നിർമാണോദ്ഘാടനം ഡിസംബർ 20-ന്
കൊടുമൺ : അങ്ങാടിക്കൽ ഗവ. ആയുർവേദ ആശുപത്രിയിൽ ഒരു കോടി രൂപയുടെ വികസനപദ്ധതി നടപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. നിർമാണ ഉദ്ഘാടനം ഡിസംബർ 20-ന് ആരോഗ്യമന്ത്രി വീണാജോർജ് നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷതവഹിക്കും. നാഷണൽ ആയുഷ് മിഷന്റെ 2023-24 സാമ്പത്തികവർഷത്തെ ആശുപത്രികളുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക വകയിരുത്തിയിട്ടുള്ളത്. മൂന്നുനിലയിൽ വിഭാവനം ചെയ്തിട്ടുള്ള കെട്ടിടത്തിന്റെ ഒന്നാംഘട്ടം എന്ന നിലയിലാണ് പ്രാഥമികമായി ഒരു കോടി രൂപ വകയിരുത്തിയിരിക്കുന്നത്. ബാത്ത് അറ്റാച്ച്ഡ് പേ വാർഡ് മുറികൾ, ഫാർമസി, നഴ്സിങ് റൂം അടക്കമുള്ളവയുടെ നിർമാണ പ്രവർത്തനങ്ങൾ ആണ് നിലവിൽ നടപ്പാക്കുക.
സംസ്ഥാനതലത്തിൽ ആയുർവേദ ആശുപത്രികളുടെ വികസനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ അടൂർ മണ്ഡലത്തിലെ അങ്ങാടിക്കൽ ആശുപത്രിക്ക് പുറമേ അയിരൂർ ആയുർവേദ ആശുപത്രിക്ക് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആയുർവേദ ആശുപത്രിയിൽ ഡെപ്യൂട്ടി സ്പീക്കറുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പരിധിയിലെ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ആരോഗ്യപ്രവർത്തകരുടെയും ആലോചനായോഗം നടന്നു. സംസ്ഥാന സർക്കാരിന്റെ കാലയളവ് തീരുന്നതിനുമുമ്പ് പദ്ധതി പൂർത്തീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group