കുറ്റിപ്പുറം : ‘സെപ്റ്റിക് ഷോക്ക്’ എന്ന രോഗാവസ്ഥയുടെ പിടിയിലമർന്ന വിദ്യാർഥിനിയെ രക്ഷിച്ചെടുക്കാൻ കഴിഞ്ഞതിന്റെ കൃതാർഥതയിലാണ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ ആതുര ശുശ്രൂഷകർ. തവനൂർ കേളപ്പജി കാർഷിക എൻജിനീയറിങ് കോളേജിലെ ഗവേഷകവിദ്യാർഥിനിയും മഹാരാഷ്ട്ര സ്വദേശിനിയുമായ മൃണാളിനിയെ (24) ആണ് അതിതീവ്രമായ അവസ്ഥയിൽനിന്ന് ആശുപത്രിയിലെ ജീവനക്കാർ രക്ഷിച്ചെടുത്തത്. ജലാംശം അമിതമായി നഷ്ടപ്പെട്ട് വൃക്കകളുടെയും കരളിെന്റയും പ്രവർത്തനം താറുമാറാകുകയും രക്തത്തിൽ അണുബാധ ഉണ്ടാകുകയും അപകടകരമായ നിലയിലേക്കു പോകുകയുംചെയ്യുന്ന രോഗാവസ്ഥയാണ് സെപ്റ്റിക് ഷോക്ക്.
ആ അവസ്ഥയിൽനിന്നാണ് ഒരാഴ്ചത്തെ തീവ്ര പരിചരണവും കരുതലും നൽകി മൃണാളിനിയെ ജീവിതത്തിലേക്കു തിരികെയെത്തിച്ചത്. ഒരാഴ്ച മുൻപാണ് പനിയും വയറിളക്കവുമായി അവശനിലയിൽ മൃണാളിനിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ മൃണാളിനിയുടെ വീട്ടുകാർ അവരെ സ്വദേശമായ മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി ചികിത്സിക്കാമെന്ന് അറിയിച്ചു. എന്നാൽ, ഈ അവസ്ഥയിൽ യാത്ര അപകടകാരമാണെന്നും രണ്ടു ദിവസം ഐ.സി.യു.വിൽ കിടത്തി വിദഗ്ധ ചികിത്സനൽകി ആരോഗ്യനില മെച്ചപ്പെട്ടശേഷം പോകാമെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഡോ. ഷമീൽ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
ആദ്യ രക്ത പരിശോധനാഫലം വന്നപ്പോൾ തന്നെ രോഗി ഗുരുതരാവസ്ഥയിലാണെന്നു വ്യക്തമായി. ജലാംശം അമിതമായി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനങ്ങളും താളം തെറ്റിയിരുന്നു. ഡ്യൂട്ടി സമയം പോലും നോക്കാതെയാണ് ഡോക്ടർമാരും മറ്റു ജീവനക്കാരും തീവ്രപരിചരണം നൽകിയത്. അസുഖം പൂർണമായും ഭേദമായതോടെ കഴിഞ്ഞദിവസം മൃണാളിനിയെ വീട്ടുകാർ നാട്ടിലേക്ക് കൊണ്ടുപോയി. കുട്ടിയെ രക്ഷിച്ചെടുത്ത ആശുപത്രി ജീവനക്കാർക്ക് നന്ദി പറഞ്ഞ് മഹാരാഷ്ട്രയിലേക്കു യാത്രയാകുമ്പോൾ രക്ഷിതാക്കളുടെ കണ്ണുകൾ നനയുണ്ടായിരുന്നു.
ആശുപത്രി സൂപ്രണ്ട് ഡോ. എൻ.ആർ. സജിയുടെ ഏകോപനത്തിൽ ഫിസിഷ്യൻ ഡോ. ഷമീൽ കെ.എം., സുഹൈൽ, ഹെഡ് നഴ്‌സ് രജിത, നഴ്‌സിങ് ഓഫീസർമാരായ അജീഷ്, റാണി, സൂര്യ, നിത്യ, ലയന, ലിസമോൾ, നഴ്‌സിങ് അസിസ്റ്റന്റുമാരായ മുഹമ്മദ്, പ്രിയ എന്നിവരാണ് ചികിത്സയും പരിചരണവുമൊരുക്കിയത്.
ചികിത്സയും പരിചരണവും നൽകി വിദ്യാർത്ഥിനിയുടെ ജീവൻ രക്ഷിച്ച കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മുഴുവൻ ജീവനക്കാരെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group