ആരോഗ്യവും ക്ഷേമവും
ആയുർവേദവും
: ഡോ. ഡി. രാമനാഥൻ
ഈ വർഷത്തെ ആയുർവേദദിനത്തിന്റെ സന്ദേശം ‘ആഗോള ആരോഗ്യത്തിനായുള്ള ആയുർവേദത്തിന്റെ പുതിയ കാൽവെപ്പ്’ എന്നതാണ്. ആഗോള ആരോഗ്യത്തിനായി ഡബ്ല്യു.എച്ച്.ഒ.യുടെ അംഗീകാരമുള്ള പത്തിലധികം പൂരകവൈദ്യശാസ്ത്രങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ആയുർവേദം.
ആയുർവേദത്തിലെ ഗവേഷണം
ഇന്ത്യയിൽ ഡബ്ല്യു.എച്ച്.ഒ.യുടെ അംഗീകാരത്തോടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള ആഗോളആരോഗ്യകേന്ദ്രം (Global Centre for Traditional Medicine -GCTM) ഗുജറാത്തിലെ ജാംനഗറിൽ 2022-ൽ സ്ഥാപിച്ചു. ആധുനിക ശാസ്ത്രസാങ്കേതികവിദ്യയിലൂടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
പരമ്പരാഗത വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഗവേഷണത്തെളിവുകൾ സൃഷ്ടിക്കുക, നയവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നീ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണിത്.
ഇതേ ഉദ്ദേശ്യത്തോടെ സെന്റർ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (CCRAS) എന്ന ഗവേഷണസംവിധാനം ഇന്ത്യയിൽ മുപ്പതോളം കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
ഈ കേന്ദ്രങ്ങൾ ശാസ്ത്രീയഗവേഷണം, ക്ലിനിക്കൽ പഠനങ്ങൾ, കമ്യൂണിറ്റി ഹെൽത്ത് കെയർ എന്നിവയിൽ ആയുർവേദം മുന്നോട്ടുപോകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കേരളത്തിൽ ചെറുതുരുത്തിയിലും തിരുവനന്തപുരത്തും ഇവ പ്രവർത്തിക്കുന്നു.
ആയുർവേദത്തിലും അനുബന്ധഗവേഷണത്തിലും ഈ സ്ഥാപനങ്ങൾ ഗണ്യമായ സംഭാവനനൽകുന്നു.
ഇവയിൽനിന്നുണ്ടാകുന്ന പ്രസിദ്ധീകരണങ്ങൾ ക്ലിനിക്കൽ, പ്രീ ക്ലിനിക്കൽ, ഡ്രഗ്ഗ് റിസർച്ച് എന്നീ മേഖലകളിൽ വ്യാപിച്ചു കിടക്കുന്നു.
അവ ആയുർവേദത്തിലെ ശാസ്ത്രീയ പുരോഗതിയെ പിന്തുണയ്ക്കുന്നവയാണ്. 6,04,182 ഗവേഷണപഠനങ്ങളാണ് നാളിതുവരെയായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കണ്ണൂരിൽ അടുത്തുതന്നെ ഉദ്ഘാടനം പ്രതീക്ഷിക്കുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിന്റെ പ്രഥമപരിഗണന ഗവേഷണങ്ങളെ കൃത്യമായി രേഖപ്പെടുത്തി അന്താരാഷ്ട്രവിദഗ്ധ നിരൂപണ ജേണലുകൾ വഴി പ്രസിദ്ധീകരിക്കുകയാണ്.
ആയുർവേദമേഖലയിലെ ശാസ്ത്രീയപ്രസിദ്ധീകരണങ്ങളുടെ കുറവ് പരിഹരിക്കുന്നതിലേക്ക് വിദഗ്ധനിരൂപണ ജേർണലുകളും വിഭാവനംചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസപഥം
ഇന്ത്യയിലെ ആകെ ആയുർവേദ കോളേജുകളുടെ എണ്ണം 541 ആണ്. ഇതിൽ 18 ആയുർവേദ കോളേജുകൾ കേരളത്തിലാണ്.
വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും ആധുനികവൈദ്യശാസ്ത്രത്തിന് എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ടോ അത്രതന്നെ പ്രാധാന്യം ആയുർവേദത്തിനും കേരള-കേന്ദ്ര സർക്കാരുകൾ നൽകുന്നുണ്ട്.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനാണ് ആധുനിക വൈദ്യശാസ്ത്രവുമായി സംയോജിപ്പിച്ച് ആയുഷ് മന്ത്രാലയത്തിന്റെ വിദ്യാഭ്യാസപരിഷ്കാരങ്ങൾ ഊന്നൽ നൽകുന്നത്.
ഇതിന്റെ ഭാഗമായി ഇലക്ടീവ് ഓപ്ഷൻസ്, വെർച്വൽ മോഡ് വഴിയുള്ള പഠനം, പി.എം. ഗതിശക്തി പ്ലാറ്റ്‌ഫോമുകൾ പോലുള്ള പഠന പ്ലാറ്റ്‌ഫോമുകൾ മുഖേന ഐ.ടി., ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ വിദ്യാഭ്യാസമേഖലയിലേക്ക് കൊണ്ടുവന്നിരിക്കുന്നു .
. ശേഷിവികസനവും തുടർവിദ്യാഭ്യാസപദ്ധതിയും ഇതിന്റെ ഭാഗമായി നടത്തുന്നു. അത്യാധുനിക സാങ്കേതികവിദ്യയുമായി പ്രവർത്തിക്കുന്ന ആയുഷ് ഗ്രിഡിന് 22 പ്രധാന ഡിജിറ്റൽ സംരംഭങ്ങളുണ്ട്.
നമസ്തേ യോഗ ആപ്പ്, വൈ ബ്രേക്ക്, ആയുഷ് നെക്സ്റ്റ്, ഇ-സഞ്ജീവനി മൊബൈൽ ആപ്പ്, ഇ-ചരക്, ഇ-ഔഷധി എന്നിവ അവയിൽ ചിലതാണ്.
ആയുർവേദ വ്യവസായത്തിന്റെ വളർച്ച
ആഗോള ആയുർവേദ മരുന്നുകളുടെ വിപണിമൂല്യം 2022-ൽ ആറുബില്യൺ ഡോളർ എന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഇത് 2030-ഓടുകൂടി 14 ബില്യണായി വർധിക്കുമെന്നതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 3500 കോടി രൂപയുടെ വിറ്റുവരവാണ് കേരളത്തിലെ ആയുർവേദവ്യവസായത്തിന്റെ വളർച്ച കാണിക്കുന്നത്.
അമേരിക്ക, ജർമനി, പാകിസ്താൻ, ഒമാൻ, ബഹ്‌റൈൻ, റഷ്യ മുതലായ രാജ്യങ്ങളിലേക്ക് ആയുർവേദ ഉത്‌പന്നങ്ങൾ കയറ്റുമതിചെയ്യുന്നുണ്ട്. ഏറ്റവും പുതിയ കണക്കുകൾപ്രകാരം 12,715 കോടിയോളം രൂപയാണ് ആയുഷ് ഉത്‌പന്നങ്ങളുടെ കയറ്റുമതിവഴി രാജ്യത്തിന് ലഭിച്ചിട്ടുള്ളത്.
മെഡിക്കൽ വാല്യു ടൂറിസം
കേന്ദ്രസർക്കാർ അടുത്തിടെ അംഗീകരിച്ച ആയുഷ് വിസ വിദേശരാജ്യങ്ങൾ വളരെ പ്രാധാന്യത്തോടെ അംഗീകരിക്കുന്നതിന്റെ തെളിവാണ് ആയുർവേദ ചികിത്സയ്ക്കായി ഒട്ടേറെ വിദേശികൾ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.
മെഡിക്കൽ ടൂറിസം അസോസിയേഷൻ ഇൻഡക്സ് പ്രകാരം ഇന്ത്യ പത്താം സ്ഥാനത്താണ്.
വിദേശികൾ ആയുർവേദ ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്നത് 2020-ൽ 1.83 ലക്ഷം ആയിരുന്നത് 2023-ൽ 6.35 ലക്ഷമായി ഉയർന്നു. ഇവരിൽ ഭൂരിഭാഗവും വെൽനസ് ടൂറിസവുമായി ബന്ധപ്പെട്ട ആയുർവേദചികിത്സയ്ക്കാണ് ഇന്ത്യ സന്ദർശിക്കുന്നത്. ഈ കാരണങ്ങൾകൊണ്ടുതന്നെയാണ് കേരളത്തിൽ റിട്രീറ്റ് സെന്ററുകളും ആയുർവേദഹബ്ബുകളും ആരംഭിച്ചുകൊണ്ടിരിക്കുന്നത്.
ദുഷ്‌പ്രചാരണങ്ങളും യാഥാർഥ്യങ്ങളും
ശാസ്ത്രീയാടിത്തറയോടുകൂടി ഗുണനിലവാരം ഉറപ്പുവരുത്തി നിർമിക്കുന്ന ആയുർവേദ മരുന്നുകളെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പലതരത്തിലുള്ള കുപ്രചാരണങ്ങൾ നടക്കുന്നുണ്ട്.
വളരെ ചെറിയ പഠനങ്ങൾ മുൻനിർത്തി, ആയുർവേദ മരുന്ന് കഴിച്ചാൽ ലിവർ, കിഡ്‌നി എന്നീ അവയവങ്ങൾക്ക് തകരാറുകൾ സംഭവിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങളെത്തുടർന്ന് ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്‌സ് വിവരാവകാശ നിയമപ്രകാരം രേഖകൾ ശേഖരിച്ചിരുന്നു. ആയുർവേദമരുന്നുകൾ കഴിച്ചതുമൂലം മരണമോ വൃക്ക, കരൾ തുടങ്ങിയ പ്രധാന അവയവങ്ങളെ ബാധിച്ച സംഭവങ്ങളോ ഉണ്ടായിട്ടുണ്ടോ എന്നറിയാൻ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
ഇതുപ്രകാരം നാളിതുവരെയായി കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞ മൂന്നുവർഷത്തിൽ 92 ലക്ഷത്തോളം രോഗികൾ ഒ.പി., ഐ.പി. വിഭാഗങ്ങളിൽ രജിസ്റ്റർചെയ്തിട്ടുണ്ട്. ഈ മെഡിക്കൽ കോളേജുകളിൽനിന്ന് ലഭിച്ച റിപ്പോർട്ടുകളിൽ ഈ മൂന്നുവർഷത്തിൽ ആയുർവേദ മരുന്നുകൾ കഴിച്ചതിന്റെ ഫലമായി മരണമോ കിഡ്‌നി, ലിവർ അസുഖങ്ങളോ സംബന്ധിച്ച ഒരു കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ് തെളിഞ്ഞത്. (കടപ്പാട്:മാതൃഭൂമി )
(ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group