പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്‌പത്രിയിൽ മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് മുഖത്തിന്റെയും താടിയെല്ലുകളുടെയും ശസ്ത്രക്രിയ ചെയ്യാൻ തുടങ്ങി. വൈകല്യം സൂക്ഷ്മമായി മനസ്സിലാക്കാനും സങ്കീർണമായ ശസ്ത്രക്രിയ ഉൾപ്പെടെ കൃത്യമായി ആസൂത്രണം ചെയ്യാനും ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ സഹായിക്കുന്നു.
മുഖത്തെ അസ്ഥികളുടെ സി.ടി. സ്കാൻ എടുത്ത് ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് മാതൃക നിർമിക്കാം. കൃത്യമായ അളവിൽ അസ്ഥി കൃത്രിമമായി പുനർനിർമിച്ച് സ്ഥാപിക്കുകയും ചെയ്യാം. ടെംപറോ മാൻഡിബുലാർ ജോയിന്റിനെ (ചെവിയുടെ സമീപമുള്ള കീഴ്ത്താടിയെല്ലിന്റെ സന്ധി) ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് പ്രസക്തി ഏറെയാണ്. മറ്റു ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയയാണ് പോംവഴി. പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ശസ്ത്രക്രിയ കൂടുതൽ ഫലപ്രദമായി ചെയ്യാനാവുന്നു.
താടിയെല്ലിനെ ബാധിക്കുന്ന ട്യൂമറുകളുടെ ചികിത്സയിലും ഇതേ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 23 കാരനായ യുവാവിന്റെ കീഴ്‍ത്താടിയെല്ലിനെ ബാധിച്ച ട്യൂമർ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുകയും താടിയെല്ലിന്റെ സന്ധി ഉൾപ്പെടെ പുനർനിർമിക്കുകയും ചെയ്തു. മുഖത്തിന്റെയും താടിയെല്ലുകളുടെയും വിവിധ രോഗങ്ങൾ, വൈരൂപ്യങ്ങൾ, മുച്ചിറി, മുറി അണ്ണാക്ക് എന്നിവക്ക് ഏറ്റവും ആധുനികമായ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള ചികിത്സ ഈ വിഭാഗത്തിൽ ലഭ്യമാണ്.
മാക്സിലോഫേഷ്യൽ വിഭാഗത്തിൽ ചെയ്ത ശസ്ത്രക്രിയകളെല്ലാം വിജയമായിരുന്നെന്ന് മേധാവിയായ ഡോ. സോണി ജേക്കബ് പറഞ്ഞു. ഡോ. ടോണി മാത്യു, ഡോ. ജെറിൻ തോമസ്, ഡോ. കെ.വി. സീന എന്നിവരാണ് ഈ വിഭാഗത്തിലെ മറ്റു വിദഗ്ധർ. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ദന്തരോഗവിഭാഗത്തിൽ സൗജന്യ നിരക്കിലാണ് ഈ ചികിത്സാരീതികൾ നടപ്പാക്കിയിട്ടുള്ളതെന്ന് സൂപ്രണ്ട് ഡോ. കെ. സുദീപ് പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group