ആ ഗാനം മറക്കുമോ അതിന്റെ ലഹരിയും മറക്കുമോ :എതിരൻ കതിരവൻ

ആ ഗാനം മറക്കുമോ അതിന്റെ ലഹരിയും മറക്കുമോ :എതിരൻ കതിരവൻ
ആ ഗാനം മറക്കുമോ അതിന്റെ ലഹരിയും മറക്കുമോ :എതിരൻ കതിരവൻ
Share  
2024 Aug 27, 11:13 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ആ ഗാനം മറക്കുമോ

അതിന്റെ ലഹരിയും മറക്കുമോ ?

:എതിരൻ കതിരവൻ


മറവിരോഗം (dementia) തലച്ചോറിടങ്ങളുടെ ക്ഷയത്താൽ സംഭവിക്കുന്നതാണ്, ആ ഇടങ്ങളെ ഉണർത്തിയെടുക്കാൻ സംഗീതത്തിനു കഴിഞ്ഞേക്കും എന്നത് ശാസ്ത്രജ്ഞർ നിർദേശിച്ചുതുടങ്ങിയിട്ടുണ്ട്

മറവിരോഗം വല്ലാത്തൊരവസ്ഥയാണ്.


മക്കളെപ്പോലും തിരിച്ചറിയാതെപോകുന്ന അവസ്ഥ. എന്നാൽ, എല്ലാം മറക്കുന്നുണ്ടോ അവർ?

ഇല്ലതന്നെ. പണ്ടു കേട്ടിട്ടുള്ള, പരിചയമുള്ള പാട്ടുകൾ മറക്കുന്നില്ല എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

പ്രായംചെല്ലുമ്പോഴുള്ള സാധാരണ മറവിയിലും പാട്ട് മറക്കുക എന്നത് ഉൾപ്പെടുന്നില്ലത്രേ. ഓർമ്മിച്ചെടുക്കുക എന്നാൽ, തലച്ചോറിൽ സൂക്ഷിച്ചിട്ടുള്ള വിവരങ്ങൾ പുറത്തെടുക്കുക എന്നതാണ്.

ചില ചെയ്തികൾ ഓർമ്മിച്ചെടുക്കാൻ ചില രീതിക്രിയകളോ (processing) നടപടിക്രമങ്ങളോ ആവശ്യമാണ്.

പക്ഷേ, മറ്റുചിലത് സ്വാഭാവികമായി മനസ്സിലാക്കിയെടുക്കാൻ എളുപ്പമാകുന്നവയാണ്. എന്തുമറന്നാലും പല പ്രാഥമികകാര്യങ്ങളും ബോധജ്ഞാനം വഴി ഓർമ്മിച്ചെടുക്കാൻ സാധിക്കുകയും ചെയ്യും. നിറങ്ങൾ, ഗന്ധങ്ങൾ, വസ്ത്രം ധരിക്കുന്ന വഴികൾ എന്നിവയൊക്കെപ്പോലെ. തലച്ചോറിന്‌ അധികം ജോലിയെടുക്കേണ്ട ഇവയൊന്നും ഓർക്കാൻ.


_501e0652-d2f7-11e5-94bd-a06a76346e8f_1724779473

പ്രായമാകുമ്പോൾ പലരുടെയും പേരുകൾ മറന്നുപോകുന്നത് സാധാരണമാണ്. അൾഷിമേഴ്‌സ് ബാധിക്കുമ്പോൾ സ്വന്തം മകനെയോ മകളെയോ തിരിച്ചറിയാൻപറ്റാതെപോകുന്ന അച്ഛനോ അമ്മയോ ഉണ്ടായെന്നിരിക്കും.

കാരണം ‘മകൻ’ അല്ലെങ്കിൽ ‘മകൾ’ എന്നത് നിർവഹിച്ചെടുക്കാൻ പല ബോധ-ജ്ഞാന കഴിവുകളും പല ഓർമ്മകളും ആവശ്യമാണ്.

ചിലതൊക്കെ തലച്ചോറിൽ ‘കോഡ്’ ചെയ്തുവെക്കപ്പെട്ടിട്ടുണ്ടെങ്കിലും പുറത്തെടുക്കാൻ തലച്ചോറിന്റെ പല ഭാഗങ്ങളും ഒന്നിച്ച് പ്രവർത്തിക്കേണ്ടിവരും എളുപ്പമല്ല അത്. എന്നാൽ, പണ്ടുകേട്ട പാട്ട് അത് ഓർമ്മസഞ്ചയത്തിൽനിന്ന് ഉണർത്തിയെടുക്കാൻ എളുപ്പമാണ്. സംഗീതത്തെ അറിയുക എന്നത് പരിണാമം നമുക്ക് തലച്ചോറിൽ വെച്ചുതന്നിരിക്കയാണ്. ഓർമ്മയുടെ അളവ് പരിശോധിക്കാൻ ഏറ്റവും യുക്തമായത് സംഗീതംതന്നെ. അത് സങ്കീർണവും ധനാഢ്യവുമാണ്. പക്ഷേ, ലളിതമെന്ന് നമ്മുടെ മനസ്സ് തീർപ്പുകല്പിക്കുന്നത് സത്യവുമാണ്.

സംഗീതം ഓർമ്മിച്ചെടുക്കുന്നതിൽ വാർധക്യത്തിന്റെ ഋണാത്മകമായ സ്വാധീനത്തെപ്പറ്റി പല പഠനങ്ങളുമുണ്ട്. പക്ഷേ, പലതും ചില താരതമ്യരീതികളെ ആധാരമാക്കിയുള്ളവ മാത്രമാണ്.

എന്നാൽ, ഈയിടെ ന്യൂഫൗണ്ട്‌ലൻഡിലെ മെമ്മോറിയൽ യൂണിവേഴ്‌സിറ്റി ഗവേഷകരായ സാറ സ്വേവും (Sara Sauve) റിച് സെൻഡെലും (Rich Zendel) കൂട്ടരും വളരെ വിശദമായും നൂതന സങ്കേതങ്ങൾ ഉപയോഗിച്ചും ഇക്കാര്യത്തിൽ ചില പുതിയതെളിവുകളും അറിവുകളുമായി എത്തിയിരിക്കയാണ്.

ഒരു കച്ചേരിയോ ഗാനമേളയോ അനുഭവിക്കുമ്പോഴുള്ള ഓർമ്മപിടിച്ചെടുക്കലും പലതരത്തിലുള്ള സംഗീതങ്ങളുമൊക്കെ വാർധക്യം വന്നുഭവിക്കുമ്പോൾ മാറപ്പെടുന്നുണ്ടോ, ഉണ്ടെങ്കിൽ എത്രമാത്രം എന്നൊക്കെ വിശദീകരീക്കുന്നുണ്ട് അവർ. 18 മുതൽ 86 വയസ്സുവരെയുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പഠനം. ഏറ്റവും പരിചിതമായ ഗാനമായി തിരഞ്ഞെടുത്തത് മൊസാർട്ടിന്റെ ‘ഐനെ ക്‌ളൈൻ...’ എന്ന സംഗീതാവിഷ്കാരമാണ്.

അവിടത്തെ സിംഫണി ഓർക്കസ്ട്രയുടെ സ്റ്റേജിൽവെച്ചുള്ള സംഗീതാവിഷ്കാരംതന്നെ. പിന്നെ വേറെ രണ്ട് സംഗീതാവിഷ്കാരങ്ങൾ പരീക്ഷണത്തിനുവേണ്ടി ചിട്ടപ്പെടുത്തിയവ.

അതിൽ ഒരെണ്ണം വളരെ സ്വരാത്മകമായി, സംഗീതാത്മകമായി ചിട്ടപ്പെടുത്തിയതും മറ്റേത് പല ശബ്ദങ്ങളുടെ ഒരു സങ്കരമെന്ന നിലയിൽ, മെലഡിയില്ലാതെ ആവിഷ്കരിച്ചതും ആയിരുന്നു. ഇതിൽ മൊസാർട്ടിന്റെ ഗാനശകലം എല്ലാവരും ഒരുപോലെ തിരിച്ചറിഞ്ഞു. പ്രായവ്യത്യാസമെന്യേ. എന്നാൽ, സംഗീതമയമായ മറ്റേ പാട്ട് അത്രപെട്ടെന്ന് തിരിച്ചറിയപ്പെട്ടില്ല. മെലഡിയില്ലാത്ത മൂന്നാം ഗാനശകലം ആരും ശ്രദ്ധിച്ചതുമില്ല, ഓർമ്മിച്ചതുമില്ല. മറ്റുകാര്യങ്ങൾ മറന്നുതുടങ്ങിയ എൺപതുകാരും പണ്ട് പരിചയിച്ച മൊസാർട്ട്‌ സംഗീതം തിരിച്ചറിഞ്ഞു, ചിലർ കൂടുതൽ ചെറുപ്പക്കാരെക്കാൾ സമയമെടുത്തു, എന്നുമാത്രം.

വിശദമായ സ്റ്റാറ്റിസ്റ്റിക്കൽ പഠനങ്ങൾ തെളിയിച്ചത് സംഗീതം പഠിച്ചിട്ടുള്ളതുമായോ ഏതെങ്കിലും ഉപകരണം വാദനംചെയ്യാൻ അറിവുള്ളതുമായോ ഈ ഓർമ്മയ്ക്ക് ബന്ധമില്ല എന്നതാണ്.

കൂടുതൽ സംഗീതമയമുള്ളതാണെങ്കിൽ വാർധക്യം ബാധിച്ചവരെങ്കിലും അത് കൂടുതൽ ഓർത്തിരിക്കുമത്രേ.

പരീക്ഷണശാലയിൽ കേൾപ്പിച്ച നേരത്തേ റെക്കോഡുചെയ്ത പാട്ടിനെക്കാൾ ‘ലൈവ്’ കച്ചേരിയാണത്രേ ഓർമ്മകൾ കൂടുതൽ പുതുക്കുന്നത്.

പുതിയ പാട്ട് ആവർത്തിച്ചുകേൾപ്പിച്ചാൽ വൃദ്ധരും അത് പിന്നീട് ഓർത്തിരിക്കുമത്രേ. പക്ഷേ, എത്ര സംഗീതാത്മകമായിരിക്കുന്നു എന്നതനുസരിച്ചാണ് ഈ ഓർമ്മശക്തിയുടെ തോത്. ഓർമ്മയിൽ ആലേഖനം ചെയ്യപ്പെടുന്നത് സാവധാനമാണ് ഇക്കൂട്ടരിൽ. പക്ഷേ, ഓർത്തെടുക്കുന്നത് (retrieval) കൂടുതൽ എളുപ്പത്തിൽ സാധിച്ചെടുക്കും ഇവർ.

മറ്റ് എന്തെങ്കിലും കാര്യങ്ങളുമായി ബന്ധപ്പെടുത്താൻപറ്റിയ പാട്ടാണെങ്കിൽ അവർ എളുപ്പം ഓർത്തിരിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.

ഏറ്റവും കൂടുതൽ പരിചയം വന്നിട്ടുള്ള പണ്ടത്തെ പാട്ടുതന്നെ പെട്ടെന്ന് ഓർമ്മിച്ചെടുക്കുന്നത്.


capture_1724780088

പാട്ടിന്റെ അർഥം, പ്രവചനാത്മകത, പരിചയം ഇവയൊക്കെ മനസ്സിൽ പതിഞ്ഞുപോയിട്ടുള്ള, അനുബന്ധമായിട്ടുള്ള ദൃശ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഓർമ്മയിൽ പതിയുന്നത്,

ഈ ദൃശ്യങ്ങളാണത്രേ പ്രായമായവരുടെ ഓർമ്മച്ചെപ്പിൽ നിന്നുളവായി ആദ്യം മനോമുകുരത്തിൽ തെളിയുന്നത്, പാട്ടിനോടൊപ്പം. പക്ഷേ, ഇവയൊന്നുമില്ലാതെ പാട്ടിലെ സംഗീതാത്മകത മാത്രം അത് ഓർമ്മിക്കാൻ സ്വാധീനം ചെലുത്തുന്നതായും അറിവുണ്ട്. ചിലപ്പോൾ പാട്ട് ഓർമ്മിക്കുന്നത് ഒരു സംഭവവുമായി ബന്ധപ്പെട്ടായിരിക്കാം. പക്ഷേ, നിശ്ചിത ട്യൂൺ ആദ്യം മനസ്സിലാക്കി എടുത്തിട്ടില്ലെങ്കിൽ ഈ സംഭവബന്ധം പ്രാവർത്തികമാകുകയില്ല.

പാട്ടുകളുമായി കൂടുതൽ പരിചയമുള്ളവർക്ക് വാർധക്യകാലത്ത് എന്തൊക്കെ മറന്നാലും ആ പഴയ സമ്മോഹനഗാനം എളുപ്പം തികട്ടിവരുമത്രേ.

ദൃഢമായ സ്വരൂപമുള്ള പാട്ടുകൾ കൂടുതൽ ഓർത്തിരിക്കാനും സാധ്യതയുണ്ട്. പാട്ടിലോ ഉപകരണവാദനത്തിലോ പരിശീലനം കിട്ടിയവർക്ക്, കൂടുതൽ പാട്ട് ഓർമ്മിച്ച് പാടിയിട്ടുള്ളവർക്ക്, പാട്ട് സംബന്ധിച്ച ഓർമ്മശക്തി കൂടുതലുള്ളതായും നിരീക്ഷിക്കപ്പെടുന്നുണ്ട്.

ന്യൂറോശാസ്ത്രജ്ഞർ കരുതുന്നത് പാട്ട് സൃഷ്ടിക്കുന്ന വികാരമൂർച്ഛകളാണ് അത് ഓർമ്മയിൽ തങ്ങിനിൽക്കാൻ സഹായിക്കുന്നത് എന്നാണ്.

തലച്ചോറിലെ അമിഗ്ദല എന്ന ഇടം ഓർമ്മയുടെയും വികാരരൂപവത്‌കരണത്തിന്റെയും കേന്ദ്രമാണ്, ഒന്ന് മറ്റൊന്നോടു ചേരാൻ എളുപ്പം. ഇമ്പമുള്ള പാട്ട് നിശ്ചിതനിയമങ്ങൾ പാലിച്ചാണ് ആവിഷ്കരിക്കപ്പെടാറ്, തലച്ചോറിനു ഇങ്ങനെ സുസംഘടിതമായ കാര്യങ്ങളിലാണു കൂടുതൽ കമ്പം.

പക്ഷേ, കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനും (cognitive) അറിവ് ഉൾക്കൊള്ളാനുമുള്ള, ആരോഗ്യമുള്ള തലച്ചോർ അത്യാവശ്യമാണ് ഇതിനും.

ഇക്കാര്യങ്ങളിൽ അപഭ്രംശം പറ്റിയവർക്ക് പാട്ട് ഒരു ചികിത്സയായി സ്വീകരിക്കാമെന്ന ആശയം ഇന്ന് കൂടുതൽ സ്വീകാര്യമായി വരുകയാണ്.

മറവിരോഗം (dementia) തലച്ചോറിടങ്ങളുടെ ക്ഷയത്താൽ സംഭവിക്കുന്നതാണ്, ആ ഇടങ്ങളെ ഉണർത്തിയെടുക്കാൻ സംഗീതത്തിനു കഴിഞ്ഞേക്കും എന്നത് ശാസ്ത്രജ്ഞന്മാർ നിർദേശിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് പാട്ട് കേൾക്കുക, പഠിക്കുക, പാടുക. തലച്ചോറിനെ സ്മരണശക്തിയാർന്നതും ചേതനാഭരിതവുമായി കാത്തുസൂക്ഷിക്കുക.

യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗേയിലെ മുൻ സീനിയർ സയന്റിസ്റ്റായ ലേഖകൻ ഷിക്കാഗോയിലെട്രൈറ്റാൺ

കോളേജിലെ അജങ്റ്റ് പ്രൊഫസറാണ്. 

( കടപ്പാട് : മാതൃഭൂമി )

Photo :courtesy The Health site.com








samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25