
ന്യൂഡൽഹി: ജഡ്‌ജിനിയമനത്തിനുള്ള കൊളീജിയം സമ്പ്രദായം വീണ്ടും ചർച്ചയാകുമ്പോൾ, ഇതുസംബന്ധിച്ച പുതിയ ബിൽ വേണമെന്ന നിലപാടിൽ കോൺഗ്രസും. കൊളീജിയത്തിനുപകരം 2014-ൽ പാർലമെൻ്റ് പാസാക്കിയ ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ നിയമം (എൻജെഎസി) 2015-ൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. അതേ നിയമം കൊണ്ടുവരാനുള്ള ബില്ലിനോട് യോജിപ്പില്ലെങ്കിലും ജഡ്‌ജിമാർതന്നെ ജഡ്‌ജിമാരെ നിയമിക്കുന്ന കൊളീജിയം രീതി മാറണമെന്ന നിലപാടാണ് കോൺഗ്രസ് നേതാക്കൾ പങ്കുവെക്കുന്നത്. അതേസമയം, ജഡ്‌ജിനിയമനത്തിൽ നിയന്ത്രണം സർക്കാരിനാകരുതെന്നാണ് കോൺഗ്രസിന്റെ നിലപാട്.
ഡൽഹി ഹൈക്കോടതിയിലെ (ഇപ്പോൾ അലഹാബാദ് ഹൈക്കോടതിയിൽ ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽനിന്ന് വൻതോതിൽ പണംകണ്ടെത്തിയ സംഭവത്തെത്തുടർന്നാണ് കൊളീജിയം സമ്പ്രദായത്തിൻ്റെ പോരായ്‌മകൾ വീണ്ടും ചർച്ചയായത്. ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർതന്നെ രാജ്യസഭയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി. എൻജെഎസി നിയമം ഉണ്ടായിരുന്നെങ്കിൽ ഇതു സംഭവിക്കുമായിരുന്നോ എന്നാണ് ധൻകർ ചോദിച്ചത്.
ജഡ്ജി വിഷയത്തിൽ ഉപരാഷ്ട്രപതി വിളിച്ച യോഗത്തിൽ പങ്കെടുക്കുംമുൻപ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മുതിർന്ന പാർട്ടി നേതാക്കളുമായി ഈ വിഷയം ചർച്ചചെയ്‌തതായി പറയുന്നു. കൊളീജിയം മാറണമെന്ന് നേതാക്കൾക്ക് അഭിപ്രായമുണ്ട്. അതേസമയം, നിയന്ത്രണം സർക്കാരിലേക്ക് പൂർണമായും മാറുകയുമരുത്. പരിഷ്കരിച്ചതും മെച്ചപ്പെട്ടതുമായ നിയമമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ജഡ്‌ജിമാരുടെ വിശ്വാസ്യതകൂടി ഉയർത്തിപ്പിടിക്കാൻ കഴിയുന്ന നിയമമായിരിക്കണം വേണ്ടതെന്ന അഭിപ്രായവും ചില കോൺഗ്രസ് നേതാക്കൾക്കുണ്ട്. തെറ്റുചെയ്യുന്ന ജഡ്‌ജിമാരെ ഇംപീച്ച് ചെയ‌് പുറത്താക്കുകയല്ലാതെ അതിൽക്കുറഞ്ഞ ഒന്നിനും വ്യവസ്ഥയില്ലാത്ത സാഹചര്യമുണ്ടാകരുതെന്ന് മനീഷ് തിവാരിയെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ പറയുന്നു. ജഡ്‌ജിമാർ ചെയ്യുന്ന എല്ലാ തെറ്റുകളും ഇംപീച്ച്മെന്റ് അർഹിക്കുന്നതാകണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014-ലെ എൻജെഎസി ബില്ലിനെ പാർലമെൻ്റിൽ കോൺഗ്രസ് പിന്തുണച്ചിരുന്നു.
ആറ് അംഗങ്ങളുള്ള സമിതിയായിരുന്നു എൻജെഎസി. ചീഫ് ജസ്റ്റിസുൾപ്പെടെ സുപ്രീംകോടതിയിലെ മൂന്ന് മുതിർന്ന ജഡ്‌ജിമാർ, കേന്ദ്ര നിയമമന്ത്രി, പൗരസമൂഹത്തിൽനിന്നുള്ള രണ്ട് പ്രഗല്‌ഭർ എന്നിവരാണ് അതിലുണ്ടാവുക. ഈ രണ്ട് പ്രഗല്ഭരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ്' എന്നിവരടങ്ങുന്ന സമിതി തിരഞ്ഞെടുക്കും. എൻജെഎസിയുടെ ശുപാർശ രാഷ്ട്രപതിക്ക് നൽകും.
എന്നാൽ, എൻജെഎസി നിയമം ഭരണഘടനാവിരുദ്ധമാണെന്നു പറഞ്ഞ് സുപ്രീംകോടതി റദ്ദാക്കിയതോടെ കൊളിജിയം സമ്പ്രദായത്തിലേക്കുതന്നെ മടങ്ങി. ജഡ്ജിമാർതന്നെ ജഡ്‌ജിമാരുടെ പേരുകൾ സർക്കാരിനു ശുപാർശചെയ്യുമ്പോൾ കുടുംബവാഴ്‌ചയുൾപ്പെടെ വ്യാപകമാകുന്നതായി ആരോപണമുണ്ട്. മൂന്നുവർഷംമുൻപ്, കിരൺ റിജിജു നിയമമന്ത്രിയായിരിക്കെ എൻജെഎസി വീണ്ടും കൊണ്ടുവരുന്നതിനെക്കുറിച്ച് പാർലമെന്റിലും പുറത്തും പലതവണ പറഞ്ഞിരുന്നു. പിന്നീട് ഇപ്പോഴാണ് ഇക്കാര്യം വീണ്ടും സജീവചർച്ചയാകുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group