ടീമംഗങ്ങളെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി
വൈത്തിരി : താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സമ്പൂർണ ഇടുപ്പ് സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പൊഴുതന സ്വദേശിനിയായ എഴുപത്തൊന്നുകാരി തങ്കത്തിന്റെ ഇടുപ്പുമാറ്റിവെക്കൽ ശസ്ത്രക്രിയയാണ് നടത്തിയത്. സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവുവരുന്ന ശസ്ത്രക്രിയ സർക്കാരിന്റെ ആരോഗ്യസുരക്ഷ പദ്ധതിയിലുൾപ്പെടുത്തി സൗജന്യമായാണ് പൂർത്തീകരിച്ചത്. ശസ്ത്രക്രിയ നടത്തിയ മുഴുവൻ ടീമംഗങ്ങളെയും ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജ് അഭിനന്ദിച്ചു.
രോഗിയുമായി മന്ത്രി സംസാരിച്ചു. ടി. സിദ്ദിഖ് എം.എൽ.എ.യുടെ ഫോണിലൂടെ വീഡിയോകോൾ മുഖേനയാണ് മന്ത്രി രോഗിയുമായി സംസാരിച്ചത്. ഇടുപ്പുവേദനയെത്തുടർന്നാണ് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ തങ്കം ചികിത്സതേടിയത്. പരിശോധനയിൽ ഇടുപ്പ് സന്ധി പൂർണമായും തേയ്മാനം ബാധിച്ചതായി കണ്ടെത്തി. ഇതിനെത്തുടർന്നാണ് സങ്കീർണമായ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിച്ചത്. ശസ്ത്രക്രിയക്കുശേഷം രോഗി സുഖം പ്രാപിച്ചുവരുന്നു.
ജില്ലയിലെ രണ്ടാമത്തെ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ നടത്തിയത്. കഴിഞ്ഞവർഷം മാനന്തവാടി മെഡിക്കൽ കോളേജിൽ സിക്കിൾസെൽ രോഗിക്ക് ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഓർത്തോപീഡിക്‌സ് വിഭാഗത്തിലെ ഡോക്ടർമാരായ രാജഗോപാലൻ, നിഖിൽ നാരായണൻ, അനസ്‌തീസ്യ വിഭാഗം ഡോക്ടർമാരായ സക്കീർ ഹുസൈൻ, സ്വാതി സുതൻ എന്നിവർ നേതൃത്വം നൽകി.
ഡോ. ജെയിൻ, റെജി മോൾ, മിനു ദേവസ്യ, അശ്വതി ചന്ദ്രൻ, അഭിജിത്ത്, റസിയ, ഷിജി എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ആശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻ ജോൺ ആളൂർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group