐഎസ്‌ആർഒ ഏറ്റെടുത്തപ്പോൾ സുരക്ഷാമേഖലയുടെ മധ്യത്തിലൂടെ കടന്നുപോകുന്ന പതിനാറാംകല്ല്- മല്ലമ്പ്രക്കോണം റോഡ് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ നടപടി ഉറപ്പാക്കണമെന്നും ഇക്കാര്യങ്ങൾ പഠിച്ച് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ തീരുമാനമെടുക്കണമെന്നും ഐഎസ്ആർഒ ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു.
കളക്ടർ അനുകുമാരി, എൽപി.എസ്‌സി ഡയറക്‌ടർ എം. മോഹൻ, കൺട്രോളർ രാമകൃഷ്ണൻ, നഗരസഭാ ചെയർപേഴ്‌സൺ സി.എസ്. (ശ്രീജ, ആർഡിഒ കെ.പി. ജയകുമാർ, എൽഎ ഡെപ്യൂട്ടി കളക്‌ടർമാരായ ജേക്കബ് സഞ്ജയ് ജോൺ, പ്രേംലാൽ തഹസിൽദാർ സജി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരികേശൻ നായർ, കൗൺസിലർമാരായ വിദ്യ, ലളിത, നാട്ടുകാരുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group