തിരുവനന്തപുരം : അർബുദം ബാധിച്ച ഇരുതലമൂരിക്ക് അപൂർവ കീമോ ചികിത്സ. മൃഗശാലയിലെ റെഡ് സാൻഡ് ബോവ ഇനത്തിൽപ്പെടുന്ന ഇരുതലമൂരി പാമ്പിന് അഞ്ച് ഡോക്ടർമാർ ചേർന്നാണ് വിദഗ്‌ധ ചികിത്സ നൽകുന്നത്. വായ്ക്കുള്ളിൽ കണ്ടെത്തിയ മാസ്ററ് ട്യൂമറിനാണ് ചികിത്സ.
കഴിഞ്ഞ മാസം 10-ന് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അവശനിലയിൽ കണ്ടെത്തിയ പാമ്പിനെ മൃഗശാലയിൽ എത്തിച്ചത്. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ ദ്രവഭക്ഷണം നൽകുന്നതിനായി ട്യൂബ് ഇടുന്നതിനിടെ പാമ്പിന്റെ വായിൽ മുഴ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഫൈൻ നീഡിൽ ആസ്പിരേഷൻ, ബയോപ്സി പരിശോധനകളിൽ മാസ്‌ററ് സെൽ ട്യൂമർ എന്ന കാൻസർ രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.
സൈക്ലൊഫോസ്ഫമൈഡ് എന്ന കാൻസർ കീമോതെറാപ്പി മരുന്ന് ഇൻജക്ഷനായി നൽകിയുള്ള ചികിത്സയാണ് നടന്നുകൊണ്ടിരിക്കുന്നത്. വായിലൂടെ ട്യൂബ് ഇട്ട് ദ്രവീകൃത ഭക്ഷണം നൽകുന്നുണ്ട്. മൂന്നാഴ്ചത്തെ ചികിത്സയിൽ പാമ്പിന് കാര്യമായ പുരോഗതിയുണ്ടെന്ന് മൃഗശാല വെറ്ററിനറി സർജൻ അറിയിച്ചു.
സി.ടി. സ്കാൻ പരിശോധനയിലും രോഗവ്യാപനം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. രോഗം പൂർണമായും ഭേദമാക്കാനായാൽ മൃഗങ്ങളിലെ മാസ്‌ററ് സെൽ കാൻസർ ചികിത്സയിൽ പുതിയ സാധ്യതയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ദേശം നാല് വയസ്സ് പ്രായമുള്ള ആൺ ഇരുതലമൂരിക്ക് 3.9 കിലോ ഭാരമുണ്ട്. ജില്ലാ വെറ്ററിനറി കേന്ദ്രം ലാബ് വെറ്ററിനറി സർജൻ ഡോ. സി.ഹരീഷ്, ഡോ. വി.ജി.അശ്വതി, ഡോ. ആർ.അനൂപ്, ഡോ. ലക്ഷ്മി എന്നിവർ ചേർന്നാണ് ഇരുതലമൂരിക്കു ചികിത്സ നൽകുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group