ഇത്തവണ മികച്ച മാതൃ-ശിശു സൗഹൃദ ആശുപത്രി
ആലപ്പുഴ : അസാധാരണ രൂപത്തിൽ കുഞ്ഞുപിറക്കുകയും വാക്വം ഡെലിവറിയിലൂടെ ജനിച്ച രണ്ടുകുട്ടികളുടെ കൈയുടെ ചലനശേഷി നഷ്ടമാകുകയും ചെയ്തെന്ന പരാതികൾക്കിടെ വീണ്ടും കടപ്പുറം വനിത-ശിശു ആശുപത്രിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. മികച്ച മാതൃ-ശിശു സൗഹൃദ ആശുപത്രിക്കുള്ള മദർ-ബേബി ഫ്രൻഡ്‌ലി ഇനിഷ്യേറ്റീവ് (എം.ബി.എഫ്.എച്ച്.ഐ.) അംഗീകാരമാണ് ആശുപത്രിയെ തേടിയെത്തിയത്.
യുണിസെഫും ലോകാരോഗ്യസംഘടനയും നിശ്ചയിച്ചിട്ടുള്ള 10 ഗുണനിലവാരസൂചികയും മാതൃ-ശിശു സൗഹൃദവും ആരോഗ്യവും സംബന്ധിച്ച സൂചികകളും വിലയിരുത്തിയാണ് അംഗീകാരം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യപരിരക്ഷ, മുലയൂട്ടൽ പ്രോത്സാഹനം, ശിശുമരണനിരക്ക് കുറയ്ക്കൽ, നവജാതശിശുക്കളെ അമ്മമാർ സമയാസമയങ്ങളിൽ മുലയൂട്ടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള നിരീക്ഷണസംവിധാനം തുടങ്ങിയവയാണ് പരിഗണിച്ചത്. മാസങ്ങൾക്കു മുൻപേ ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ നടന്നിരുന്നു. അതുകൊണ്ടുതന്നെ ആശുപത്രിക്കെതിരേ ഇപ്പോൾ ഉയർന്നിട്ടുള്ള പരാതികൾ പരിഗണിച്ചിട്ടില്ല.
ആന്റിബയോട്ടിക് ദുരുപയോഗം തടയാനുള്ള പ്രവർത്തനങ്ങളിലെ മികവിന് ഏതാനും ദിവസം മുൻപ് ആശുപത്രിക്കു പുരസ്കാരം ലഭിച്ചിരുന്നു.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയിൽനിന്ന് ആശുപത്രി സൂപ്രണ്ട് പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു. മാതൃ-ശിശു സൗഹൃദ ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട വിവരം ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് ആരോഗ്യവകുപ്പ് അധികൃതർ ആശുപത്രി അധികൃതരെ അറിയിച്ചത്.
അസാധാരണരൂപത്തിൽ കുഞ്ഞുപിറന്ന സംഭവത്തിൽ ആശുപത്രിയിലെ രണ്ടു വനിതാ ഡോക്ടർമാർക്കെതിരേ ആരോഗ്യവകുപ്പ് അന്വേഷണം നടത്തിയിരുന്നു.
ഗുരുതരവീഴ്ചയൊന്നും ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും താക്കീതു നൽകാനുമായിരുന്നു അന്വേഷണ റിപ്പോർട്ട് ശുപാർശചെയ്തിരുന്നത്. ഇതിനിടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.
ഇതിനിടെയാണ് മാതൃ-ശിശു സൗഹൃദ അംഗീകാരം. ആശുപത്രിക്കെതിരേ ഉയർന്നിട്ടുള്ള പരാതികൾ വ്യാജമാണെന്ന് ആശുപത്രി അധികൃതർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group