
തൃശ്ശൂർ: ഡോക്ടർമാരുടെ 'അടയാള'മായ സ്റ്റെതസ്കോപ്പിൻ്റെ രൂപവും ഭാവവും മാറുന്നു. ഡോക്‌ടറുടെ ചെവിയിൽ വെക്കുന്ന ഭാഗവും രോഗിയുടെ ശരീരത്തിൽ വെക്കുന്ന ഭാഗവും രണ്ടാക്കി സന്ദേശം ബ്ലൂടൂത്തിലൂടെ കൈമാറുന്ന രീതിയിലാണിത് പ്രവർത്തിക്കുന്നത്. രോഗിയും ഡോക്‌ടറും തമ്മിൽ 10 മീറ്റർവരെ അകലെയിരിക്കാം.
വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി കാമ്പസിലെ ലൈവ്സ്റ്റോക് പ്രൊഡക്ഷൻ മാനേജ്‌മെൻ്റ് കോളേജിലെ ഡോ. ജോൺ എബ്രഹാമാണ് പുതിയ സ്റ്റെതസ്കോപ് വികസിപ്പിച്ചത്. നിലവിൽ പേറ്റന്റിനായി അപേക്ഷിച്ചിരിക്കുകയാണ്.
വന്യമൃഗങ്ങളെയും ഉടമയോടുമാത്രം ഇണങ്ങുന്ന വളർത്തുമൃഗങ്ങളെയും ചികിത്സിക്കുമ്പോൾ ഡോക്‌ടർമാർക്ക് അവയുടെ ആക്രമണംവഴി പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ഇത് സഹായിക്കും.
209 വർഷംമുൻപ് റെനെ ലെനെക് കണ്ടുപിടിച്ച സ്റ്റെതസ്കോപ്പിൽ വലിയ മാറ്റമാണ് ഇപ്പോൾ വരുത്തിയിരിക്കുന്നത്. സാധാരണ സ്റ്റെതസ്കോപ്പിന് 8000-ത്തിനുമുകളിൽ വില വരുമ്പോൾ ബ്ലൂടൂത്ത് സ്റ്റെതസ്കോപ്പിന് 5000 രൂപയിൽ താഴെയേവരൂ.
രോഗിയുടെ ശരീരത്തിൽ വെക്കുന്ന സ്റ്റെതസ്കോപ്പിന്റെ ഭാഗം ശബ്ദതരംഗങ്ങൾ ബ്ലൂടൂത്തിലൂടെ ഡോക്‌ടറുടെ ചെവിയിലെ ഇയർഫോണുകളിലേക്ക് കൈമാറും. രണ്ടുഭാഗത്തും ശബ്ദം കൂട്ടാനും കുറയ്ക്കാനും പറ്റും. ഇതുവഴി ഗർഭസ്ഥശിശുവിൻ്റെ ഹൃദയമിടിപ്പുവരെ കൃത്യമായി കേൾക്കാനാകും. ശബ്ദവും തരംഗവും മൊബൈൽഫോണിൽ തത്‌സമയം പകർത്തി സൂക്ഷിക്കാനുമാകും.
സ്റ്റെതസ്കോപ്പിൻ്റെ ശബ്ദം ആവാഹിക്കുന്ന ഭാഗം ഡോക്ടറുടെ നിർദേശപ്രകാരം രോഗിയോ കൂടെയുള്ളവരോ ശരീരത്തിൽ അമർത്തിവെച്ചാൽമതി. കോഴിമാലിന്യത്തിൽനിന്ന് ജൈവ ഡീസൽ നിർമിച്ച് പേറ്റന്റ് നേടിയിട്ടുണ്ട് ഡോ. ജോൺ എബ്രഹാം.
ആരോഗ്യമേഖലയ്ക്ക് ഗുണകരം
പകർച്ചവ്യാധിപോലുള്ള സന്ദർഭങ്ങളിൽ ഉപകാരപ്പെടുന്നതാണ് പുതിയ കണ്ടെത്തൽ. ഡോക്‌ടറിൽനിന്ന് രോഗിയിലേക്കും തിരിച്ചും അണുബാധയുണ്ടാകാനുള്ള സാധ്യതയും ഇത് ഇല്ലാതാക്കുമെന്നതിനാൽ ആരോഗ്യമേഖലയ്ക്ക് ഗുണകരമാണ്.- ഡോ. മോഹനൻ കുന്നുമ്മൽ, വൈസ് ചാൻസലർ, കേരള ആരോഗ്യസർവകലാശാല

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group