കണ്ണൂർ : തളിപ്പറമ്പിൽ മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പും നഗരസഭാ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത കുടിവെള്ളത്തിൽ ഇ. കോളി ബാക്ടീരിയ കണ്ടെത്തി. മലത്തിൽ കാണുന്ന ബാക്ടീരിയയാണിത്. കുടിക്കാനായി വിതരണംചെയ്യുന്ന വെള്ളത്തിൽ ഈ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാവാൻപാടില്ല. സ്വകാര്യ കുടിവെള്ള വിതരണക്കാർ മലിനജലമാണ് വിതരണംചെയ്യുന്നതെന്നും ഇത് മഞ്ഞപ്പിത്തത്തിന് വഴിവെക്കുമെന്നും ഇതോടെ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
ഇ .കോളി ഉൾപ്പടെയുള്ള കോളിഫോം ബാക്ടീരിയ 100 മില്ലിലിറ്ററിൽ 116 ആണ് കണ്ടത്. വ്യാഴാഴ്ച നഗരസഭാ പ്രദേശത്ത് വിതരണംചെയ്യുമ്പോൾ പിടിച്ചെടുത്ത ജാഫർ കുടിവെള്ളവിതരണക്കാരുടെ വെള്ളം കേരള വാട്ടർ അതോറിറ്റിയുടെ ലാബിൽ പരിശോധിച്ചതിലാണ് ഇ. കോളിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇത് വിതരണംചെയ്ത ജാഫർ കുടിവെള്ള വിതരണക്കാരുടെ ബാരലും ഗുഡ്‌സ് ഓട്ടോയും മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം പിടിച്ചെടുത്തിട്ടുണ്ട്. സ്വകാര്യ ഏജൻസികളുടെ കുടിവെള്ളവിതരണം ഒരു അറിയിപ്പുണ്ടാകുന്നതുവരെ നഗരസഭ നിരോധിച്ചിരിക്കയാണ്.
നിലവിൽ കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴയിലെ ഒരു കിണറിൽനിന്നാണ് ഇവർ കുടിവെള്ളത്തിനായി വെള്ളം എടുക്കുന്നതായി പറയുന്നത്. ആ കിണർ ആരോഗ്യ വകുപ്പ് അധികൃതർ സന്ദർശിക്കുകയും കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കാനും തുടർച്ചയായി ക്ലോറിനേഷൻ നടത്താനും ആവശ്യപ്പെട്ടിരുന്നു. ഈ കിണർ വെള്ളത്തിന്റെ വാട്ടർ ക്വാളിറ്റി ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കിയത് പ്രകാരം ശുദ്ധതയുള്ളതാണ്. അതേസമയം വെള്ളം തളിപ്പറമ്പ് നഗരത്തിൽ വിതരണംചെയ്യുമ്പോൾ പിടിച്ചെടുത്ത സാമ്പിളിൽ ഇ. കോളി സാന്നിധ്യം കണ്ടെത്തിയതിനെ ജില്ലാ ആരോഗ്യവിഭാഗം സംശയത്തോടെ കാണുകയാണ്.
ആരോഗ്യ വകുപ്പ് സംശയിക്കുന്നത്
കുടിവെള്ളവിതരണക്കാർ നിർദേശിച്ചപ്രകാരമുള്ള കൃത്യമായ ക്ലോറിനേഷൻ നടപടികളോ ശുദ്ധീകരണ പ്രവർത്തികളോ ചെയ്യുന്നില്ല
വെള്ളത്തിന്റെ ഗുണപരിശോധനാ റിപ്പോർട്ട് ഹാജരാക്കിയത് കൃത്രിമമായി ഉണ്ടാക്കിയതാവാം. ഒന്നുകിൽ മറ്റേതെങ്കിലും വെള്ളമോ അല്ലെങ്കിൽ വളരെ ഉയർന്നതോതിൽ ക്ലോറിനേഷൻ നടത്തിയതിന് ശേഷം ശേഖരിച്ച വെള്ളമോ ആയിരിക്കാം പരിശോധിച്ചത്.
കിണർവെള്ളം ശുദ്ധീകരിക്കുന്നുണ്ടെങ്കിൽത്തന്നെ തളിപ്പറമ്പ് നഗരത്തിൽ വിതരണംചെയ്യാനായിട്ട് ഉപയോഗിക്കുന്നത് ഈ കിണറിലെ വെള്ളമല്ല. മലം കലർന്ന മറ്റേതെങ്കിലും വെള്ളമാണ്.
ജില്ലാ ആരോഗ്യവിഭാഗം കണ്ടെത്തിയത്
മഞ്ഞപ്പിത്തത്തിന്റെ ഉറവിടം തേടി ജില്ലാ ആരോഗ്യവിഭാഗം നടത്തിയ സമഗ്ര അന്വേഷണത്തിൽ കണ്ടെത്തിയ ചില വസ്തുതകൾ:
തളിപ്പറമ്പ് നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളിലും റസ്റ്ററന്റുകളിലും തട്ടുകടകളിലും നിലവിൽ കുടിവെള്ളം എത്തിക്കുന്നത് ജാഫർ കുടിവെള്ളവിതരണക്കാരാണ്. ഈ പറഞ്ഞ സ്ഥാപനങ്ങൾക്ക് എല്ലാം കുടിവെള്ളത്തിന് വാട്ടർ അതോറിറ്റിയുടെ കണക്‌ഷൻ ഉണ്ട്. എന്നാൽ പ്രതിമാസ ബില്ല് 500 രൂപയിൽ താഴെയാണ്.
എല്ലാ ദിവസവും വാട്ടർ അതോറിറ്റിയുടെ വെള്ളമാണ് ഉപയോഗിക്കുന്നതെങ്കിൽ ബിൽ ഇത്ര മതിയാവില്ല. അതിനാൽ ദൈനംദിന ആവശ്യങ്ങൾക്ക് ഈ കുടിവെള്ളം ഉപയോഗിക്കുന്നില്ല. നഗരസഭാ ലൈസൻസ് നേടാൻ മാത്രമാണ് കണക്‌ഷൻ എടുത്തിട്ടുള്ളത്.
സ്വകാര്യ കുടിവെള്ള ഏജൻസി വിതരണംചെയ്യുന്ന വെള്ളം ഉപയോഗിക്കുന്ന ദിവസങ്ങളിൽ ഈ ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് അസുഖം വരുന്നു. വാട്ടർ അതോറിറ്റിയുടെ വെള്ളം ഉപയോഗിക്കുന്ന ദിവസങ്ങളിൽ ഭക്ഷണം കഴിക്കുന്നവർക്ക് പ്രശ്നമില്ല.
ഏഴാംമൈലിലെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അവരുടെ കിണറിലെ വെള്ളം ലഭ്യമല്ലാത്ത വേളയിൽ കുറച്ചുനാൾ ജാഫർ കുടിവെള്ള വിതരണക്കാരെ ആശ്രയിച്ചിരുന്നു.
അതിനുശേഷം ഒരുമാസം കഴിഞ്ഞപ്പോൾ സ്കൂളിൽ വ്യാപകമായി മഞ്ഞപ്പിത്തം വന്നു. ഇവിടെയും മലം കലർന്ന വെള്ളമാണ് കുടിവെള്ളമായി നൽകിയതെന്ന് വ്യക്തമാകുന്നു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയുഷ് എം. നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ.സി. സച്ചിൻ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ആർ.കെ. മുഹമ്മദ് അഷ്‌റഫ്, ആരോഗ്യ വകുപ്പ് ഫീൽഡ് വിഭാഗം ജീവനക്കാരായ കെ.എൻ. ബിജു, പി. സജീവൻ, പി.വി. പവിത്രൻ, ആർ.എസ്. ആര്യശ്രീ എന്നിവരും മുനിസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ആരോഗ്യവിഭാഗം അധികൃതരും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group