300 കൊല്ലം ഫലം കാണാത്ത അധ്വാനം
50 കൊല്ലം കൊണ്ട് സാർഥകമാക്കിയ
ഡോ. മണിലാൽ
കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന പ്രാചീന ലാറ്റിന്‍ ഗ്രന്ഥം പ്രസിദ്ധീകരിച്ചതിന്റെ 333-ാം വാര്‍ഷികം, 2012 ഫിബ്രവരിയില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ആഘോഷിക്കുകയുണ്ടായി. അതിന്റെ ഭാഗമായി നടന്ന ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തിയത്, ദക്ഷിണേഷ്യയിലെ വൈദ്യശാസ്ത്ര ചരിത്രം പഠിക്കുന്ന ഡോ. അന്നമ്മ സ്പുടിച്ച് ആയിരുന്നു. യു.എസ്സിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് വിരമിച്ച ശേഷം ചരിത്രപഠനം ആരംഭിച്ച കാലത്ത് 'ഹോര്‍ത്തൂസി'നെക്കുറിച്ച് മനസിലാക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങള്‍ അവര്‍ വിവരിച്ചു.
വാഷിങ്ടണില്‍ പ്രസിദ്ധമായ സ്മിത്‌സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂഷനിലെ ക്യൂറേറ്ററും അറിയപ്പെടുന്ന ഹോര്‍ത്തൂസ് വിദഗ്ധനുമായ ഡാന്‍ നിക്കോള്‍സണെയാണ് അവര്‍ ആദ്യം സമീപിച്ചത്. അദ്ദേഹം ഡോ.സ്പുടിച്ചിനോട് പറഞ്ഞു : 'നിങ്ങള്‍ കേരളത്തിലെത്തി ഡോ.കെ.എസ്.മണിലാലിനെ കാണൂ. ഈ വിഷയത്തില്‍ ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ വിദഗ്ധനാണ് അദ്ദേഹം'. കോട്ടയത്ത് കുടുംബവേരുകളുള്ള ഡോ.സ്പുടിച്ച് അമ്പരപ്പോടെയാണ് ആ വാക്കുകള്‍ കേട്ടത്. കോഴിക്കോട്ടെത്തി ഡോ.മണിലാലിനെ അവര്‍ കണ്ടു. ഡോ.മണിലാലിന്റെ പാണ്ഡിത്യവും അറിവും തന്നെ അദ്ദേഹത്തിന്റെ ആരാധികയാക്കി മാറ്റിയെന്ന് ഡോ.സ്പുടിച്ച് പറഞ്ഞു.
ഡോ.കാട്ടുങ്ങല്‍ സുബ്രഹ്‌മണ്യം മണിലാല്‍ എന്ന ഡോ.കെ.എസ്. മണിലാലിനെ ഒരുപക്ഷേ, കേരളീയര്‍ക്ക് കാര്യമായി അറിയില്ലെങ്കിലും, ലോകം അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ എത്ര ആദരപൂര്‍വം കാണുന്നു എന്നതിന്റെ തെളിവാണ് ഡോ.സ്പുടിച്ച് വിവരിച്ച സംഭവം.
കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയന്‍ വാന്‍ റീഡ് ആണ്, ചേര്‍ത്തല സ്വദേശിയായ ഇട്ടി അച്യുതന്‍ എന്ന പണ്ഡിത ശ്രേഷ്ഠന്റെയും മറ്റ് പലരുടെയും സഹായത്തോടെ ഹോര്‍ത്തൂസ് തയ്യാറാക്കിയത്. ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍നിന്ന് 1678-1693 കാലത്ത് 12 വോള്യങ്ങളായി അത് ലാറ്റിനില്‍ പ്രസിദ്ധീകരിച്ചു. ആ ഗ്രന്ഥത്തെ സമഗ്രമായി മനസിലാക്കാന്‍ പിന്നീട് 300 വര്‍ഷക്കാലം ഒട്ടേറെ വിദഗ്ധര്‍ ശ്രമിച്ചു. ആരും വിജയിച്ചില്ല. ഒടുവില്‍ ആ 'ബാലികേറാമല'യ്ക്ക് മുകളിയെത്തുന്നത് ഡോ.മണിലാല്‍ ആണ്.
ഹോര്‍ത്തൂസില്‍ പരാമര്‍ശിക്കുന്ന 679 സസ്യയിനങ്ങളില്‍ ഒന്നൊഴികെ ബാക്കിമുഴുവന്‍ വീണ്ടും കണ്ടെത്തുകയും ആധുനിക സസ്യശാസ്ത്രപ്രകാരം അവയെ വിശദീകരിക്കുകയും ചെയ്യുന്നതിന് മാത്രം 27 വര്‍ഷമാണ് മണിലാല്‍ ചെലവിട്ടത്. മറ്റ് പലരുടെയും സഹായത്തോടെ ലാറ്റിനില്‍ നിന്ന് ഹോര്‍ത്തൂസിനെ സാധാരണക്കാര്‍ക്ക് വായിക്കാന്‍ പാകത്തില്‍ മാറ്റാന്‍ മണിലാലിന് തന്റെ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ സമര്‍പ്പിക്കേണ്ടി വന്നു. 2003 ല്‍ ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പും, 2008 ല്‍ മലയാളം പതിപ്പും കേരള സര്‍വകലാശാല പ്രസിദ്ധീകരിച്ചു. അതുവഴി കേരളസംസ്‌ക്കാരത്തിലെ വിലപ്പെട്ട ഒരധ്യായം വീണ്ടെടുത്തു നല്‍കുകയായിരുന്നു മണിലാല്‍.
ഒപ്പം കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യവൈവിധ്യം ശാസ്ത്രീയമായി മനസിലാക്കാന്‍ അദ്ദേഹം വര്‍ഷങ്ങളോളം അധ്വാനിച്ചു. ഒരര്‍ഥത്തില്‍ ഇന്ത്യയില്‍ അവഗണിക്കപ്പെട്ടു കിടന്ന സസ്യവര്‍ഗീകരണ ശാസ്ത്രം (ടാക്‌സോണമി) എന്ന പഠനശാഖയെ പുനരുജ്ജീവിപ്പിക്കുകയായിരുന്നു അതുവഴി അദ്ദേഹം.
ഹോര്‍ത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഉള്‍പ്പടെ ഒരു ഡസനിലേറെ ഗ്രന്ഥങ്ങള്‍ മണിലാല്‍ രചിച്ചിട്ടുണ്ട്. 'ഫ്‌ളോറ ഓഫ് കാലിക്കറ്റ്'(1982), 'ഫ്‌ളോറ ഓഫ് സൈലന്റ് വാലി'(1988), 'ബോട്ടണി ആന്‍ഡ് ഹിസ്റ്ററി ഓഫ് ഹോര്‍ത്തൂസ് മലബാറിക്കൂസ്'(1980), 'ആന്‍ ഇന്റര്‍പ്രട്ടേഷന്‍ ഓഫ് വാന്‍ റീഡ്‌സ് ഹോര്‍ത്തൂസ് മലബാറിക്കൂസ്'(1988), 'ഹോര്‍ത്തൂസ് മലബാറിക്കൂസ് ആന്‍ഡ് ദി സോഷ്യോ-കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഇന്ത്യ' (2012) എന്നീ ഗ്രന്ഥങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. 200 ലേറെ ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മണിലാല്‍, 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. നാല് സസ്യയിനങ്ങള്‍ മണിലാലിന്റെ പേരിലും അറിയപ്പെടുന്നു.
1999 ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് വിരമിച്ച മണിലാല്‍, അതിന് ശേഷം കോഴിക്കോട് കേന്ദ്രമായി 'സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഇന്‍ഡീജനസ് നോളജ്, സയന്‍സ് ആന്‍ഡ് കള്‍ച്ചര്‍' എന്ന കൂട്ടായ്മയ്ക്ക് രൂപംനല്‍കി. ആ കൂട്ടായ്മയാണ് 'സമഗ്ര' എന്ന ഗവേഷണ ജേര്‍ണല്‍ പ്രസിദ്ധീകരിക്കുന്നത്. കോഴിക്കോട്ട് ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളുമായും ക്രിയാത്മകമായി സഹകരിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം.(courtesy :mathrubhumi)
(2013 ല്‍ മാതൃഭൂമി നഗരം പേജില്‍ വന്ന ലേഖനത്തിൻ്റെ പുനഃപ്രസിദ്ധീകരണം)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group