ആരോഗ്യം നശിപ്പിക്കുന്ന
ഭക്ഷണ ശീലങ്ങൾ
:- ടി ഷാഹുൽ ഹമീദ്
"ആഹാരമായിരിക്കട്ടെ നിങ്ങളുടെ ഔഷധം,
ഔഷധം നിങ്ങളുടെ ആഹാരവും"
വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റിന്റെ വാക്കുകൾ അന്വർത്ഥമാക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്.
ആഹാരമാണ് ഔഷധം എന്ന് ആയുർവേദവും അടിവരയിടുമ്പോൾ ലോകത്ത് പത്തിൽ ഒരാൾക്ക് ഭക്ഷ്യ ജന്യരോഗങ്ങൾ പിടിപെടുന്നു എന്ന വാർത്ത അക്ഷരാർത്ഥത്തിൽ ഞെട്ടലാണ് ഉളവാക്കിയത്.
ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കിൽ 200ലധികം രോഗങ്ങൾ മനുഷ്യരെ പിടികൂടും എന്ന അവസ്ഥ വിസ്മരിക്കുവാൻ പാടില്ല, നാം ആട്ടിയോടിച്ച പല രോഗങ്ങളിൽ പലതും കോളറ
അടക്കം തിരിച്ചു വന്നു കൊണ്ടിരിക്കുന്ന സമകാലിക അവസ്ഥയിൽ,വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം വളരെ കുറച്ച് കഴിക്കുകയും ഹോട്ടലുകളിലെ വ്യത്യസ്ത രുചി കൂട്ടുകളിലെ ആകർഷകമായ ചേരുവുകളിൽ ഉള്ളത് ഓർഡർ ചെയ്യുമ്പോൾ ജാഗ്രത പാലിച്ചില്ലെങ്കിൽ നമ്മുടെ ഏറ്റവും വലിയ സമ്പത്തായ ആരോഗ്യത്തിന് വലിയ ക്ഷതമുണ്ടാകുമെന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ലോകത്തിലെ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിനും ജീവൻ നിലനിർത്തുന്നതിനും ആഹാരം ആവശ്യമാണ്. ആഹാരം ഒരു സംസ്കാരമായിരുന്നു പക്ഷേ ഇപ്പോൾ അത് സ്വാദിൽ അധിഷ്ഠിതമായ ഒരു ബിസിനസായി മാറിയിരിക്കുന്നു.
ഭക്ഷണവും ദഹനവും തമ്മിൽ ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ജൈവീക ഘടകങ്ങൾ ആയിരുന്നുവെങ്കിൽ ഇന്ന് അത് നിറകൂട്ടുകളിലെ അനാരോഗ്യ പ്രവണതയായി മാറി. പ്രകൃതിയിലെ കാലാവസ്ഥ കണക്കാക്കി ഭക്ഷണം ശീലിച്ചവർക്ക് കാലത്തിന്റെ മാറ്റങ്ങളായി വന്ന വിദേശ പേരുകളിലുള്ള ഭക്ഷണം വലിയ വില്ലനായി മാറിയിരിക്കുന്നു. നമ്മുടെ ശരീരത്തിൽ ഭക്ഷണം എന്ത് സംഭവിപ്പിക്കുന്നു എന്ന് നോക്കാതെ കഴിക്കുന്ന ന്യൂജൻ ഭക്ഷണശീലങ്ങൾ നമ്മുടെ ജീവിതത്തെ വലിഞ്ഞു മുറുക്കിയിരിക്കുന്നു
ജീവിക്കുന്ന ചുറ്റുവട്ടങ്ങളിൽ വളരുന്ന സസ്യലതാദികൾ ഉൾപ്പെടെയുള്ള ആരോഗ്യകരമായ വസ്തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന സാംസ്കാരികമായ കാഴ്ചപ്പാടിന് ഭംഗം വന്നത് കൂണുകൾ പോലെ മുളച്ചു പൊങ്ങുന്ന
ഫാസ്റ്റ് ഫുഡ് / ജങ്ക് ഫുഡ് സംസ്കാരം
വന്നതിനുശേഷമാണ്. നാം കഴിക്കുന്ന ഭക്ഷണമാണ് ദിവസവും നമ്മളെ മുന്നോട്ട് നയിക്കുന്നത് എന്ന കാര്യം വിസ്മരിച്ച് അനുഗുണമല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഭക്ഷണത്തിന്റെ ഒരു ഭാഗം മനസ്സായി രൂപപ്പെടുന്നു എന്ന വസ്തുതയെ നിരാകരിച്ചു കൊണ്ടാണ്.
കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് ഊർജ്ജ നഷ്ടം ഇല്ലാതാക്കുവാനും രോഗങ്ങളെ അകറ്റി നിർത്തുവാനും സാധിക്കുന്നു എന്ന കാര്യം പാടെ മറന്ന് പുലരുവോളം പ്രവർത്തിക്കുന്ന തട്ടുകടയിൽ രാത്രിയുടെ അന്ത്യയാമങ്ങളിൽ പോലും ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പെരുകി വരുന്നു.80 അവയവങ്ങൾ ഉള്ള ഒരു യന്ത്രമാണ് മനുഷ്യശരീരം എന്നതും പ്രതിദിനം 2400 കലോറി ഊർജ്ജത്തിനുള്ള ഭക്ഷണമേ ശരീരത്തിന് ആവശ്യമുള്ളൂ എന്ന കാര്യവും മലയാളികൾ വിസ്മരിച്ചിട്ട് വർഷങ്ങൾ ഏറെയായി.
എന്താണ് നല്ല ഭക്ഷണം:-
നല്ല ആരോഗ്യം മനുഷ്യന്റെ അടിസ്ഥാന അവകാശമാണ്. നല്ല പോഷകകാഹാരവും ന്യൂട്രിയൻസുകളും ശരീരത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. കാർബോഹൈഡ്രേറ്റുകൾ (അന്നജം)പ്രോട്ടീൻ( മത്സ്യം)കൊഴുപ്പ്,ധാതുക്കൾ, വിറ്റാമിനുകൾ, ചെറു ധാന്യങ്ങൾ, നാരുകൾ, പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ ആഹാരം സമീകൃതമാകും. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ പ്രതിദിനം 400 ഗ്രാം പച്ചക്കറികൾ പഴവർഗ്ഗങ്ങൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടത് മനുഷ്യ ശരീരത്തിന്റെ വളർച്ചയ്ക്ക് ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ 30% വും ശരീരത്തിന് ആവശ്യമില്ലാത്തതും ഉപകാരമില്ലാത്തതുമാണ്.
പ്രതിദിനം 10 മുതൽ 15 ഗ്ലാസ് വെള്ളം കുടിക്കുന്നതും അരമണിക്കൂർ വ്യായാമം ചെയ്യുന്നതും നല്ല ആരോഗ്യ ശീലമാണ്.
ഭക്ഷണം പതുക്കെ ചവക്കുക ഓരോ കഷണവും ആസ്വദിച്ച് കഴിക്കുക എന്നതും നിത്യമായി ശീലിക്കേണ്ടതാണ്. ഭക്ഷണം കഴിക്കുമ്പോൾ ഫോൺ ഉപയോഗം ഒഴിവാക്കണം, ടിവിയുടെയും കമ്പ്യൂട്ടറിന്റെയും മുന്നിലിരുന്ന ഭക്ഷണം കഴിക്കുന്നത് ഭക്ഷണവും ശരീരവും തമ്മിലുള്ള ജൈവിക രസതന്ത്രത്തെ ഇല്ലാതാക്കുന്നതാണ്
ബാക്ടീരിയ ഭക്ഷണത്തിൽ കടന്നാൽ ഏതാനും മണിക്കൂറിനുള്ളിൽ ദശലക്ഷക്കണക്കിന് ബാക്ടീരിയയായി മാറുന്നതിനാൽ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ബാക്ടീരിയയുടെ സാന്നിധ്യം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതായിട്ടുണ്ട്.മനുഷ്യന്റെ നിലനിൽപ്പിന് പ്രധാന പങ്ക് ഭക്ഷണം വഹിക്കുന്നതിനാൽ ഫ്രിഡ്ജിൽ വച്ച ഭക്ഷണം ചൂടാക്കി കഴിക്കുന്ന പ്രവണത പൂർണമായും ഒഴിവാക്കേണ്ടതായിട്ടുണ്ട്.
ഭക്ഷ്യ അപകട മേഖല അഞ്ച് ഡിഗ്രി മുതൽ 60 ഡിഗ്രി വരെ ചൂടായതിനാൽ അതിനു മുകളിലുള്ള ചൂടിൽ പാകം ചെയ്ത ഭക്ഷണമാണ് കഴിക്കേണ്ടത്. പ്രഭാത ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത് ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതാണ്.
100 ഗ്രാം ചെറു ധാന്യത്തിൽ നിന്ന് 378 കലോറി ഊർജ്ജം ലഭിക്കുന്നതിനാൽ, ഭക്ഷണത്തിൽ ചെറു ധാന്യങ്ങൾ ധാരാളം ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്.
ലോകത്ത് പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ 17% ആഹാരവും പാഴാക്കപ്പെടുന്നതിനാൽ കൃത്യമായ അളവിലും മുൻകൂട്ടിയുള്ള ധാരണയിലും ഭക്ഷണം ഉണ്ടാക്കുവാൻ ശ്രദ്ധിക്കേണ്ടതായിരിക്കുന്നു. റെഡി ടു ഈറ്റ് ഭക്ഷണം ധാരാളമായി വിപണിയിൽ എത്തിയതോടെ ലോകത്തെ ജനങ്ങളിൽ മുന്നിൽ ഒന്നും അമിതവണ്ണം ഉള്ളവരായി മാറി.ജീവിതത്തിന്റെ പരക്കം പാച്ചിലിൽ സമയമില്ലാത്തതിനാലും രുചിയുടെ സ്വാധീനം ഭക്ഷണത്തിൽ അമിതമായി ഉൾപ്പെടുത്തിയതിനാലും റെഡി ടു ഇറ്റ് ഭക്ഷണം വ്യാപകമായി മാറി. കൃത്യമായി ലേബലുകൾ പരിശോധിക്കാതെ ഇത്തരം ഭക്ഷണം കഴിച്ചാൽ നാം അറിയാതെ നമ്മുടെ ആരോഗ്യം ക്ഷയിക്കുവാൻ തുടങ്ങും. ആരോഗ്യകരമായ ഭക്ഷണം കൃത്യമായ ഇടവേളകളിൽ കഴിക്കാൻ നമുക്ക് സാധിക്കേണ്ട ആയിട്ടുണ്ട്.ജങ്ക്/ ഫാസ്റ്റ് ഫുഡ് സംസ്കാരം പിടിമുറുക്കിയതോടെ നാവിൽ തുമ്പത്ത് മാത്രം അനുഭവപ്പെടുന്ന സ്വാദ് ശരീരത്തിന് വ്യാധിയായി മാറാൻ തുടങ്ങി.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ പ്രതിദിനം 5 ഗ്രാം ഉപ്പ്,25 ഗ്രാം പഞ്ചസാര,അഞ്ച് ഗ്രാം ഓയിൽ എന്നിവ മാത്രമേ ഭക്ഷണത്തിൽ ഉൾപ്പെടുത്താവു. സോസുകൾ, ബിസ്ക്കറ്റ്, ബേക്കറി ഉൽപ്പന്നങ്ങൾ, അച്ചാറുകൾ, പപ്പടം എന്നിവയിൽ ഒളിഞ്ഞിരിക്കുന്ന ഉപ്പ്, പഞ്ചസാര എന്നിവ വലിയ അപകടമാണ് ശരീരത്തിന് ഉണ്ടാക്കുന്നത് എന്ന് നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്.ഉറങ്ങുന്നതിന് രണ്ടുമണിക്കൂർ മുമ്പ് എങ്കിലും ഭക്ഷണം കഴിക്കാൻ ശീലിക്കേണ്ടതായിട്ടുണ്ട്, കുടിക്കുന്ന വെള്ളം വളരെ ശ്രദ്ധിക്കണം പുറത്തു പോകുമ്പോൾ കുപ്പിയിൽ വെള്ളം കരുതുന്നത് ആരോഗ്യത്തിന് കവചം ഒരുക്കുവാൻ കാരണമാകുന്നതാണ്.
ഒരു വ്യക്തിയുടെ ആരോഗ്യത്തെ നിലനിർത്തുന്നതിന് അയാൾ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പങ്കുണ്ട്,കഴിക്കുന്ന ഭക്ഷണം ശരീര വളർച്ചയ്ക്കും ശരീര സംരക്ഷണത്തിനും, ഊർജ്ജം ലഭിക്കുന്നതിനും ആയിരക്കണം.
ആധുനിക കാലഘട്ടം രുചി വൈവിധ്യത്തിന് വലിയ പ്രാധാന്യം നൽകുകയും അനാരോഗ്യ ഭക്ഷണശീലങ്ങൾ ചുറ്റുവട്ടത്ത് വ്യാപിക്കുകയും ചെയ്യുമ്പോൾ ഇമവെട്ടാതെ ശ്രദ്ധിച്ചില്ലെങ്കിൽ പ്രമേഹം, രക്തസമ്മർദ്ദം, കാൻസർ, ഹൃദ്രോഗം,പക്ഷാഘാതം, കരൾ രോഗങ്ങൾ, അമിതവണ്ണം എന്നിവയുടെ നീരാളി പിടുത്തത്തിൽ എന്ന് നമുക്ക് മോചനം ലഭിക്കില്ല
എന്താണ് ആരോഗ്യം:-
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ രോഗങ്ങൾ ഇല്ലാത്ത അവസ്ഥയെയാണ് ആരോഗ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
സമ്പൂർണ്ണ ശാരീരിക- മാനസിക -സാമൂഹിക സുസ്ഥിതി ( Wellbeing )കൂടിയാണ് ആരോഗ്യം എന്ന് തിരിച്ചറിയാൻ നാം ഇനിയും വൈകിക്കൂടാ.
ജീവിതത്തിൽ പഞ്ച ശീലങ്ങൾ പാലിക്കണം
1. ശാരീരികമായി സജീവമാകുക
2. ആരോഗ്യകരമായ ഭക്ഷണം
3. സാമൂഹ്യമായി ഇടപെടൽ/ ബന്ധപ്പെടൽ
4. സുരക്ഷിതമായ വീട്
5. മെഡിക്കൽ ചെക്കപ്പ്
അടുക്കും ചിട്ടയുമില്ലാത്ത ജീവിതരീതിയും, ഭക്ഷണ ശീലവുമാണ് മിക്ക രോഗങ്ങൾക്കും കാരണം. ഇനി നമുക്ക് തീരുമാനിക്കാം,നമ്മുടെ ശരീരം സൂക്ഷിക്കണോ അതോ രോഗങ്ങൾക്ക് വിട്ടുകൊടുക്കണമോ എന്ന്
ടി ഷാഹുൽ ഹമീദ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group