നട്ടെല്ലിലെ ഡിസ്‌ക് പുറത്തേക്ക് തള്ളുന്നത് മൂലം നടുവേദന അനുഭവിക്കുന്നത് അപൂര്‍വ്വമായ കാര്യമേയല്ല. ലോകമെങ്ങും കോടിക്കണക്കിനാളുകളാണ് ഈ ദുരിതം അനുഭവിച്ച് തീര്‍ക്കുന്നത്.
രുന്ന് കഴിച്ചിട്ടും ഫിസിയോതെറാപ്പി ചെയ്തിട്ടുമൊന്നും ഫലം ലഭ്യമാകാത്തവരില്‍ പലപ്പോഴും ശസ്ത്രക്രിയയിലൂടെ തള്ളിയ ഡിസ്‌ക് നീക്കം ചെയ്യുന്ന രീതിയാണ് അവലംബിക്കാറുള്ളത്.
പരമ്പരാഗതമായി സ്വീകരിക്കുന്ന ഈ രീതിയിലുള്ള തുറന്ന ശസ്ത്രക്രിയയ്ക്ക് ഏറെക്കുറെ പരിഹാരമാകുന്ന രീതിയില്‍ അവതരിപ്പിക്കപ്പെട്ട നൂതനമായ ചികിത്സാ രീതിയാണ് പെല്‍ഡ് അഥവാ പെര്‍ക്യുട്ടേനിയസ് എന്‍ഡോസ്‌കോപ്പിക് ലംബാര്‍ ഡിസെക്ടമി.
എന്താണ് പെല്‍ഡ്?
ഡിസ്‌ക് തള്ളുന്നത് മൂലം ആ ഭാഗത്തെ നാഡിഞരമ്പുകളിലോ സുഷുമ്നാനാഡിയിലോ സമ്മര്‍ദ്ദമുണ്ടാവുകയും അതിന്റെ ഫലമായി അസഹ്യമായ നടുവേദനയും സംഭവിക്കുന്നവര്‍ക്കാണ് പെല്‍ഡ് സ്വീകാര്യമാകുന്നത്.
തുറന്ന ശസ്ത്രക്രിയകളില്‍ വലിയ മുറിവ് സൃഷ്ടിച്ച് തള്ളിയ ഡിസ്‌ക് നീക്കം ചെയ്യുന്നതിന് പകരം വളരെ നേര്‍ത്ത സുഷിരത്തിലൂടെ നേര്‍ത്ത എന്‍ഡോസ്‌കോപ്പ് സന്നിവേശിപ്പിച്ച് തള്ളിയ ഡിസ്‌കിനെ നീക്കം ചെയ്ത് അതിവേഗം വേദന ഇല്ലാതാക്കി മാറ്റുന്ന രീതിയാണിത്.
നടുവേദന അനുഭവിക്കുന്ന എല്ലാവര്‍ക്കും പെല്‍ഡ് അനുയോജ്യമാകണമെന്നില്ല. എം ആര്‍ ഐ, സി ടി സ്‌കാന്‍ തുടങ്ങിയ ഇമാജിംഗ് രീതികളുടെ സഹായത്തോടെ വേദനയുടെ കാരണവും അനുബന്ധമായ കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷം രോഗി പെല്‍ഡിന് അനുയോജ്യനാണോ എന്ന് ഡോക്ടര്‍ തീരുമാനിക്കുന്നതാണ് ചികിത്സയുടെ ആദ്യഘട്ടം.
രോഗിയെ കമഴ്ത്തിക്കിടത്തിയ ശേഷം പുറക് ഭാഗത്ത് വളരെ നേര്‍ത്ത മുറിവ് സൃഷ്ടിച്ച് അതിലൂടെ ക്യാമറയും വെളിച്ചവും ഉള്‍ക്കൊള്ളുന്ന നേര്‍ത്ത എന്‍ഡോസ്‌കോപ്പ് സന്നിവേശിപ്പിക്കും.
ക്യാമറയിലൂടെ ലഭിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുള്ള സ്‌ക്രീനില്‍ സര്‍ജന് വ്യക്തമായി കാണുവാന്‍ സാധിക്കും.
വലിയ സ്‌ക്രീനില്‍ വ്യക്തതയോടെ കാണുന്നതിനാല്‍ വളരെ ഫലപ്രദമായി തകരാര്‍ വന്ന ടിഷ്യുമാത്രമായി നീക്കുവാന്‍ സര്‍ജന് കഴിയുന്നു. ഡിസ്‌ക് മെറ്റീരിയല്‍ പൂര്‍ണ്ണമായി നീക്കം ചെയ്തു എന്ന് ഉറപ്പാക്കിയ ശേഷം സന്നിവേശിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളും എന്‍ഡോസ്‌കോപ്പും പിന്‍വലിക്കുകയും മുറിവ് ചെറിയ തുന്നലോ അല്ലെങ്കില്‍ പശ ഉപയോഗിച്ചുള്ള സ്ട്രിപ്പോ ഉപയോഗിച്ച് അടയ്ക്കുകയും ചെയ്യുന്നു.
പെല്‍ഡിന്റെ നേട്ടങ്ങള്‍
പരമ്പരാഗതമായ തുറന്നുള്ള ശസ്ത്രക്രിയയെ അപേക്ഷിച്ച് വളരെ നേര്‍ത്ത മുറിവ് മാത്രമാണ് പെല്‍ഡിലുണ്ടാകുന്നത്.
ഇത് പേശികള്‍ക്കും കലകള്‍ക്കും കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത കുറയ്ക്കുകയും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദന ഇല്ലാതിരിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.
രക്തനഷ്ടം കുറയുന്നു. അണുബാധയ്ക്കുള്ള സാധ്യതയും കുറവാണ്. വളരെ കുറഞ്ഞ ആശുത്രിവാസം മതി. കൂടുതല്‍ പേര്‍ക്കും പ്രൊസീജ്യര്‍ കഴിഞ്ഞ് 24 മണിക്കൂറിനകം തന്നെ വീട്ടിലേക്ക് തിരിച്ച് പോകാന്‍ സാധിക്കും.
വളരെ വേഗം ഫലപ്രാപ്തി ലഭ്യമാകുന്നതിനാല്‍ ദൈനംദിന ജീവിതത്തിലേക്ക് എളുപ്പത്തില്‍ മടങ്ങിയെത്താനും സാധിക്കുന്നു.
ഡോ. മഹേഷ് ഭട്ട്
(കണ്ണൂർ ആസ്റ്റര്‍ മിംസിൽ ന്യൂറോസര്‍ജറി, എന്‍ഡോസ്‌കോപ്പിക് സ്‌പൈന്‍ സര്‍ജറി & സ്‌പൈന്‍ പെയിന്‍ ഇന്റര്‍വെന്‍ഷന്‍ വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ആണ് ലേഖകൻ
ചിത്രം : പ്രതീകാത്മകം
കടപ്പാട് : മാതൃഭൂമി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group