കോഴിക്കോട്: രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ അത്യപൂർവമായി നടന്നിട്ടുള്ള ഒരു അപസ്മാര ശസ്ത്രക്രിയയ്ക്ക് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കഴിഞ്ഞ ദിവസം സാക്ഷ്യംവഹിച്ചു.
തലയോട്ടി തുറന്ന് തലച്ചോറിൽ ഇലക്ട്രോ കോർട്ടിക്കോ ഗ്രാഫ് (ഇ.സി.ഒ.ജി.) ഘടിപ്പിച്ച് വൈദ്യുത ഉത്തേജനത്തിന്റെ അധികതോത് പരിശോധിച്ചുകൊണ്ട് ശസ്ത്രക്രിയ നടത്തുന്നുവെന്നതാണ് പ്രത്യേകത. കേരളത്തിൽ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്.
വർഷങ്ങളായി അപസ്മാരരോഗത്താൽ ബുദ്ധിമുട്ടുന്ന ഇരുപത്തിയഞ്ച് വയസ്സുകാരിയാണ് തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.
അപസ്മാരശസ്ത്രക്രിയ പത്തുവർഷംമുമ്പ് ഡോ. ജെയിംസ് ജോസ്, ഡോ. ജേക്കബ് ആലപ്പാട്, ഡോ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിച്ചിരുന്നെങ്കിലും ഇലക്ട്രോ കോർട്ടിക്കോ ഗ്രാമിന്റെ സഹായത്തോടെയാകുന്നത് ഇപ്പോഴാണ്.
അപസ്മാരത്തിന് കാരണമായേക്കാവുന്ന തലച്ചോറിലെ പ്രശ്നബാധിതസ്ഥാനം കണ്ടെത്തി, അവിടെ ശസ്ത്രക്രിയ നടത്തി പരിഹാരമുണ്ടാകുകയാണ് ഇതിലൂടെ ചെയ്യുന്നത്. ചില സ്വകാര്യ ആശുപത്രികളിൽ ഇത് ചെയ്യുന്നുണ്ടെങ്കിലും ലക്ഷങ്ങൾ ചെലവുവരും.
മെഡിക്കൽ കോളേജ് ന്യൂറോസർജറി വിഭാഗം പ്രൊഫസർ ഡോ. വി.എം. പവിത്രൻ, അസോ. പ്രൊഫ. ഡോ. പി. അബ്ദുൾ ജലീൽ, ന്യൂറോ മെഡിസിൻ വിഭാഗം അസി. പ്രൊഫ. ഡോ. നീത ബാലറാം എന്നിവരുൾപ്പെട്ട സംഘത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ആറുമണിക്കൂറിലേറെയെടുത്താണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്. ന്യൂറോ സർജറി മേധാവി ഡോ. പ്രകാശൻ, ന്യൂറോ മെഡിസിൻ മേധാവി ഡോ. ബീനാ വാസന്തി, അസി. പ്രൊഫസർമാരായ ഡോ. സുഷ, ഡോ. സുഷിഭ എന്നിവർ മേൽനോട്ടം വഹിച്ചു.
വീഡിയോ ഇ.ഇ.ജി., എം.ആർ.ഐ., പെറ്റ് സ്കാൻ, ന്യൂറോ സൈക്കോളജിക്കൽ പരിശോധനകൾ എല്ലാംനടത്തി, അതിലൂടെ അപസ്മാരത്തിന്റെ പ്രഭവകേന്ദ്രം തലച്ചോറിലെ ഒരിടംതന്നെയാണെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ അപസ്മാരശസ്ത്രക്രിയ നടത്തുകയുള്ളൂ. അതോടൊപ്പം ഈ പ്രഭവകേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തുന്നത് കണ്ണ് ഉൾപ്പെടെ ശരീരത്തിന്റെ ഏതെങ്കിലും പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്നുകൂടി വിലയിരുത്തേണ്ടതുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group