തൃശ്ശൂർ : മെഡിക്കൽ ഉപകരണനിർമാണത്തിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ. മേഖലയ്ക്കായി അടുത്തിടെ പ്രഖ്യാപിച്ച 500 കോടിരൂപയുടെ പാക്കേജിന് കൃത്യമായ മാർഗനിർദേശം പുറത്തിറക്കി.
തദ്ദേശീയ ഉത്‌പാദനം പ്രോത്സാഹിപ്പിക്കൽ, ഇറക്കുമതി കുറയ്ക്കൽ, ആഗോളതലത്തിലേക്കുള്ള വളർച്ച എന്നിവയാണ് ലക്ഷ്യമിടുന്നത്.
അനുവദിക്കപ്പെട്ട തുകയുടെ വിനിയോഗം സംബന്ധിച്ച നിർദേശം വിശദമായാണ് പുറത്തിറക്കിയിരിക്കുന്നത്. 110 കോടി രൂപ ഗവേഷണ-വികസന പൊതുപരീക്ഷണശാലകൾക്കും ഉപകരണങ്ങൾ രോഗാണുമുക്തമാക്കാനുള്ള പൊതുസംവിധാനത്തിനും ചെലവിടാം. തദ്ദേശീയമായി ഏറ്റവും കുറവ് ഉത്‌പാദിക്കപ്പെടുന്ന 354 ഉപകരണവിഭാഗങ്ങളെ കണ്ടെത്തി അവയുടെ നിർമാണം കൂട്ടാനാണ് 180 കോടി രൂപ മാറ്റിവെച്ചിരിക്കുന്നത്.
മെഡിക്കൽഉപകരണ സാങ്കേതികതയിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ 100 കോടി രൂപയാണ് മുതൽമുടക്കുന്നത്. പി.ജി. ഡിപ്ലോമ, നൈപുണ്യവികസന കോഴ്‌സുകൾക്കാണ് സഹായം കിട്ടുക. സർക്കാർ സ്ഥാപനങ്ങളിലെ കോഴ്‌സുകൾക്കാണ് അർഹതയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മെഡിക്കൽ ഉപകരണങ്ങളുടെ ക്ലിനിക്കൽ പരീക്ഷണരംഗത്തിനാണ് മറ്റൊരു നൂറുകോടി രൂപ മാറ്റിവെച്ചിരിക്കുന്നത്.
പുതിയ ഉപകരണങ്ങളുടെ ഫലപ്രാപ്തി അറിയുന്നതിനുള്ള പരീക്ഷണങ്ങൾക്കാണ് സഹായം. പരീക്ഷണാന്വേഷണങ്ങൾക്ക് അഞ്ചുകോടിയും വിപണനാനന്തര വിലയിരുത്തലിന് ഒരു കോടി രൂപയുമാണ് കിട്ടുക. മേക്ക് ഇൻ ഇന്ത്യ സന്ദേശം പ്രചരിപ്പിക്കാനും കൂടുതൽസംരംഭകരെ ആകർഷിക്കാനുമായുള്ള പരിപാടികൾക്ക് പത്തുകോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.
ഇതിനിടെ മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണാനുമതിക്കും വിലയിരുത്തലിനും മറ്റുമായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുവാനും ഔഷധമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ ഇത്തരം പ്രധാന സ്ഥാനങ്ങളിലെ നിയമന യോഗ്യത ഔഷധരംഗത്തെ വൈദഗ്‌ധ്യമാണെന്ന വസ്തുത വിമർശനത്തിനിടയാക്കിയിട്ടുമുണ്ട്. ഉപകരണ നിർമാണവുമായി ബന്ധപ്പെട്ടവരെയാണ് പരിഗണിക്കേണ്ടതെന്ന വാദമാണ് നിർമാതാക്കളുടെ സംഘടന ഉൾപ്പെടെയുള്ളവർ ഉയർത്തുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group