ചുട്ടുപൊള്ളും ഈ വേനൽ; 2023-നേക്കാള്‍ ചൂടുകൂടിയ വര്‍ഷമായിരിക്കും 2024 : -അഖില്‍ ശിവാനന്ദ്

ചുട്ടുപൊള്ളും ഈ വേനൽ; 2023-നേക്കാള്‍ ചൂടുകൂടിയ വര്‍ഷമായിരിക്കും 2024 : -അഖില്‍ ശിവാനന്ദ്
ചുട്ടുപൊള്ളും ഈ വേനൽ; 2023-നേക്കാള്‍ ചൂടുകൂടിയ വര്‍ഷമായിരിക്കും 2024 : -അഖില്‍ ശിവാനന്ദ്
Share  
2024 Feb 29, 11:00 PM
mannan
vasthu
samudra
ayur
samudra
mannan
ayur
BOBY
laureal garden

വേനല്‍ച്ചൂട് ഇത്തവണ നേരത്തെ നാടിനെ പൊള്ളിക്കുകയാണ്. കണക്കനുസരിച്ച് വേനല്‍ക്കാലമായിട്ടില്ല. പക്ഷേ, ചൂടില്‍ ഉരുകിയൊലിക്കുകയാണ് കേരളം. മുന്‍വര്‍ഷത്തെക്കാള്‍ ചൂടു കൂടുതലാണ് ഇക്കൊല്ലം. സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ പല സ്ഥലത്തും 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില അനുഭവപ്പെടുന്നുണ്ട്. ഓരോ ജില്ലയിലും തോത് വ്യത്യാസപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ശരാശരി താപനിലയില്‍ വര്‍ധനയുണ്ട്. എന്നാല്‍, ആഗോളതലത്തില്‍ തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണിതെന്ന് പറയുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് അനലിസ്റ്റ് ഫഹദ് മര്‍സൂഖ്. കേരളത്തിലെ നിലവിലെ കാലാവസ്ഥയെക്കുറിച്ചും ചൂടിനെക്കുറിച്ചും ഫഹദ് മര്‍സൂഖ് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.


 സാധാരണ മാര്‍ച്ച് മാസത്തിലാണല്ലോ വേനല്‍ക്കാലം ആരംഭിക്കുന്നതും ചൂട് കനക്കുന്നത്. എന്നാല്‍, ഇത്തവണ നേരത്തെ മുതല്‍ സംസ്ഥാനത്ത് എല്ലായിടത്തും പതിവിലും കൂടുതല്‍ ചൂട് അനുഭവപ്പെടുകയാണ്. എന്തായിരിക്കാം ഇതിനു കാരണം.


ജനുവരിയും ഫെബ്രുവരിയും ചൂട് കൂടുതൽ അനുഭവപ്പെടുന്ന ഒരു പ്രവണത കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായുണ്ട്. പക്ഷേ, അത് നമ്മുടെ മാത്രം പ്രശ്നമല്ല. ആഗോളതലത്തിലെ കാര്യം പരിശോധിച്ചാല്‍, 2023 ആയിരുന്നു രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ വര്‍ഷം. ഇതിന് മുമ്പ് റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയ വര്‍ഷം 2016-ആയിരുന്നു. പക്ഷേ, 2023 ആ റെക്കോര്‍ഡ് ഭേദിച്ചു. ആഗോളതലത്തില്‍ തന്നെ ചൂട് കൂടുന്നു എന്നൊരു പ്രശ്നമുണ്ട്. ശരാശരി താപനില കൂടുകയാണ്. അത് നമ്മളേയും ബാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാന വിഷയം. ലോകമെമ്പാടും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം, ഈ സീസണില്‍ എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച് കൃത്യമായ ഒരു മറുപടി കാലാവസ്ഥാ വകുപ്പിന്റെ കൈയില്‍ നിലവിലില്ല. അതിന്റെ പഠനങ്ങള്‍ നടക്കുന്നതേ ഉള്ളൂ. നിലവില്‍ നമുക്ക് 2019 മുതല്‍ ചൂടുകൂടിയ ജനുവരിയും ഫെബ്രുവരിയുമാണ് ഉണ്ടാകുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ ഫെബ്രുവരിയായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. ഈ വര്‍ഷവും ഏറെക്കുറേ സമാനമായ പ്രവണതയാണ് കാണുന്നത്.


എല്‍ നിനോ പ്രതിഭാസം മൂലം 2024 ചൂട് കുത്തനെ കൂടുമെന്ന് വിദഗ്ധര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം രൂപംകൊണ്ട എല്‍നിനോയുടെ സാന്നിധ്യം നമുക്ക് എത്രത്തോളം വെല്ലുവിളിയാണ്.


എല്‍ നിനോ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച് നിരവധി പഠനങ്ങളുണ്ട്. പല തരത്തിലാണ് എല്‍ നിനോ നമ്മളെ ബാധിക്കുന്നത്. പൊതുവേ നമ്മുടെ മണ്‍സൂണ്‍ കുറയുക എന്നതാണ് എല്‍ നിനോയുടെ സ്വാധീനത്താല്‍ ഉണ്ടാകുന്നത്. ഈ വര്‍ഷം എല്‍ നിനോ ന്യൂട്രല്‍ ഫെയ്സിലേക്ക് എത്തിയിട്ടില്ല. എത്തുമെന്നാണ് പ്രവചനങ്ങളുള്ളത്. അതിന്റെ സ്വാധീനം ഒരുപക്ഷേ ഉണ്ടായിട്ടുണ്ടാകാം. അതെങ്ങനെ, എത്രത്തോളം ഈ സീസണില്‍ ബാധിക്കും എന്നത് സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണ്. പക്ഷേ ആഗോളതലത്തില്‍ തന്നെ 2023-നേക്കാള്‍ ചൂടുകൂടിയ വര്‍ഷമായിരിക്കും 2024 എന്നാണ് പ്രവചിക്കപ്പെടുന്നത്. അത് ആഗോള ശരാശരി താപനിലയുടെ കാര്യമാണ്. അതിന്റെ ഭാഗമായി ഹീറ്റ് വേവുകളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ, എല്‍ നിനോ നേരിട്ട് ഇതിനെ ബാധിക്കുമോ എന്നത് പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ.


ജൂണ്‍ മാസത്തോടെ രാജ്യത്ത് എല്‍ നിനോ ദുര്‍ബലമാകുമെന്നും ഓഗസ്റ്റില്‍ ലാനിന രൂപപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞിരുന്നു. ഇതിനൊപ്പം 2023-നെ അപേക്ഷിച്ച് ചൂട് കുറയുമെന്നും തുടക്കത്തില്‍ വിലയിരുത്തലുണ്ടായിരുന്നു. ഇതിന് സാധ്യത എത്രത്തോളമുണ്ട്.


എല്‍ നിനോയുടെ സ്വാധീനം നിലവില്‍ അവസാനിച്ചിട്ടില്ല. അധികം വൈകാതെ എല്‍ നിനോ ന്യൂട്രല്‍ ഫേസിലേക്ക് പോകുമെന്നാണ് പ്രവചനങ്ങള്‍ പറയുന്നത്. സ്വാഭാവികമായും അതിന്റെ സ്വാധീനം കുറയും. അടുത്ത കാലവര്‍ഷത്തില്‍ വലിയ തോതില്‍ എല്‍ നിനോയുടെ സ്വാധീനം ഉണ്ടാകില്ലെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ സാധാരണഗതിയുള്ള ഒരു കാലവര്‍ഷം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഏപ്രില്‍ മാസത്തോട് കൂടിയേ കാലാവസ്ഥ വകുപ്പ് അതിന്റെ ലോങ് റേഞ്ച് ഫോര്‍കാസ്റ്റിങ് പുറപ്പെടുവിക്കുകയുള്ളൂ. ആ സമയത്തെ കാര്യങ്ങള്‍കൂടി നോക്കിയ ശേഷമേ ഇക്കാര്യം കൃത്യമായി പറയാന്‍ സാധിക്കുകയുള്ളൂ. മറ്റൊന്ന് 2023-ല്‍ നമ്മുടെ വാര്‍ഷിക മഴ കുറവായിരുന്നു. നമ്മുടെ ദീര്‍ഘകാല ശരാശരി വെച്ചുനോക്കുമ്പോള്‍ ലഭിക്കേണ്ടിരുന്ന മഴയേക്കാള്‍ കുറവായിരുന്നു കഴിഞ്ഞ സീസണില്‍ ലഭിച്ചത്. പ്രത്യേകിച്ച് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ വലിയ കുറവുണ്ടായി. വടക്കുകിഴക്കന്‍ കാലവര്‍ഷം ഏതാണ്ട് സാധാരണ ഗതിയിലേക്ക് എത്തി. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ വലിയ മഴക്കുറവുണ്ടായതില്‍ എല്‍നിനോയുടെ കൂടി സ്വാധീനമുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അഭിപ്രായപ്പെടുന്നത്.



കാലവര്‍ഷത്തിന്റെ കുറവ് പോലെ തന്നെ കഴിഞ്ഞ സീസണില്‍ നമുക്ക് ലഭിച്ച വേനല്‍മഴയുടെ അളവിലും വലിയ കുറവ് സംഭവിച്ചിരുന്നില്ലേ.


കാലവര്‍ഷം പോലെ കൃത്യമായി പ്രവചിക്കാന്‍ പറ്റുന്നതല്ല നമ്മുടെ വേനല്‍മഴ. പൊതുവേ നമുക്ക് നല്ല രീതിയിലുള്ള വേനല്‍മഴ ലഭിക്കാറുണ്ട്. പക്ഷേ, കഴിഞ്ഞ സീസണില്‍ 33 ശതമാനം കുറവാണ് വേനല്‍മഴ ലഭിച്ചത്. അതിനാല്‍ തന്നെ ജലലഭ്യതയുടെ ഒരു കുറവ് നമുക്കുണ്ട്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ മഴ കുറഞ്ഞതിനാല്‍ നമുടെ റിസര്‍വോയറുകളിലുള്‍പ്പെടെ വെള്ളത്തിന്റെ കുറവുണ്ട്. ഈ വര്‍ഷം ഏപ്രില്‍, മേയ് മാസത്തില്‍ അത്യാവശ്യം മഴ ലഭിച്ചാല്‍ മാത്രമേ വെള്ളത്തിന്റെ ദൗര്‍ലഭ്യം നമുക്ക് പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. നല്ല വേനല്‍മഴ നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ട്. നല്ല രീതിയിലുള്ള വേനല്‍മഴ ലഭിച്ചാല്‍ മാത്രമേ നിലവിലെ വെള്ളത്തിന്റെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ.


വേനല്‍മഴ പൊതുവേ ഉണ്ടാകുന്നത് കണ്‍വിക്റ്റീവ് മേഘങ്ങള്‍ മൂലമാണ്. വേനല്‍മഴയുടെ സീസണ്‍ എങ്ങനെ ആയിരിക്കും എന്നത് സംബന്ധിച്ച് കൃത്യമായ പ്രവചനം സാധ്യമല്ല. സാധാരണ നിലയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ കാര്യത്തില്‍ 350 മില്ലീ മീറ്റര്‍ മഴ മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലത്ത് ലഭിക്കാറുണ്ട്. ആ മഴ ലഭിച്ചാല്‍ മാത്രമേ വെള്ളത്തിന്റെ പ്രശ്നം നമുക്ക് അതിജീവിക്കാന്‍ സാധിക്കൂ. നമ്മള്‍ പ്രതീക്ഷിച്ചതിലും അധികമാണ് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ചൂട് അനുഭവപ്പെടുന്നത്. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലും കൂടുതല്‍ ചൂട് തന്നെയാണ് തുടരുന്നതെങ്കില്‍ വെള്ളത്തിന്റെ പ്രതിസന്ധി രൂക്ഷമാകാന്‍ സാധ്യതയുണ്ട്.


ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങള്‍ പൊതുവേ തണുപ്പുള്ളതായിരുന്നു. പക്ഷേ ഇപ്പോഴതില്ല. ഇതുപോലെ ഏതാനും വര്‍ഷങ്ങളായി കേരളത്തിന്റെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഈ കാലാവസ്ഥാ മാറ്റത്തിന് എന്തെങ്കിലും പ്രത്യേക കാരണങ്ങളുണ്ടോ.


ആഗോളതലത്തില്‍ തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണിത്. ചൂടായാലും തണുപ്പായാലും അതിന്റെ പരമാവധി അനുഭവപ്പെടുന്നു എന്നതാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി സംഭവിക്കുന്ന ഒരു പ്രധാന കാര്യം. ചൂടാണെങ്കില്‍ അതിന്റെ പരമാവധി. ഇനി തണുപ്പാണെങ്കില്‍ അതിന്റേയും. കേരളത്തെ സംബന്ധിച്ച് ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലെല്ലാം വലിയ ചൂടാണ് അനുഭവപ്പെടുന്നത്. ജനുവരി മുതല്‍ കാലാവസ്ഥ വകുപ്പിന്റെ സ്റ്റേഷനുകളിലെല്ലാം തന്നെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില, അവിടുത്തെ ദീര്‍ഘകാല ശരാശരിയേക്കാള്‍ വളരെക്കൂടുതലാണ്. രാത്രിയിലെ താപനില രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ കൂടുതലാണ്. നമുക്ക് ചൂട് വര്‍ധിക്കുമ്പോള്‍, ലോകത്ത് പല സ്ഥലത്തും തണുപ്പിന്റെ വര്‍ധനവും ഇതേഘട്ടത്തില്‍ ഉണ്ടാകുന്നു. ഭാവിയില്‍ നമുക്കും അത്തരത്തിലുള്ള മാറ്റങ്ങള്‍ വന്നേക്കാം. നിലവില്‍ പൊതുവായി നോക്കുമ്പോള്‍ നമ്മുടെ കുറഞ്ഞ താപനിലയും വര്‍ധിക്കുകയാണ്. തണുപ്പ് വരേണ്ട സമയത്ത് പക്ഷേ അങ്ങനെയല്ല വരുന്നത്. അത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല, പൊതുപ്രശ്നമാണ്.



പാലക്കാടും പുനലൂരും ഉള്‍പ്പെടെ കേരളത്തില്‍ ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന ചില സ്ഥലങ്ങള്‍ മുമ്പുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ഈ പട്ടിക വലുതായി വരികയാണ്. കോട്ടയത്തും കോഴിക്കോടുമെല്ലാം കടുത്ത ചൂട് അനുഭവപ്പെടുന്നു. ഇതൊരു പൊതുവിലുള്ള മാറ്റമാണോ.


നമ്മള്‍ പൊതുവില്‍ അങ്ങനെ തന്നെയാണ് അതിനെ കാണേണ്ടത്. ചൂട് കൂടുന്നതിനെക്കുറിച്ച് നമ്മള്‍ സംസാരിക്കുമ്പോള്‍, എല്ലാ പ്രദേശങ്ങളേയും ഒരുപോലെ അല്ല ഇത് ബാധിക്കുക. ആലപ്പുഴ ജില്ല ഉദാഹരണമായി എടുത്താല്‍, അവിടെ ചൂട് 37 ഡിഗ്രിയില്‍ എത്തുക എന്നത് പാലക്കാട് 42 ഡിഗ്രി എത്തുന്നത് പോലെ ഗൗരവകരമാണ്. ആലപ്പുഴ തീരദേശ ജില്ലയാണ്. സ്വാഭാവികമായും അവിടെ ഈർപ്പമുണ്ടാകും. അതുകൊണ്ട് അവിടെ 37 ഡിഗ്രി തന്നെ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും. അതേപോലെ ഒരു ഹില്‍ സ്റ്റേഷന്‍ നോക്കിയാല്‍ അവിടെ 33 ഡിഗ്രി തന്നെ ഗുരുതരമാണ്.


മുന്‍കാലങ്ങളില്‍ 40 ഡിഗ്രി സ്വാഭാവികമായി എത്തുന്ന സ്ഥലമാണ് പാലക്കാട്, പുനലൂര്‍ പോലെയുള്ള ഇടങ്ങള്‍. പശ്ചിമഘട്ടത്തിന്റെ വിടവുള്ള പ്രദേശങ്ങളായതിനാൽ തന്നെ അവിടെ ചൂട് കൂടുതലാണ്. പക്ഷേ, പാലക്കാട്ടെ ഒരാളെ സംബന്ധിച്ചിച്ച് ആ ചൂടുമായി അയാള്‍ പരിചിതനാണ്. കൃഷിയുള്‍പ്പെടെ അവരുടെ ജീവിതത്തിന്റെ രീതി അതുമായി ബന്ധപ്പെട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. ചൂട് അതില്‍നിന്ന് കൂടുമ്പോള്‍ അവരെ ബാധിക്കും. എന്നാൽ, സാധാരണ ചൂട് ഇല്ലാതിരുന്ന പ്രദേശത്ത് രണ്ട് ഡിഗ്രിയോ മൂന്ന് ഡിഗ്രിയോ ചൂട് കൂടുമ്പോള്‍ അതേപോലെ ആയിരിക്കില്ല കാര്യങ്ങൾ. പ്രത്യേകിച്ച് തീരപ്രദേശത്ത്. ഈർപ്പം ഉള്ളതിനാല്‍ ചൂട് ഉണ്ടാക്കുന്ന ഇംപാക്ട് വളരെ കൂടുതലാണ്. സാധാരണ ഒരു പ്രദേശത്ത് ഒരു ഡിഗ്രി താപനില വ്യത്യാസവും തീരദേശത്തെ ഒരു ഡിഗ്രി വ്യത്യാസവും രണ്ട് തരത്തിലാണ് ബാധിക്കുക. തീരമേഖലയില്‍ ഈർപ്പം ഉള്ളതിനാല്‍ ഒരു ഡിഗ്രി ചൂട് കൂടുമ്പോള്‍ നമ്മുടെ ശരീരത്തില്‍ അനുഭവപ്പെടുന്ന ചൂട് കൂടുതലായിരിക്കും.



വരണ്ടുണങ്ങിയ ഭൂമിയില്‍ തീറ്റ തേടുന്ന ഒരാട്ടിന്‍കുട്ടി | ഫോട്ടോ: മാതൃഭൂമി

മറ്റ് ഏതെല്ലാം സ്ഥലങ്ങളിലാണ് ചൂട് കൂടുതലായി അനുഭവപ്പെടുന്നത്, ഈ പട്ടികയില്‍ പുതിയ സ്ഥലങ്ങളുണ്ടോ.


കാലാവസ്ഥ വകുപ്പിന് 12 സ്റ്റേഷനുകളാണ് നിരീക്ഷണത്തിനുള്ളത്. ഈ സ്ഥലങ്ങളിലെ ചരിത്രപരമായ വിവരങ്ങളാണ് നമ്മുടെ കയ്യിലുള്ളത്. ഉദാഹരണം പറഞ്ഞാല്‍, പാലക്കാട് നഗരത്തിലാണ് 40 ഡിഗ്രി റെക്കോഡ് ചെയ്യുന്ന സ്റ്റേഷനുള്ളത്. പക്ഷേ, മുണ്ടൂര്‍ കുറച്ചുകൂടി ചൂട് കൂടിയ പ്രദേശമാണ്. നമുക്ക് ഇപ്പോഴും കിട്ടുന്ന വിവരം പാലക്കാട് നഗരത്തിലേതാണ്. മുണ്ടൂരും പാലക്കാടും തമ്മില്‍ ചൂടിന്റെ കാര്യത്തില്‍ വലിയ വൃത്യാസമുണ്ടെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. മുണ്ടൂരില്‍ സ്റ്റേഷനില്ലാത്തതിനാല്‍ വിവരം നമുക്ക് ലഭിക്കില്ല. മറ്റ് ചില ഏജന്‍സികളുടെ വിവരങ്ങള്‍ നമുക്ക് ലഭിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമേറ്റഡ് ദിനാവസ്ഥ മാപിനികള്‍ (Automated Weather Stations) വഴി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. മറ്റ് പല ഏജന്‍സികളില്‍ നിന്ന് താപനില വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. പക്ഷേ, പൂര്‍ണമായും ആശ്രയിക്കാവുന്ന വിവരമായിട്ടില്ല. എന്നാലും കൂടുതല്‍ പ്രദേശങ്ങളിലെ വിവരശേഖരണം നടത്തി വരുന്നു. അത് ലഭിക്കുന്നതോടെ നമ്മള്‍ സ്ഥിരമായി പറയുന്ന പ്രദേശങ്ങള്‍ക്ക് പുറമേ ഹോട്ട് സ്പോട്ടുകള്‍ ഉണ്ടാകാം. അത് പുതിയ ഹോട്ട് സ്പോട്ട് അല്ല. മുമ്പ് തന്നെ അവിടെ ചൂട് ഉണ്ടാ. അത് സംബന്ധിച്ച വിവരം നമ്മുടെ കൈയ്യില്‍ എത്തുന്നു എന്നത് കൊണ്ടാണ്.


സംസ്ഥാനത്ത് ഇപ്പോള്‍ 37 ഡിഗ്രി വരെ താപനില അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ടുമുതല്‍ രണ്ടര ഡിഗ്രി വരെ ശരാശരി താപനിലയില്‍ വര്‍ധനയുണ്ട്. ഏതെല്ലാം തരത്തിലാണ് ചൂടിന്റെ ഈ വര്‍ധനവ് നമ്മളെ ബാധിക്കുക.


താപനില ഉയരുന്നത് നമ്മുടെ എല്ലാ മേഖലകളേയും ബാധിക്കുന്ന വിഷയമാണ്. പക്ഷേ നമ്മുടെ പ്രഥമ ആശങ്ക ആരോഗ്യകാര്യത്തില്‍ തന്നെയാണ്. നമ്മുടെ ആരോഗ്യത്തെ ഇത് വലിയ തോതില്‍ ബാധിക്കും. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇത് സൃഷ്ടിക്കും. സൂര്യാഘാതവും സൂര്യാതപവും നമുക്ക് ഉണ്ടാകാം. സൂര്യാഘാതം ആളുകളെ മരണത്തിലേക്ക് നയിക്കുന്ന വളരെ ഗൗരവമായ പ്രശ്നമാണ്. അടുത്തകാലം വരെ നമ്മള്‍ ഗൗരവമായി അതിനെ ചിന്തിച്ചിരുന്നില്ല. യൂറോപ്പില്‍ ഉഷ്ണതാപം കാരണം പതിനായിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ തന്നെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പല തരത്തിലുള്ള ചൂടുമായി ബന്ധപ്പെട്ട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരുപക്ഷേ സൂര്യാഘാതംമൂലം നമ്മുടെ നാട്ടിലും മരണങ്ങള്‍ സംഭവിക്കുന്നുണ്ടാകാം. പക്ഷേ നമ്മുടെ നാട്ടില്‍ റിപ്പോര്‍ട്ടിങ്ങിലൊക്കെ ചില പ്രശ്നങ്ങളുണ്ട്. ഇക്കാര്യത്തില്‍ നമ്മള്‍ കൃത്യമായ വിവരം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അത് ആരോഗ്യപ്രശ്നം എന്ന നിലയില്‍ വലിയ പ്രശ്നമുണ്ടാക്കും.


സൂര്യാതപം മൂലം പൊള്ളലേല്‍ക്കാന്‍ സാധ്യതയുണ്ട്. അതിന്റെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് മറ്റ് പല തരത്തിലും കോ മോര്‍ബിഡിറ്റിയായി സംഭവിക്കാന്‍ സാധ്യതയുണ്ട്. ചൂട് എല്ലാ മേഖലയിലുമുള്ള നമ്മുടെ ഉത്പാദനക്ഷമതയെ വലിയ തോതില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. നമ്മുടെ ശരീരത്തെയും ആരോഗ്യത്തേയും മാനസികാരോര്യത്തേയും ബാധിക്കാം. നമ്മുടെ കാര്‍ഷിക മേഖലയെ വലിയ തോതില്‍ ബാധിക്കും. കൃഷി പാറ്റേണില്‍ മാറ്റം വരും. ലോകത്ത് എല്ലായിടത്തും കാര്‍ഷിക മേഖയില്‍ പ്രശ്നങ്ങളുണ്ട് പക്ഷേ നമുക്ക് മുന്‍പരിചയമില്ലാത്തതിനാല്‍ നമ്മളെ ഇത് വേഗത്തില്‍ ബാധിക്കും. നമ്മുടെ അഗ്രിക്കള്‍ച്ചര്‍ സൈക്കിളിനെ തന്നെ ബാധിക്കും. 

മാര്‍ച്ചില്‍ തുടങ്ങേണ്ട ചൂട് ജനുവരിയില്‍ തന്നെ തുടങ്ങുകയാണ്. വളര്‍ത്തുമൃഗങ്ങളെ ബാധിക്കും, ക്ഷീരമേഖലക്ക് വെല്ലുവിളിയാണ്. പവര്‍ സെക്ടറിനെ നേരിട്ട് ബാധിക്കും. എല്ലാ മേഖലകളേയും ഈ താപവ്യത്യാസം ബാധിക്കും. നമ്മുടെ ജീവിതരീതിയില്‍ തന്നെ ഇംപാക്ട് ഉണ്ടാക്കും.


 -അഖില്‍ ശിവാനന്ദ്

akhilsivanand@mpp.co.in

മാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്ർ


 

courtesy: mathrubhumi

Laureal middle 4
ayur
ayur
samudra2
ayur
BOBY
laureal

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

mannan bottom 3
samudra bottom 5
Nethralaya bottom 6
jiTHESHji
Thankachan Vaidyar 2
MANNAN LARGE
MANNAN
AYUSH
samudra3
ayur
BOBY
laureal