പേരാവൂർ : ഡോക്ടർമാർ ആവശ്യത്തിനില്ലാതായതോടെ പേരാവൂർ താലൂക്ക് ആസ്പത്രിയിലെ അത്യാഹിതവിഭാഗം രാത്രിസേവനം നിർത്തി. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന അത്യാഹിത വിഭാഗത്തിന്റെ സേവനമാണ് ഇനിയൊരറിയിപ്പുണ്ടാകുംവരെ 12 മണിക്കൂർ മാത്രമാക്കി പരിമിതപ്പെടുത്തിയത്. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ മാത്രമേ അത്യാഹിതവിഭാഗം പ്രവർത്തിക്കുകയുള്ളൂവെന്ന് ആസ്പത്രി സൂപ്രണ്ട് അറിയിപ്പ് പതിക്കുകയുംചെയ്തിട്ടുണ്ട്. ഡോക്ടർമാരുടെ കുറവ് കാരണം ഒ.പി. പ്രവർത്തനം അവതാളത്തിലായതിന് പിന്നാലെയാണ് നിർധന രോഗികളെ ദുരിതത്തിലാക്കുന്ന അധികൃതരുടെ പുതിയ തീരുമാനം
14 ഡോക്ടർമാർ വേണ്ടിടത്ത് ഏഴുപേർ മാത്രം :സൂപ്രണ്ടിനുപുറമെ 14 ഡോക്ടർമാരാണ് ആസ്പത്രിയിൽ വേണ്ടത്. നിലവിൽ ഏഴുപേർ മാത്രമാണ് ഉള്ളത്. സൂപ്രണ്ട് (ഒന്ന്), കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (നാല്), അസി. സർജൻ (രണ്ട്), ഗൈനക്ക് (മൂന്ന്), ശിശുരോഗവിദഗ്ധൻ (ഒന്ന്), ഇ.എൻ.ടി. (ഒന്ന്), ദന്തൽ (ഒന്ന്), മെഡിസിൻ (രണ്ട്) എന്നിങ്ങനെയാണ് പേരാവൂർ താലൂക്കാസ്പത്രിയിലെ കണക്ക്. നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ വേണ്ടിടത്ത് നിലവിൽ ഒരാൾ മാത്രമാണുള്ളത്.
രണ്ട് അസി. സർജന്മാരിൽ ഒരാൾക്ക് മൊബൈൽ ട്രൈബൽ മെഡിക്കൽ യൂണിറ്റിലാണ് ഡ്യൂട്ടി. ഇ.എൻ.ടി. വിഭാഗത്തിലും ദന്തരോഗ വിഭാഗത്തിലും മാസങ്ങളായി ഡോക്ടർമാരില്ല. പ്രദേശത്തെ സർക്കാർ ആസ്പത്രികളിൽ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഡോക്ടർമാരെ നിയോഗിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കുമെങ്കിലും പേരാവൂർ താലൂക്ക് ആസ്പത്രിയിൽ ഇത്തരമൊരു ഇടപെടലും നടക്കുന്നില്ല. അസ്ഥിരോഗം, ശസ്ത്രക്രിയ, അനസ്തീഷ്യ തസ്തികൾ പേരാവൂരിലില്ല.
ആരോഗ്യ വകുപ്പ് മൗനത്തിൽ
മലയോരമേഖലയിലെ എട്ട് പഞ്ചായത്തുകളിലെയും ആറളം ഫാം പുനരധിവാസമേഖലയിലെയും ആയിരങ്ങൾ ദിവസവും ആശ്രയിക്കുന്ന പേരാവൂർ ആസ്പത്രിക്ക് വിദഗ്ധ ഡോക്ടർമാരെ അനുവദിക്കുന്ന കാര്യത്തിലും ആരോഗ്യ വകുപ്പ് മൗനത്തിലാണ്. ഓപ്പറേഷൻ തിയേറ്റർ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ പ്രസവശുശ്രൂഷകൾ നിലച്ചിട്ടും രണ്ടാഴ്ചയിലധികമായി. സേവനങ്ങൾ ഭാഗികമായതോടെ പരിയാരം, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലെ സർക്കാർ ആസ്പത്രിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് മലയോരത്തെ നിർധന രോഗികൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group