പത്തനംതിട്ട: അർബുദം, ലോകത്ത് ഇന്ന് കൂടുതലാളുകൾ മരണപ്പെടുന്നതിന്
കാരണമാകുന്ന രണ്ടാമത്തെ രോഗം. ഇന്ത്യയിലെ അർബുദങ്ങളിൽ ഒന്നാംസ്ഥാനത്തുള്ളത് സ്‌തനാർബുദമാണ്. രണ്ടാമത് വായിലേതും മൂന്നാമതുള്ളത് ഗർഭാശയാർബുദവുമാണ്. ആദ്യഘട്ടത്തിൽത്തന്നെ തിരിച്ചറിയാൻ സാധിക്കുന്ന അർബുദരോഗം 80 ശതമാനത്തോളം ഭേദമാക്കാൻ സാധിക്കുന്നു എന്നത് ലോകത്തിന് വലിയ പ്രതീക്ഷകൾക്കാണ് വഴിതെളിക്കുന്നത്.
എന്താണ് അർബുദം, എങ്ങനെ മനസ്സിലാക്കാം
ശരീരത്തിലെ കോശങ്ങളുടെ അനിയന്ത്രിതവും അസാധാരണവുമായ വളർച്ചയാണ് അർബുദം. മറ്റ് രോഗങ്ങളെപ്പോലെ ഇതിനും ലക്ഷണങ്ങളുണ്ട്. ഒ ാരോന്നിനും പലതരമാണെന്നുമാത്രം. ചിലപ്പോൾ വിട്ടുമാറാത്ത ചുമ, അല്ലെങ്കിൽ ദേഹത്ത് എവിടെയെങ്കിലും പൈട്ടന്ന് ഒരു മുഴ പ്രത്യക്ഷപ്പെടുന്നത്. അകാരണമായി പൈട്ടന്നുണ്ടാകുന്ന ഭാരംകുറയൽ എന്നിവയൊക്കെ അർബുദത്തിന്റെയും ലക്ഷണങ്ങളാകാം, ലക്ഷണങ്ങൾ മനസ്സിലാക്കാൻ പ്രധാനമായും വേണ്ടത് സ്വന്തം ശരീരത്തെക്കുറിച്ചുള്ള അവബോധവും മാറ്റങ്ങൾ ശ്രദ്ധിക്കുക എന്നതുമാണ്.
നേരത്തേയുള്ള കണ്ടെത്തൽ മരണസാധ്യത കുറയ്ക്കുന്നു
അർബുദത്തിന്റെ ആദ്യഘട്ടങ്ങളിൽത്തന്നെയുള്ള കണ്ടെത്തൽ രോഗം പൈട്ടന്ന് ഭേദമാകുന്നതിന് കാരണമാകുന്നു. ഒന്നാംഘട്ടത്തിൽത്തന്നെ കണ്ടെത്തുന്ന അർബുദങ്ങളിൽ 90 ശതമാനവും ഭേദമാക്കാൻ സാധിക്കുന്നു. മിക്കതും റേഡിയേഷനോ ചെലവുകൂടിയ മരുന്നുകളോ ഇല്ലാതെതന്നെ ഭേദമാക്കാൻ സാധിക്കും. അതേസമയം രണ്ടും മൂന്നും ഘട്ടങ്ങളിലാണ് രോഗം കണ്ടെത്തുന്നതെങ്കിൽ ചികിത്സയുടെ കാഠിന്യവും ചെലവും വളരെ കൂടുതലായിരിക്കും. കൂടാതെ, ഇതിനുശേഷമുള്ള പാർശ്വഫലങ്ങളും ഉണ്ടാകും.
പ്രതിരോധ ജനകീയ കാന്പയിനുമായി ആരോഗ്യവകുപ്പ്
സ്ത്രീകളിലെ സ്‌തനാർബുദം, ഗർഭാശയാർബുദം എന്നിവ കണ്ടെത്തുന്നതിന് ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ ലോക അർബുദദിനമായ ഫെബ്രുവരി നാലുമുതൽ മാർച്ച് എട്ടുവരെ ബോധവത്കരണവും സ്ക്രീനിങ് ടെസ്റ്റും നടത്തുകയാണ്. 30 വയസ്സ് കഴിഞ്ഞ സ്ത്രീകളിൽ അർബുദനിർണയ പരിശോധനയിലൂടെ രോഗം നേരത്തേ കണ്ടെത്തുകയും ചികിത്സിച്ച് ഭേദമാക്കുകയുമാണ് ബോധവത്കരണത്തിൻ്റെ ലക്ഷ്യം. സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ നേരിടുന്നവർക്ക് സ്ക്രീനിങ്ങിനും ചികിത്സയ്ക്കുമുള്ള പിന്തുണാസംവിധാനവും ഉറപ്പാക്കുന്നുണ്ട്. 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' എന്ന മുദ്രാഗീതത്തിലൂടെ സ്ത്രീകൾ സ്ത്രീകളോട് സംവദിക്കുന്ന കാമ്പയിനുകൾ എല്ലാ ആരോഗ്യകേന്ദ്രങ്ങൾ, മേജർ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ, സ്വകാര്യ ആശുപത്രികൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടെ നടത്താനാണ് തീരുമാനം. കൂടാതെ, ജനങ്ങളുടെ സംശയനിവാരണത്തിന് ചാറ്റ്ബോട്ട് സംവിധാനവും ഏർപ്പെടുത്തും..
ആദ്യഘട്ടം; തിരിച്ചറിയൽ പ്രധാനം
പലപ്പോഴും അർബുദരോഗികൾ രണ്ടും മൂന്നും ഘട്ടത്തിലാണ് രോഗത്തെ തിരിച്ചറിയുന്നത്. എന്നാൽ, ആദ്യംതന്നെ തിരിച്ചറിഞ്ഞാൽ 40 ശതമാനത്തോളം ആളുകളുടെയും രോഗങ്ങൾ ഭേദമാക്കാൻ സാധിക്കും. പലപ്പോഴും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും വേദനകളും ബുദ്ധിമുട്ടുകളും ആളുകൾ വളരെയധികം കൂടിയശേഷംമാത്രമേ ചികിത്സിക്കാൻ തയ്യാറാകുകയുള്ളു. ഈ രീതി മാറണം. ഇത്തരം പ്രശ്‌നങ്ങൾ അനുഭവപ്പെടുമ്പോൾത്തന്നെ ഒ ാങ്കോളജിസ്റ്റ് വേണമെന്നില്ല, അതത് പ്രശ്നങ്ങൾക്കുള്ള ഡോക്‌ടർമാരെ കാണേണ്ടത് അത്യാവശ്യമാണ്. പിന്നീട് ശ്രദ്ധിക്കേണ്ട പ്രശ്‌നങ്ങളാണെങ്കിൽ ഇവർതന്നെ വിദഗ്‌ധപരിശോധനയ്ക്ക് നിർദേശിക്കും.
നോബിൾ പി.ലിങ്കൺ,
ജൂനിയർ കൺസൾട്ടൻ്റ്, റേഡിയോ ഓങ്കോളജി, ജില്ലാ ആശുപത്രി, കോഴഞ്ചേരി
കുട്ടികളിലെ അർബുദം ചികിത്സിച്ചുമാറ്റാം...അതിജീവനപാതയിൽ ശിവകിരൺ
പത്തനംതിട്ട: തുള്ളിച്ചാടി നടക്കേണ്ട പ്രായത്തിൽ വേദന തുളച്ചുകയറുന്ന ശരീരവുമായി കഴിഞ്ഞ കുരുന്ന്. ഒമ്പതുവർഷത്തിനിപ്പുറം അവൻ ഇന്ന് അതിജീവനപാതയിലാണ്. മാത്തൂർ ഗവ.യു.പി. സ്‌കൂളിൽ ഏഴാം ക്ലാസിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നു, പഠിക്കുന്നു. നിറഞ്ഞുചിരിക്കുന്നു, അർബുദം വന്നാൽ പിന്നെ രക്ഷയില്ലെന്ന സമൂഹത്തിൻ്റെ പൊതുധാരണകൂടിയാണ് പടിക്കുപുറത്തായത്.
2016 ജൂലായിൽ അഞ്ചാം വയസ്സിലാണ് മാത്തൂർ മേലേടത്ത് വീട്ടിൽ ശിവകിരണിന് രക്താർബുദം സ്ഥിരീകരിക്കുന്നത്. ഇടയ്ക്കിടെ പനിവരുമ്പോൾ മാതാപിതാക്കളായ എം.ജി.കണ്ണനും സജിതമോളും ശിവകിരണുമായി ആശുപത്രിയിലേക്ക് പോകും. പിന്നീട് കഴുത്തിൽ നീര് വന്നു. അതും ചികിത്സയിലൂടെ മാറി. എന്നാൽ പതിയെ അവസ്ഥ മോശമായിത്തുടങ്ങി, പാൽപുഞ്ചിരിയുമായി ഓടിനടക്കേണ്ട പ്രായത്തിൽ വായിൽ ചോരനിറഞ്ഞു. മുഖത്ത് പാടുകൾ വന്നു. അതിൽനിന്ന് രക്തം പൊടിഞ്ഞു. 99 ശതമാനവും പടർന്നുവെന്ന് പരിശോധനയിലൂടെ വ്യക്തമായി. എന്നാൽ തോൽക്കാൻ കുടുംബം തയ്യാറായിരുന്നില്ല. അന്നുമുതൽ ശിവകിരണിന് ആർ.സി.സി.യും ഒട്ടേറെ മനുഷ്യരും അഭയകിരണമായി.
തിരുവനന്തപുരം റീജണൽ കാൻസർ സെൻ്ററിൽ ആറുമാസം തുടർച്ചയായ ചികിത്സ. ഒരു വർഷം പഠനം മുടങ്ങി. അച്ഛനും അമ്മയും മകനും ശ്രീകാര്യത്തെ ഓർഫനേജിൽ കഴിഞ്ഞു. കീമോയും പല ചികിത്സയുമായി ഒന്നരവർഷം പിന്നിട്ടു. പിന്നീട് ചെക്കപ്പുകൾ. ഉമ്മൻചാണ്ടിയുടെയും ചാണ്ടി ഉമ്മൻ്റെയും സഹായം ലഭിച്ചു. ചികിത്സയിലായിരുന്ന നാൾ ഉമ്മൻ ചാണ്ടി പതിവായി വിളിച്ചന്വേഷിക്കുമായിരുന്നുവെന്ന് കണ്ണൻ പറഞ്ഞു.
വർഷത്തിൽ ഒരുതവണയാണ് ഇപ്പോൾ ചെക്കപ്പ്, കഴിഞ്ഞ നിയമസഭതിരഞ്ഞെടുപ്പിൽ അടൂർ നിയോജകമണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു എം.ജി.കണ്ണൻ. തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടയിലും മകനുമായി ചികിത്സയ്ക്ക് പോയി. ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയ കുടുംബം ഇന്ന് ആശ്വാസനിറവിലാണ്. ചികിത്സിച്ചാൽ കുട്ടികളിലെ കാൻസർ മാറ്റാനാകുമെന്നും അതിനായില്ലെങ്കിൽ തളരാതെ പിടിച്ചുനിൽക്കാൻ ആകണമെന്നും കണ്ണൻ പറയുന്നു. ഡി.സി.സി. വൈസ് പ്രസിഡന്റാണ് എം.ജി.കണ്ണൻ. ഭാര്യ സജിതമോൾ, തപാൽ വകുപ്പിന്റെ റെയിൽവേ മെയിൽ സർവീസിലാണ്. അനുജൻ: ശിവഹർഷ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group