ഹോര്‍ത്തൂസ് മലബാറിക്കൂസിന് പുനർജന്മമേകിയ സസ്യശാസ്ത്രജ്ഞന്‍ ഡോ. കെ.എസ് മണിലാല്‍ അന്തരിച്ചു
കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന പ്രാചീന ലാറ്റിന്‍ഗ്രന്ഥം, ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണ് പ്രൊഫ. മണിലാല്‍.
തൃശൂര്‍: പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ് മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതനായിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തൃശൂരിലെ വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍ നടക്കും.
കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി വകുപ്പ് മുന്‍മേധാവിയുമായിരുന്നു കാട്ടുങ്ങല്‍ സുബ്രഹ്‌മണ്യം മണിലാല്‍ എന്ന കെ.എസ്.മണിലാല്‍. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന പ്രാചീന ലാറ്റിന്‍ഗ്രന്ഥം, അമ്പതാണ്ട് കാലത്തെ ഗവേഷണം പ്രവർത്തനം വഴി ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണ്. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യവൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളും പ്രസിദ്ധമാണ്.
കാട്ടുങ്ങല്‍ എ.സുബ്രഹ്‌മണ്യത്തിന്റെയും കെ.കെ.ദേവകിയുടെയും മകനായി 1938 സപ്തംബര്‍ 17ന് പറവൂര്‍ വടക്കേക്കരയിലായിരുന്നു ജനനം. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ നിന്ന് 1964 ല്‍ സസ്യശാസ്ത്രത്തില്‍ പി.എച്ച്.ഡി.നേടി. ആ വര്‍ഷംതന്നെ കേരള സര്‍വകലാശാലയുടെ കാലിക്കറ്റ് സെന്ററില്‍ ബോട്ടണി വകുപ്പില്‍ അധ്യാപനായി ചേര്‍ന്ന അദ്ദേഹം, പിന്നീട് കാലിക്കറ്റ് സര്‍വകലാശാല നിലവില്‍ വന്നപ്പോള്‍ അവിടെ ബോട്ടണി വകുപ്പിന്റെ ഭാഗമായി. 1976 ല്‍ പ്രൊഫസറായി സ്ഥാനക്കയറ്റം കിട്ടിയ മണിലാല്‍, 1986 ല്‍ സീനിയര്‍ പ്രൊഫസറും വകുപ്പ് മേധാവിയുമായി.
പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് 12 വാള്യങ്ങളുള്ള 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' തയ്യാറാക്കിയത്. ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിച്ച ആ ലാറ്റിന്‍ ഗ്രന്ഥം, മൂന്നു നൂറ്റാണ്ടിനുശേഷം മണിലാലിന്റെ പ്രവര്‍ത്തനഫലമായാണ് ആദ്യമായി ഇംഗ്ലീഷിലും മലയാളത്തിലും എത്തിയത്. 1958 മുതല്‍ അദ്ദേഹം നടത്തിയ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനമാണ്, 2003 ല്‍ 'ഹോര്‍ത്തൂസി'ന്റെ ഇംഗ്ലീഷ് പതിപ്പിന്റെയും 2008 ല്‍ മലയാളം പതിപ്പിന്റെയും പ്രസിദ്ധീകരണത്തിലേക്ക് നയിച്ചത്. കേരള സര്‍വകലാശാലയാണ് ഹോര്‍ത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ പ്രസിദ്ധീകരിച്ചത്. അതിനിടെ, 'റോയല്‍ സൊസൈറ്റി നഫീല്‍ഡ് ഫൗണ്ടേഷന്‍ ഫെലോ' ആയി തിരഞ്ഞെടുക്കപ്പെട്ട മണിലാല്‍ 1971 ല്‍ ബ്രിട്ടനില്‍ സസ്യശാസ്ത്ര ഗവേഷണം നടത്തി.
1970-74 കാലത്താണ് കോഴിക്കോട് നഗരത്തിലെയും പരിസരത്തെയും സസ്യസമ്പത്തിനെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തില്‍ പഠനം നടന്നത്. 1981-85 കാലത്ത് സൈലന്റ് വാലിയിലെ സസ്യവൈവിധ്യത്തെക്കുറിച്ച് മണിലാലും കൂട്ടരും നടത്തിയ പഠനം, ആ അമൂല്യമഴക്കാടുകളെ രക്ഷിക്കുന്നതിന് സഹായകമായി. ഒരുകാലത്ത് ഇന്ത്യന്‍ ഗവേഷകര്‍ക്കിടയില്‍ അവഗണിക്കപ്പെട്ട സസ്യവര്‍ഗീകരണശാസ്ത്രത്തിന് (ടാക്‌സോണമി) പുതുജീവന്‍ നല്‍കാനും മണിലാലിന്റെ നേതൃത്വത്തില്‍ നടന്ന പഠനങ്ങള്‍ വഴിതെളിച്ചു. കാലിക്കറ്റ് സർവകലാശാല കേന്ദ്രമായി 1989 ല്‍ 'ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആന്‍ജിയോസ്‌പേം ടാക്‌സോണമി' (ഐ.എ.എ.ടി) സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത മണിലാല്‍, അതിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. ആ സംഘടനയുടെ നേതൃത്വത്തില്‍ 1991 ല്‍ പ്രസിദ്ധീകരണം ആരംഭിച്ച 'റീഡിയ' ഗവേഷണ ജേര്‍ണലിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്നു..
ഹോര്‍ത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ ഉള്‍പ്പടെ ഒരു ഡസനിലേറെ ഗ്രന്ഥങ്ങള്‍ മണിലാല്‍ രചിച്ചിട്ടുണ്ട്. 'ഫ്‌ളോറ ഓഫ് കാലിക്കറ്റ്'(1982), 'ഫ്‌ളോറ ഓഫ് സൈലന്റ് വാലി' (1988), 'ബോട്ടണി ആന്‍ഡ് ഹിസ്റ്ററി ഓഫ് ഹോര്‍ത്തൂസ് മലബാറിക്കൂസ്'(1980), 'ആന്‍ ഇന്റര്‍പ്രട്ടേഷന്‍ ഓഫ് വാന്‍ റീഡ്‌സ് ഹോര്‍ത്തൂസ് മലബാറിക്കൂസ്'(1988), 'ഹോര്‍ത്തൂസ് മലബാറിക്കൂസ് ആന്‍ഡ് ദി സോഷ്യോ-കള്‍ച്ചറല്‍ ഹെറിറ്റേജ് ഓഫ് ഇന്ത്യ' (2012) എന്നീ ഗ്രന്ഥങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. 200 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മണിലാല്‍, 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. നാല് സസ്യയിനങ്ങള്‍ അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
ശാസ്ത്രമേഖലയില്‍ നല്‍കിയ സംഭാവനകളെ പരിഗണിച്ച്, 2020 ലാണ് രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചത്. സസ്യവര്‍ഗീകരണ ശാസ്ത്രത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തി 2003ൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇ.കെ.ജാനകി അമ്മാള്‍ പുരസ്‌കാരവും സമ്മാനിച്ചിട്ടുണ്ട്.
ഡച്ച് രാജ്ഞി ബിയാട്രിക്‌സിന്റെ ശുപാര്‍ശ പ്രകാരം നല്‍കപ്പെടുന്ന നെതര്‍ലന്‍ഡ്‌സിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരമായ 'ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്‌നാസ്സൗ' 2012 ല്‍ മണിലാലിനെ തേടിയെത്തി. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഏഷ്യക്കാരനാണ് മണിലാല്‍. കൂടാതെ, ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ 'വിശ്വംഭര്‍ പുരി മെഡല്‍' (1990), ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ആന്‍ജിയോസ്‌പേം ടാക്‌സോണമി ഏര്‍പ്പെടുത്തിയിട്ടുള്ള 'വൈ.ഡി.ത്യാഗി ഗോള്‍ഡ് മെഡല്‍' (1998) എന്നിവയും ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റായി 1999 ല്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ട്രഷറര്‍ ആയും (1984-1986) പ്രവര്‍ത്തിച്ചിട്ടുണ്ട്.
1999 ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് വിരമിച്ച മണിലാല്‍, അതിന് ശേഷം കോഴിക്കോട് കേന്ദ്രമായി 'സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഇന്‍ഡീജനസ് നോളജ്, സയന്‍സ് ആന്‍ഡ് കള്‍ച്ചര്‍' എന്ന കൂട്ടായ്മയ്ക്ക് രൂപംനല്‍കി. ആ കൂട്ടായ്മയാണ് 'സമഗ്ര' എന്ന ഗവേഷണ ജേര്‍ണല്‍ പ്രസിദ്ധീകരിക്കുന്നത്.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഹരിതഭൂപടം: കെ.എസ്.മണിലാലും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാംപിറവിയും' (2012) എന്ന പുസ്തകം, ഹോര്‍ത്തൂസിനെ സാധാരണക്കാരിലെത്തിക്കാന്‍ മണിലാല്‍ നടത്തിയ 50 വര്‍ഷത്തെ കഥയാണ് പറയുന്നത്. ഒപ്പം ഹോര്‍ത്തൂസിന്റെ കഥയും.
ഭാര്യ: ജ്യോത്സ്‌ന. മകൾ: അനിത. മരുമകൻ: കെ.പി.പ്രീതന്‍.
( courtesy :mathrubhumi )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group